വഖഫ് ബിൽ: മുനമ്പം പ്രശ്നത്തിന് പരിഹാരമാകുമെന്ന് മന്ത്രി കിരൺ റിജിജു; ബില്ലിനെ പിന്തുണച്ച് ടിഡിപിയും ജെഡിയുവും

ദില്ലി: വഖഫ് ബില്ല് വന്നാൽ മുനമ്പത്തെ പ്രശ്നത്തിന് പരിഹാരമാകുമെന്ന് മന്ത്രി കിരൺ റിജിജു. അറുനൂറിലധികം പേരുടെ ഭൂമിയിൽ  വഖഫ് ബോർഡ് അവകാശം ഉന്നയിച്ചിരിക്കുകയാണ്. നിയമ ഭേദഗതി യാഥാർത്ഥ്യമാകുന്നതോടെ ഭൂമി തിരിച്ചെടുക്കാനാകുമെന്നും റിജിജു പറഞ്ഞു. 

വഖഫ് ബില്ലിന് ലോക്സഭയിൽ പിന്തുണയറിയിച്ച് ടിഡിപിയും ജെ​ഡിയുവും രം​ഗത്തെത്തി. മുസ്ലീം ക്ഷേമത്തിനായി വഖഫ് ബില്ലിനെ പിന്തുണക്കുന്നുവെന്ന് ടിഡിപി പറഞ്ഞു. വഖഫ് ബോർഡുകളിലെ നിയമനങ്ങളിലടക്കം സംസ്ഥാന സർക്കാരുകൾക്ക് കൂടുതൽ അവകാശം നൽകണമെന്നും ടിഡിപി അംഗം കൃഷ്ണ പ്രസാദ് വ്യക്തമാക്കി. 

മുസ്ലീം ക്ഷേമത്തിനാണ് വഖഫ് നിയമമെന്ന് ജെ‍ഡിയു എംപിയും മന്ത്രിയുമായ ലലൻസിം​ഗ് പറഞ്ഞു. രാജ്യത്ത് മതേതരത്വം പുലരണമെന്ന് ഏറ്റവുമധികം ആ​ഗ്രഹിക്കുന്നയാളാണ് മോദി. നിതീഷ് കുമാറിനും ജെഡിയുവിനും പ്രതിപക്ഷത്തിന്റെ സർട്ടിഫിക്കറ്റ് വേണ്ട. ഈ രാജ്യത്തെ പാർശ്വവത്ക്കരിക്കപ്പെട്ട മുസ്ലീങ്ങൾ മോദിക്കൊപ്പം നിൽക്കുമെന്നും ലലൻസിം​ഗ് കൂട്ടിച്ചേർത്തു. 

By admin