വിദ്യാര്‍ത്ഥിനിയുടെ അച്ഛനുമായി ബന്ധം, ഭീഷണിപ്പെടുത്തി പണം തട്ടല്‍; പ്രീ-സ്കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍
ബെംഗളൂരു: അഞ്ചുവയസുകാരിയായ വിദ്യാര്‍ത്ഥിനിയുടെ പിതാവില്‍ നിന്ന് പണം തട്ടിയ കേസില്‍ പ്രീ-സ്കൂള്‍ പ്രിന്‍സിപ്പലും സഹായികളും അറസ്റ്റില്‍. ശ്രീദേവി റുഡാഗി എന്ന അധ്യാപികയും സഹായികളായ ഗണേഷ് കാലെ (38) സാഗര്‍ (28) എന്നിവരുമാണ് അറസ്റ്റിലായത്. ശ്രീദേവിയും വിദ്യാര്‍ത്ഥിനിയുടെ പിതാവും പ്രണയത്തിലായിരുന്നെന്നും ഇയാളില്‍ നിന്നും പലപ്പോഴായി ശ്രീദേവി പണം കൈപ്പറ്റിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
മകളെ സ്കൂളില്‍ ചേര്‍ത്തതിന് പിന്നാലെയാണ് അവിടെ പ്രിന്‍സിപ്പലായ ശ്രീദേവിയുമായി യുവാവ് ബന്ധത്തിലാവുന്നത്. ശ്രീദേവിയുമായുള്ള ബന്ധം നിലനിര്‍ത്തുന്നതിന് മാത്രമായി ഇയാള്‍ ഒരു സിം കാര്‍ഡും ഫോണും വാങ്ങിയിരുന്നു. വാട്സാപ് വീഡിയോ കോള്‍ വഴിയും മെസേജ് വഴിയുമാണ് ഇവര്‍ സംസാരിച്ചിരുന്നത്. പലപ്പോഴായി ഇരുവരും നേരില്‍ കണ്ടിട്ടുണ്ടെന്നും പൊലീസ് പറയുന്നു. 4 ലക്ഷം രൂപ യുവാവില്‍ നിന്ന് ശ്രീദേവി വാങ്ങിയിട്ടുണ്ട്. പിന്നീട് ഒരുമിച്ച് താമസിക്കാമെന്നും 15 ലക്ഷം രൂപ വേണമെന്നും ശ്രീദേവി യുവാവിനോട് പറഞ്ഞു. വീട്ടില്‍ ഇയാളുടെ ഭാര്യയും കുട്ടികളും ഇല്ലാത്ത സമയത്ത് എത്തുകയും 50,000 രൂപ കടമായി കൈപ്പറ്റുകയും ചെയ്തു. ഇതിന് ശേഷമാണ് ഇരുവരും തമ്മിലുള്ള ബന്ധം പുറത്തുപറയും എന്ന് ശ്രീദേവി യുവാവിനെ ഭീഷണിപ്പെടുത്താന്‍ ആരംഭിച്ചത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ യുവാവ് കുടുംബത്തോടൊപ്പം ഗുജറാത്തിലേക്ക് താമസം മാറാനും മകളുടെ ടിസി വാങ്ങാനും തീരുമാനിച്ചു. തുടര്‍ന്നാണ് ശ്രീദേവിയുമായുള്ള യുവാവിന്‍റെ ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി ഗണേഷ് കാലെയും സാഗറും ഇയാളെ ഭീഷണിപ്പെടുത്തുന്നത്. ഇവര്‍ 20 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. 15 ലക്ഷം രൂപ നല്‍കാമെന്ന് യുവാവ് സമ്മതിച്ചു. ആദ്യം 1.9 ലക്ഷം രൂപ ഇവര്‍ക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ ബാക്കി പണം എത്രയും പെട്ടന്ന് നല്‍കണം എന്ന് ആവശ്യപ്പെട്ട് പ്രതികള്‍ യുവാവിനെ തുടര്‍ച്ചയായി പീഡിപ്പിച്ചു. ഭീഷണി കൂടിവന്നതോടെയാണ് യുവാവ് പൊലീസിനെ സമീപിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ അറസ്റ്റിലായി.