തിരുവനന്തപുരം: എമ്പുരാൻ സിനിമ സംബന്ധിച്ച വിവാദത്തില്‍ പൃഥ്വിരാജിന് പിന്തുണ ആവര്‍ത്തിച്ച് നിര്‍മ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. പൃഥ്വിയെ മാത്രം ക്രൂശിക്കാൻ ശ്രമം നടക്കുന്നുണ്ട്. ബോധപൂർവ്വം വിവാദം ഉണ്ടാക്കാൻ പൃഥ്വി ശ്രമിച്ചിട്ടില്ല. നടക്കുന്നത് അനാവശ്യ വിവാദങ്ങളാണ്, പലരും പലതും പറയുകയും അത് വാര്‍ത്തയാകുകയും ചെയ്യുന്നു. എന്നാല്‍ വിവാദങ്ങള്‍ക്ക് അപ്പുറം എമ്പുരാൻ നേടുന്നത് വൻ കളക്ഷനാണെന്ന് ലിസ്റ്റിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തിരുവനന്തപുരത്ത് തന്‍റെ പുതിയ ചിത്രത്തിന്‍റെ പൂജയ്ക്ക് എത്തിയതായിരുന്നു ലിസ്റ്റിൻ. പല സിനിമകളിലും പല പ്രശ്നങ്ങളും ഉണ്ടാകും. ഞാന്‍ കടുവയും, വിമാനവും ചെയ്തപ്പോള്‍ ഇത്തരം പ്രശ്നം ഉണ്ടായിട്ടുണ്ട്. ഞാന്‍ ഒരു രാഷ്ട്രീയക്കാരനല്ല സിനിമയെ സ്നേഹിക്കുന്ന നിര്‍മ്മാതാവാണ്. ആന്‍റണി പെരുമ്പാവൂരിന് പകരം ഞാന്‍ നിര്‍മ്മിച്ചാലും ഇതേ പ്രശ്നങ്ങള്‍ ഉണ്ടായേക്കും.
എല്ലാവര്‍ക്കും അഭിപ്രായ സ്വതന്ത്ര്യമുള്ള കാലമാണ് പലരും പറയുന്നതും വലിയ വാര്‍ത്തകളായി വരുകയാണ്. ആദ്യത്തെ നാല് ദിവസം ഞാന്‍ പോലും ഒരു ഫേസ്ബുക്ക് പോസ്റ്റി ഇട്ടിരുന്നില്ല. എന്തോ എവിടെയൊക്കയോ നടക്കുന്നു എനിക്ക് യാതൊരു പിടിയും ഇല്ലായിരുന്നു. ഞാന്‍ തന്നെ പൃഥ്വിരാജിനോട് ചോദിച്ചു. എന്താണ് സംഭവിക്കുന്നത് എന്ന്.
അപ്പോള്‍ രാജു ആകെ മൂഡ് ഓഫായിരുന്നു. ഇത്തരം പ്രശ്നം വരണം എന്ന് വിചാരിച്ച് അല്ലല്ലോ സിനിമയെ സമീപിച്ചിരിക്കുന്നത്. സിനിമ എടുത്ത ശേഷം അതിന്‍റെ സംവിധായകന്‍ മാത്രം ക്രൂശിക്കപ്പെടുന്നതൊന്നും സ്വീകാര്യമായ കാര്യമല്ല. ചിത്രത്തിന്‍റെ കഥ എല്ലാവരും കേട്ടിട്ടുണ്ട്. ഇത്തരം ഒരു പ്രശ്നം വരുമെന്ന് അറിഞ്ഞാല്‍ അത് ആദ്യമേ ഒഴിവാക്കില്ലെ.
പൃഥ്വിരാജിനെ മാത്രം ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കം നടത്തുന്നുണ്ട്. അത് ശരിയല്ല സിനിമ കുടുംബത്തില്‍ നിന്നും വന്ന, അന്യഭാഷയില്‍ അടക്കം ചിത്രങ്ങള്‍ ചെയ്യുന്ന പൃഥ്വിയെക്കുറിച്ച് മുന്‍പ് പരാതി വന്നില്ലല്ലോ. ഇപ്പോള്‍ ഈ വിഷയത്തില്‍ അല്ലെ പരാതി അത് ആ വിഷയമാണ്, അല്ലാതെ സംവിധായകന്‍ അല്ല.