‘മാധ്യമപ്രവര്‍ത്തകനോ തിരക്കഥാകൃത്തോ’; സൂര്യകുമാര്‍ യാദവ് കലിപ്പില്‍, അഭ്യൂഹങ്ങള്‍ തള്ളി താരം

യശസ്വി ജയ്സ്വാളിന് പിന്നാലെ താനും ഗോവയ്ക്കായി കളത്തിലിറങ്ങുന്നുവെന്ന വാര്‍ത്തകള്‍ തള്ളി മുംബൈ താരം സൂര്യകുമാര്‍ യാദവ്. സമൂഹ മാധ്യമമായ എക്സിലൂടെയാണ് താരത്തിന്റെ പ്രതികരണമുണ്ടായത്.

ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാള്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഗോവയ്ക്കായി കളിക്കാൻ അനുമതി തേടിയ റിപ്പോര്‍ട്ടുകള്‍ ദേശീയ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സമാനമായി മറ്റ് താരങ്ങളെ ചേര്‍ത്തും അഭ്യൂഹങ്ങള്‍ പല കോണില്‍ നിന്നും ഉയരുകയും ചെയ്തു. സൂര്യകുമാറിന്റെ പേരും അതില്‍ ഉള്‍പ്പെട്ടിരുന്നു. 

2025-26 സീസണില്‍ ഗോവയ്ക്കായി കളിക്കാൻ മുംബൈ ക്രിക്കറ്റ് അസോസിയേഷനില്‍ നിന്നാണ് ജയ്സ്വാള്‍ അനുമതി തേടിയത്. വ്യക്തപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ജയ്സ്വാള്‍ അസോസിയേഷനെ സമീപിച്ചതെന്നാണ് ദേശീയ മാധ്യമമായ ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോ‍‍ര്‍ട്ട് ചെയ്തിരിക്കുന്നത്. 

ഗോവയുടെ നായകനായായിരിക്കും ജയ്സ്വാള്‍ അടുത്ത സീസണില്‍ കളത്തിലെത്തുകയെന്നും സൂചനയുണ്ട്. സൂര്യകുമാറിനേയും തിലക് വര്‍മയേയും ടീമിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഇതിന് പിന്നാലെ ഗോവ ക്രിക്കറ്റ് അസോസിയേഷൻ ആരംഭിച്ചതായും റിപ്പോ‍ര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത്തരം വാര്‍ത്തകളെയെല്ലാം തള്ളിയിരിക്കുകയാണ് സൂര്യകുമാറിപ്പോള്‍.

“നിങ്ങള്‍ തിരക്കഥാകൃത്താണോ മാധ്യമപ്രവര്‍ത്തകനാണോ. എനിക്ക് ചിരിക്കണമെന്ന് തോന്നുമ്പോള്‍ ഇനി മുതല്‍ ഹാസ്യസിനിമകള്‍ കാണാതെ ഇത്തരം ലേഖനങ്ങള്‍ വായിക്കാം. ശുദ്ധ അസംബന്ധം,” സൂര്യകുമാര്‍ കുറിച്ചു.

ജയ്സ്വാളിന് സമാനമായി സച്ചിൻ തെൻഡുല്‍ക്കറുടെ മകൻ അ‍ര്‍ജുൻ തെൻഡുല്‍ക്കറും ഗോവയിലേക്ക് ചേക്കേറിയിരുന്നു. മുംബൈ ടീമില്‍ അവസരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് അ‍ര്‍ജുൻ ഗോവൻ ടീമിനൊപ്പം ചേര്‍ന്നതെന്നാണ് റിപ്പോ‍ര്‍ട്ടുകള്‍.

ഉത്തര്‍പ്രദേശില്‍ ജനിച്ച യശസ്വി ചെറുപ്പത്തിലെ മുംബൈയിലെത്തിയതാണ്. 2019ലാണ് യയശ്വി മുംബൈ കുപ്പായത്തില്‍ അരങ്ങേറിയത്. മുംബൈക്കായി 36 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ കളിച്ച യശസ്വി 60.85 ശരാശരിയില്‍ 3712 റണ്‍സ് നേടി. കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ ജമ്മു കശ്മീരിനെതിരെ ആയിരുന്നു യശസ്വി അവസാനമായി മുംബൈക്കായി കളിച്ചത്. മുംബൈ തോറ്റ മത്സരത്തില്‍ യശസ്വിക്ക് തിളങ്ങാനായിരുന്നില്ല. രണ്ട് ഇന്നിംഗ്സില്‍ നാലും ആറും റണ്‍സെടുത്ത് യശസ്വി പുറത്തായിരുന്നു. രഞ്ജി ട്രോഫിയില്‍ മുംബൈയുടെ ക്വാര്‍ട്ടര്‍ മത്സരം പരിക്കുമൂലം യശസ്വിക്ക് കളിക്കാനായിരുന്നില്ല.

By admin