രാജസ്ഥാന് തലവേദനയായി യുവതാരത്തിന്റെ മോശം പ്രകടനം; ഇനി ഫോമായില്ലെങ്കിൽ പണി പാളും
ഐപിഎല്ലിൽ ഏറെ ആരാധകരുള്ള ടീമാണ് രാജസ്ഥാൻ റോയൽസ്. സഞ്ജു സാംസൺ നയിക്കുന്ന ടീമായതിനാൽ തന്നെ മലയാളികൾക്ക് രാജസ്ഥാനോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. ഐപിഎല്ലിന്റെ 15-ാം സീസണിൽ രാജസ്ഥാനെ സഞ്ജു ഫൈനലിലേയ്ക്ക് നയിക്കുകയും ചെയ്തിരുന്നു.
ഈ സീസണിൽ വളരെ മോശം തുടക്കമായിരുന്നു രാജസ്ഥാന്റേത്. ആദ്യത്തെ രണ്ട് മത്സരങ്ങളിലും പരാജയം ഏറ്റുവാങ്ങിയ രാജസ്ഥാന്‍ മൂന്നാം മത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ പരാജയപ്പെടുത്തിയാണ് അക്കൗണ്ട് തുറന്നത്. വിരലിന് പരിക്കേറ്റ സഞ്ജുവിന് ആദ്യ മൂന്ന് മത്സരങ്ങളിൽ ബാറ്ററുടെ റോൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സഞ്ജുവിന്റെ അഭാവത്തിൽ റിയാൻ പരാഗാണ് രാജസ്ഥാനെ നയിച്ചത്. മുന്നിൽ നിന്ന് നയിക്കേണ്ട പരാഗ് ക്യാപ്റ്റൻസിയിലും ബാറ്റിംഗിലും ശോഭിച്ചില്ല. ഇതിന് പുറമെ കഴിഞ്ഞ സീസണുകളിൽ മികച്ച പ്രകടനം പുറത്തെടുത്ത ജോസ് ബട്ലര്‍, ട്രെന്റ് ബോൾട്ട് തുടങ്ങിയ താരങ്ങളെ റിലീസ് ചെയ്തത് ഉൾപ്പെടെ പല കാരണങ്ങളും രാജസ്ഥാനെ പിന്നോട്ടടിച്ചു.
ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്റെ മോശം ഫോമാണ് രാജസ്ഥാന് പ്രധാനമായും തലവേദനയാകുന്നത്. മൂന്ന് മത്സരങ്ങളിൽ നിന്ന് വെറും 34 റൺസാണ് ജെയ്സ്വാളിന്റെ സമ്പാദ്യം. ആദ്യ മത്സരത്തിൽ 287 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാനെ 5 പന്തിൽ 1 റൺസ് നേടി പുറത്തായ ജെയ്സ്വാൾ തുടക്കത്തിലേ സമ്മര്‍ദ്ദത്തിലാക്കി. രണ്ടാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 24 പന്തുകൾ നേരിട്ട ജെയ്സ്വാൾ നേടിയത് 29 റൺസ്. മൂന്നാം മത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 3 പന്തിൽ 4 റൺസ് മാത്രം നേടിയ ജെയ്സ്വാൾ വീണ്ടും നിരാശപ്പെടുത്തി.
ഐപിഎല്ലിൽ ഇത്തവണ 18 കോടി രൂപയ്ക്ക് രാജസ്ഥാൻ നിലനിര്‍ത്തിയ താരമാണ് ജെയ്സ്വാൾ. തകര്‍ത്തടിക്കാറുള്ള ജെയ്സ്വാളിന്റെ ബാറ്റിൽ നിന്ന് റൺസ് പിറക്കാത്തത് രാജസ്ഥാന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഈ മാസം 5-ാം തീയതി പഞ്ചാബ് കിംഗ്സിനെതിരെയാണ് രാജസ്ഥാന്‍റെ അടുത്ത മത്സരം. ഈ മത്സരത്തിൽ ഫോമിലേയ്ക്ക് ഉയരാൻ സാധിച്ചില്ലെങ്കിൽ ജെയ്സ്വാളിന്റെ ടീമിലെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെട്ടേക്കാം. നായകസ്ഥാനത്തേയ്ക്ക് സഞ്ജു തിരിച്ചുവരികയും ജെയ്സ്വാൾ ഫോമിലേയ്ക്ക് ഉയരുകയും ചെയ്യുന്നത് കാണാൻ കാത്തിരിക്കുകയാണ് രാജസ്ഥാൻ ആരാധകര്‍.
READ MORE: ഇത് അയാളുടെ കാലമല്ലേ..! ഐപിഎൽ ക്യാപ്റ്റൻസിയിൽ സാക്ഷാൽ ധോണിയുടെ നേട്ടം മറികടന്ന് ശ്രേയസ് അയ്യര്‍