ഭര്‍ത്താവ് ജോലിക്ക് പോയ സമയം നോക്കി വാടക വീട്ടില്‍ കയറി, അസം സ്വദേശിനിയെ പീഡിപ്പിച്ചു; പ്രതികള്‍ ഒളിവില്‍
തിരുവനന്തപുരം: കുന്നത്തുകാൽ കുറുവാടിൽ ഇതരസംസ്ഥാനത്ത് നിന്നുള്ള യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതികൾ ഒളിവിലെന്ന് പൊലീസ്. ജോലി ആവശ്യത്തിനായാണ് അസം സ്വദേശികളായ ദമ്പതികള്‍ ഈ ഭാഗത്ത് വാടകയ്ക്കു താമസിക്കുന്നത്. യുവതിയുടെ ഭർത്താവ് വാടക വീടിന് അടുത്ത സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. ചൊവ്വാഴ്ച വൈകീട്ട് ഭർത്താവ് വീട്ടിലില്ലാതിരുന്ന സമയത്താണ് യുവതിയെ അയൽവാസികളായ അനിലും കുഞ്ചനും ചേർന്നാണ് പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു.
മാരായമുട്ടം പൊലീസിനാണ് പരാതി നൽകിയത്. വാടകവീട്ടിലെ ബാത്ത് റൂം വൃത്തിയാക്കുന്നതിനിടെയാണ് ഇരുവരും യുവതിയെ ആക്രമിച്ചത്. സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട യുവതി ഭർത്താവിനെക്കണ്ട് സംഭവം അറിയിച്ചു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി മാരായമുട്ടം പൊലീസ് വ്യക്തമാക്കി. ഭർത്താവ് ജോലിക്ക് പോയിരിക്കുകയാണെന്ന് മനസിലാക്കിയാണ് ഇവർ യുവതിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. പരാതിയിൽ പറയുന്ന രണ്ടുപേരും ഒളിവിലാണ്. ഇവർക്കായി തെരച്ചിൽ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.