മകൻ കഞ്ചാവ് കേസിൽ പ്രതി; അന്വേഷണത്തിൽ വീട്ടുകാരെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: മകൻ കഞ്ചാവ് കേസിൽ പ്രതിയായതിന്‍റെ പേരിൽ വീട്ടിലുള്ളവരെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.  കേസിന്‍റെ അന്വേഷണത്തിൽ പരാതിയുണ്ടെങ്കിൽ പരാതിക്കാരിയായ വട്ടപ്പാറ സ്വദേശിനിക്ക് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകാമെന്നും കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്‍റെ  ഉത്തരവിൽ പറഞ്ഞു.  

2023 ജൂലൈ 15ന് വട്ടപ്പാറ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറും സംഘവും വീട്ടിൽ അതിക്രമിച്ച് കയറി പരാതിക്കാരിയെ ദേഹോപദ്രവം ഏൽപ്പിച്ചെന്നാണ് മനുഷ്യാവകാശ കമ്മീഷനിൽ ലഭിച്ച പരാതി. റൂറൽ ജില്ലാ പോലീസ് മേധാവിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി.  പരാതിക്കാരിയുടെ മകനെതിരെ കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട്  ക്രൈം 1057/23 കേസ് രജിസ്റ്റർ ചെയ്തതായും മകന് കഞ്ചാവ് കച്ചവടവുമായി ബന്ധമുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് വീട്ടിൽ നിയമപ്രകാരം പരിശോധന നടത്തിയെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. 

എന്നാൽ പരാതിക്കാരിയെ മർദിച്ചത് സംബന്ധിച്ച പരാമർശമൊന്നും റിപ്പോർട്ടിലില്ല. ഇതോടെയാണ് പരാതിക്കാരിയുടെ മകൻ പ്രതിയായ കേസ് നിയമപരമായ മാർഗത്തിലൂടെ പരിഹാരം കാണണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ നിർദേശിച്ചത്.

Read More : ഖത്തറിൽ നിന്ന് നാദാപുരത്തെത്തി, പെരുന്നാളിന് ഡ്രസെടുക്കാൻ പോയ യുവതിയും മക്കളും മിസ്സിംഗ്; ദില്ലിയിൽ കണ്ടെത്തി
 

By admin