മൂന്ന് കളികളില്‍ രണ്ടാം തോല്‍വി, ബാറ്റിംഗിലും നിരാശ; റിഷഭ് പന്തിനെ ഉപദേശിച്ച് ടീം ഉടമ സഞ്ജീവ് ഗോയങ്ക

ലക്നൗ: ഐപിഎല്ലില്‍ മൂന്ന് കളികളില്‍ രണ്ടാം തോല്‍വി വഴങ്ങിയതിന് പിന്നാലെ ലക്നൗ സൂപ്പര്‍ ജയന്‍റ്സ് നായകന്‍ റിഷഭ് പന്തിന് ഉപദേശവുമായി ടീം ഉടമ സഞ്ജീവ് ഗോയങ്ക. ഇന്നലെ പഞ്ചാബ് കിംഗ്സിനെതിരായ മത്സരശേഷം സഞ്ജീവ് ഗോയങ്ക റിഷഭ് പന്തിനോട് ഗ്രൗണ്ടില്‍ ദീര്‍ഘനേരം സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സഞ്ജീവ് ഗോയങ്ക സംസാരിക്കുമ്പോള്‍ തലകുനിച്ചു നില്‍ക്കുന്ന റിഷഭ് പന്തിനെയും ദൃശ്യങ്ങളില്‍ കാണാം.

രണ്ട് കളികള്‍ തോറ്റതിന് പുറമെ ബാറ്ററെന്ന നിലയിലും റിഷഭ് പന്ത് നിരാശപ്പെടുത്തിയിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ആദ്യ മത്സരത്തില്‍ ആറ് പന്ത് നേരിട്ട് റണ്ണെടുക്കാതെ പുറത്തായ പന്ത് രണ്ടാം മത്സരത്തില്‍ ഹൈദരാബാദിനെതിരെ 15 പന്തില്‍ 15 റണ്‍സെടുത്ത് പുറത്തായി. ഇന്നലെ പഞ്ചാബ് കിംഗ്സിനെതിരെ അഞ്ച് പന്തില്‍ രണ്ട് റണ്‍സ് മാത്രമെടുക്കാനെ റിഷഭ് പന്തിനായുള്ളു.

അർജുന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് പിന്നാലെ യശസ്വി ജയ്സ്വാളും മുംബൈ വിടുന്നു; അടുത്ത സീസണില്‍ ഗോവയിലേക്ക്

ഐപിഎല്‍ താരലേലത്തിലെ സര്‍വകാല റെക്കോര്‍ഡായ 27 കോടി രൂപ മുടക്കിയാണ് ലക്നൗ ഡല്‍ഹി ക്യാപിറ്റല്‍സില്‍ നിന്ന് റിഷഭ് പന്തിനെ ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ ഹൈദരാബാദിനെതിരായ മത്സരത്തില്‍ ലക്നൗ ടീം ദയനീയ തോല്‍വി വഴങ്ങിയതിന് പിന്നാലെ നായകനായിരുന്ന കെ എല്‍ രാഹുലിനെ സഞ്ജീവ് ഗോയങ്ക ഗ്രൗണ്ടില്‍വെച്ച് പരസ്യമായി ശകാരിച്ചത് വിവാദമായിരുന്നു. ഈ സീസണില്‍ രാഹുല്‍ ടീം വിട്ട് ഡല്‍ഹി ക്യാപിറ്റല്‍സില്‍ ചേരുകയും ചെയ്തു.

ആദ്യ മത്സരത്തില്‍ തോറ്റതിന് പിന്നാലെ രണ്ടാം മത്സരത്തില്‍ ജയിച്ചതോടെ സഞ്ജീവ് ഗോയങ്ക ഡ്രസ്സിംഗ് റൂമിലെത്തി കളിക്കാരെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. ഐപിഎല്ലില്‍ മൂന്ന് കളികളില്‍ രണ്ട് തോല്‍വി വഴങ്ങിയെങ്കിലും നെറ്റ് റണ്‍ റേറ്റിന്‍റെ ബലത്തില്‍ പോയന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് ലക്നൗ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin