മോഷണവും വ്യാജ വാറ്റുമടക്കം നിരവധി കേസിൽ പ്രതി; കള്ള് ഷാപ്പിലെ കുപ്പി പൊട്ടിച്ച് യുവാവിനെ കുത്തി, അറസ്റ്റിൽ
മാന്നാർ: ആലപ്പുഴ ജില്ലയിലെ മാന്നാറിൽ കള്ള് ഷാപ്പിലുണ്ടായ സംഘർഷത്തിൽ യുവാവിന് കുത്തേറ്റു. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യക്കുപ്പി പൊട്ടിച്ച് യുവാവിനെ കുത്തിയ പ്രതി അറസ്റ്റിൽ. മാന്നാർ മുല്ലശ്ശേരിക്കടവ് റാന്നി പറമ്പിൽ പീറ്റർ (35)നാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മാന്നാർ വിഷവർശ്ശേരിക്കര അമ്പഴത്തറ വടക്കേതിൽ അനുവിനെ (അനു സുധൻ-44) മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു.
മോഷണം, വ്യാജ വാറ്റ്, അടിപിടി തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ അനു സുധനെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി 9 മണിയോടെ മാന്നാർ തട്ടാരമ്പലം റോഡിൽ സ്ഥിതിചെയ്യുന്ന കള്ള് ഷാപ്പിലാണ് സംഭവം. പ്രതി സുധനും മറ്റൊരാളുമായി ഉണ്ടായ സംഘർഷത്തിനിടയിൽ പിടിച്ചുമാറ്റാൻ എത്തിയ പീറ്ററിനെ പ്രതി മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തിന് കുത്താൻ ശ്രമിക്കുകയും ഇത് തടയുന്നതിനിടയിൽ വലതു കൈക്ക് മാരകമായി മുറിവേൽക്കുകയും ആയിരുന്നു.
പരുക്കേറ്റ പീറ്ററിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. മാന്നാർ പൊലീസ് ഇൻസ്പെക്ടർ രജീഷ് കുമാറിന്റെ നിര്‍ദേശപ്രകാരം എസ്ഐ അഭിരാം സി എസ് ന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read More : പ്രണയം നടിച്ചും വിവാഹ വാഗ്ദാനം നൽകിയും യുവതിയെ ഒരു വർഷത്തോളം പീഡിപ്പിച്ചു; പ്രതിക്ക് 10 വർഷം കഠിന തടവ്