മുംബൈക്ക് വേണം ആ പഴയ രോഹിതിനെ, ഹിറ്റ്മാൻ തിരിച്ചുവരുമോ?
മുംബൈ ഇന്ത്യൻസ് ആരാധകര്‍ കഴിഞ്ഞ ദിവസം പ്രതീക്ഷയിലായിരുന്നു. പന്തുകള്‍ അനായാസം ഗ്യാലറിയിലേക്ക് തൊടുക്കുന്ന, പുള്‍ ഷോട്ടുകളുടെ തമ്പുരാനെ കാണാൻ അവര്‍ കൊതിച്ചു. സ്കോര്‍ബോര്‍ഡിന്റെ സമ്മര്‍ദമില്ലായിരുന്നു, വിക്കറ്റില്‍ ഭൂതങ്ങളും. പക്ഷേ, മൂന്നാമങ്കത്തിലും പരാജയം. ഇത്തവണയും പവര്‍പ്ലെ താണ്ടിയില്ല. മൂന്ന് ഇന്നിങ്സുകള്‍ക്കൊണ്ട് വിലയിരുത്തേണ്ടതാണോ രോഹിത് ശര്‍മയെ? കാലത്തെയും പണ്ഡിതന്മാരുടെ വാക്കിനേയും എത്ര തവണ അയാള്‍ തെറ്റിച്ചിരിക്കുന്നു.
രോഹിത് ശർമ പരാജയപ്പെടുമ്പോഴെല്ലാം വിരമിക്കല്‍ സമയമായി എന്ന വാചകം കഴിഞ്ഞ ഒരു വർഷത്തോളമായി ഉയർന്ന് കേള്‍ക്കാറുണ്ട്. ആന്ദ്രെ റസലിനെ ബൗണ്ടറി കടത്താനുള്ള ശ്രമത്തിനിടെയായിരുന്നു കൊല്‍ക്കത്തയ്ക്ക് എതിരെ രോഹിത് വീണത്. പക്ഷേ, അതിന് മുൻപ് വരുണ്‍ ചക്രവര്‍ത്തിയുടെ പന്തുകള്‍ പിക്ക് ചെയ്യുന്നതില്‍ പലതവണ രോഹിത് പരാജയപ്പെടുന്നതുകണ്ടു. ഹര്‍ഷിത് റാണയുടെ ആദ്യ പന്ത് ഓര്‍മിപ്പിച്ചത് മുഹമ്മദ് സിറാജിന്റെ പന്തില്‍ ബൗള്‍ഡായ നിമിഷമായിരുന്നു.
ഫ്രീ ഹിറ്റിന്റെ ആനുകൂല്യത്തില്‍ ലഭിച്ച സിക്സ് മാറ്റിനിര്‍ത്തിയാല്‍ പേരിനൊത്ത ഷോട്ടുകള്‍ നിഴല്‍മാത്രമായി. കഴിഞ്ഞ കുറച്ച് ഐപിഎല്‍ സീസണുകളുടെ തുടര്‍ച്ചയായി തന്നെ ഇതും കാണാം. 2020 മുതലുള്ള രോഹിതിന്റെ സ്റ്റാറ്റ്സ് പരിശോധിക്കുമ്പോള്‍ 2024ല്‍ മാത്രമാണ് ആകെ റണ്‍സ് 400 കടന്നത്. ഐപിഎല്‍ ചരിത്രത്തിലാദ്യമായി രോഹിത് സ്ട്രൈക്ക് റേറ്റ് ഒരു സീസണില്‍ 150 തൊട്ടതും 2024ല്‍. 2022ലും 2023ലും ശരാശരി യഥാക്രമം 19.14ഉം, 20.75ഉം ആണ്.
ഓപ്പണിങ് ബാറ്ററായ രോഹിതിന് കഴിഞ്ഞ അഞ്ച് സീസണുകളില്‍ നേടാനായത് ഏഴ് അര്‍ദ്ധ സെഞ്ചുറികളും ഒരു സെഞ്ചുറിയും. മുംബൈക്ക് എന്തുകൊണ്ട് ഒരു മികച്ച തുടക്കമുണ്ടാകുന്നില്ല എന്നതിനുള്ള ഉത്തരമാണ് രോഹിതിന്റെ പ്രകടനങ്ങള്‍. 2023 വരെ നായകന്റെ കുപ്പായം രോഹിത് അണിഞ്ഞിരുന്നു. എന്നാല്‍, ഇപ്പോള്‍ അത്തരമൊരു കവചം രോഹിതിനില്ല. ഒരു ബാറ്റര്‍ എന്നത് മാത്രമാണ് രോഹിതിന്റെ സ്ഥാനം. അതുകൊണ്ട് രോഹിതിന്റെ ബാറ്റിന് ഏറെക്കാലം നിശബ്ദത നടിക്കാനാകില്ലെന്ന് വേണം കരുതാൻ.
2024 ഐപിഎല്‍ താരലേലത്തിന് മുൻപ് തന്നെ രോഹിതിനെ മുംബൈ നിലനിര്‍ത്താൻ സാധ്യത ഇല്ലെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. പക്ഷേ, മുംബൈ 16 കോടി മുടക്കി രോഹിതിനെ നിലനിര്‍ത്തി. താരത്തെ ഒഴിവാക്കിയാല്‍ മുംബൈ ആരാധകരുടെ പ്രതികരണം എപ്രകാരമായിരിക്കുമെന്നത് കഴിഞ്ഞ സീസണ്‍ തെളിയിച്ചതാണ്. ആരാധകരേയും ടീമിനേയും രണ്ട് തട്ടിലാക്കാൻ മുംബൈ ഇനി ആഗ്രഹിക്കുന്നുണ്ടാകില്ല.
16 കോടി മുടക്കി മുംബൈ വിശ്വാസമര്‍പ്പിച്ച രോഹിത് സീസണില്‍ ഇതുവരെ നേരിട്ടത് 20 പന്തുകളാണ്, നേടിയത് 21 റണ്‍സും. ചെന്നൈക്കെതിരായ ആദ്യ മത്സരത്തിലും കൊല്‍ക്കത്തയ്ക്കെതിരെയും ഇംപാക്ട് സബ്ബായി മാറി. ഒരു ബാറ്ററിനപ്പുറം രോഹിതിന്റെ പരിചയസമ്പത്ത് ഉപയോഗിക്കാൻ മുംബൈ തയാറായത് ഗുജറാത്തിനെതിരെ മാത്രമായിരുന്നു. ഇനിയുള്ള മത്സരങ്ങളില്‍ രോഹിതിനെ എപ്രകാരം ടീം ഉപയോഗിക്കുമെന്നതില്‍ കൗതുകം നല്‍കുന്നതാണ് ഈ നീക്കങ്ങള്‍.
മോശം ഫോമില്‍ തുടരുന്ന രോഹിത് റിക്കി പോണ്ടിങ്ങിന്റെ പാത പിന്തുടരണമെന്നാണ് ഒരു കൂട്ടത്തിന്റെ ആവശ്യം. മുംബൈ നായകനായിരിക്കെ സ്വയം മാറി നിന്ന താരമാണ് പോണ്ടിങ്. അത്തരമൊരു സാഹചര്യത്തിലൂടെയല്ല രോഹിത് കടന്നുപോകുന്നത്. ചാമ്പ്യൻസ് ട്രോഫിയുടെ ആദ്യ ഘട്ടത്തില്‍ ലഭിച്ച തുടക്കങ്ങള്‍ ഉപയോഗിക്കാനാകാതെ പോയതിന്റെ ക്ഷീണം രോഹിത് തീര്‍ത്തത് ഫൈനലിലായിരുന്നു. ഇന്ത്യയുടെ വിജയത്തിന് ശേഷം പോണ്ടിങ് തന്നെ പറഞ്ഞിരുന്നു, രോഹിത് വിരമിക്കേണ്ട താരമല്ലെന്ന്. അത്രയും ഐ പ്ലീസിങ് ആയിരുന്നു ആ ഇന്നിങസ്.
കഴിഞ്ഞ ട്വന്റി 20 ലോകകപ്പില്‍ വിരാട് കോഹ്ലി മോശം ഫോമിലൂടെ കടന്നുപോയപ്പോള്‍ രോഹിത് പറഞ്ഞ വാചകം ചേര്‍ത്തുവെക്കാം. ഒന്നരപതിറ്റാണ്ടിലധികമായി മികവ് പുലര്‍ത്തുന്ന ഒരു താരത്തിന് ഫോം പ്രശ്നമല്ല. എന്ത് ചെയ്യണമെന്ന ഉപദേശം ആവശ്യമില്ല. ഇറ്റ്സ് ജസ്റ്റ് മാറ്റര്‍ ഓഫ് ടൈം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയും ഓസ്ട്രേലിയക്ക് എതിരായ ഏകദിന പരമ്പരയും മുന്നില്‍ നില്‍ക്കെ ഐപിഎല്‍ രോഹിതിന് നിര്‍ണായകമാണ്. നിറം മങ്ങിയാല്‍ ഒരുപക്ഷേ ദേശീയ ടീം മാനേജ്മെന്റിന് പുതുതലമുറയിലേക്ക് നോക്കേണ്ടി വന്നേക്കാം.
ബാറ്റിങ്ങിന് വളക്കൂറ് കുറവുള്ള ഏകന സ്റ്റേഡിയത്തിലാണ് മുംബൈയുടെ അടുത്ത മത്സരം. ലക്നൗ സൂപ്പര്‍ ജയന്റ്സിനെ നേരിടുമ്പോള്‍ മുംബൈക്ക് മികച്ച തുടക്കം നല്‍കാൻ രോഹിതിന്റെ ബാറ്റ് വീര്യം വീണ്ടെടുക്കേണ്ടതുണ്ട്. രോഹിത് കൂടി ഫോമിലേക്ക് മടങ്ങിയെത്തിയാല്‍ മുംബൈ എത്രത്തോളം അപകടകാരികളാകുമെന്നതിന്റെ തെളിവായിരുന്നു കൊല്‍ക്കത്തയ്ക്കെതിരായ മത്സരം.