ലോകമാകെ നികുതി ചുമത്തിയപ്പോഴും കാനഡയെയും മെക്സിക്കോയെയും ഒഴിവാക്കി ട്രംപ്, കാരണമിത് 

വാഷിങ്ടൺ: അധിക താരിഫ് ചുമത്തുന്നതിൽ നിന്ന് കാനഡയെയും മെക്സിക്കോയെയും ഒഴിവാക്കി ഡോണൾ‍ഡ് ട്രംപ്. ഇരുരാജ്യങ്ങളുമായി വ്യാപാര വിഷയത്തിൽ കടുത്ത അതൃപ്തി നിലനിൽക്കെയാണ് അധിക താരിഫിൽ നിന്നൊഴിവാക്കിയത്. കാനഡയുമായി പലപ്പോഴും ട്രംപ് നേരിട്ട് ഏറ്റുമുട്ടി. ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് (IEEPA) പ്രകാരം നിലവിലുള്ള കരാറുകൾ കാരണമാണ്  കാനഡയെയും മെക്സിക്കോയെയും അധിക താരിഫുകളിൽ നിന്ന് ഒഴിവാക്കിയതെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം. ഫെന്റനൈൽ, കുടിയേറ്റം എന്നിവയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക അധികാര നിയമ (IEEPA) പ്രകാരം നിലവിലുള്ള ഓർഡറുകൾ കാരണം കാനഡയ്ക്കും മെക്സിക്കോയ്ക്കും പുതിയ താരിഫ് ബാധകമാകില്ലെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.

പുതിയ ഘടന പ്രകാരം, കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നുമുള്ള യുഎസ്എംസിഎ അനുസരിച്ചുള്ള ഇറക്കുമതി തീരുവ രഹിതമായി തുടരും, അതേസമയം യുഎസ്എംസിഎയിൽപ്പെടാത്ത ഇറക്കുമതികൾക്ക് 25% താരിഫ് നേരിടേണ്ടിവരും. ഊർജ്ജ, പൊട്ടാഷ് ഇറക്കുമതികൾക്ക് 10% നികുതി ചുമത്തുമെന്നും ഐഇഇപിഎ ഓർഡറുകൾ പിൻവലിച്ചാൽ, കരാറിന് പുറത്തുള്ള ഇറക്കുമതിക്ക് 12% താരിഫ് മാത്രമേ ബാധകമാകൂവെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. താരിഫുകളെ സാമ്പത്തികവും ഭൗമരാഷ്ട്രീയവുമായ ഉപകരണമായി ഉപയോഗിക്കാനുള്ള ട്രംപിന്റെ നീക്കമാണ് തീരുമാനത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ.

കാനഡയെ അടിസ്ഥാന താരിഫിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. യുഎസ് കാനഡയ്ക്ക് പ്രതിവർഷം 200 ബില്യൺ ഡോളർ സബ്‌സിഡി നൽകുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു. വിദേശ നിർമ്മിതമായ ഓട്ടോമൊബൈലുകൾക്കും പ്രത്യേക 25% താരിഫ് പ്രഖ്യാപിച്ചത് കനേഡിയൻ ഓട്ടോ വ്യവസായത്തിന് കനത്ത തിരിച്ചടിയായിരുന്നു. കനേഡിയൻ-അസംബിൾ ചെയ്ത വാഹനങ്ങളിലെ യുഎസ് ഇതര ഉപകരണങ്ങൾക്ക് മാത്രമേ ബാധകമാകൂവെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
 

By admin