ഹോളിവുഡ്: പ്രശസ്തനായ ഹോളിവുഡ് നടൻ വാൽ കിൽമർ അന്തരിച്ചു. ചൊവ്വാഴ്ച ലോസ് ഏഞ്ചൽസില്‍ വച്ചാണ് 65-ാം വയസ്സിൽ നടന്‍ അന്തരിച്ചത്. ന്യുമോണിയയാണ് അദ്ദേഹത്തിന്റെ മരണകാരണമെന്ന് മകൾ മെഴ്‌സിഡസ് കിൽമർ അറിയിച്ചു. 2014-ൽ നടന് തൊണ്ടയിൽ കാൻസർ ബാധിച്ചതായി കണ്ടെത്തിയെങ്കിലും അത് സുഖം പ്രാപിച്ചിരുന്നുവെന്ന് മകള്‍ ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു.
‘ബാറ്റ്മാൻ ഫോറെവർ’ എന്ന ചിത്രത്തിലെ ബാറ്റ്മാനെയും, ‘ദി ഡോർസ്’ എന്ന ചിത്രത്തിലെ ജിം മോറിസൺ എന്ന കഥാപാത്രത്തെയും അനശ്വരനാക്കിയ നടനാണ് വാൽ കിൽമർ 1984-ൽ ‘ടോപ്പ് സീക്രട്ട്’ എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം ഹോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ‘ടോപ്പ് ഗൺ’, ‘റിയൽ ജീനിയസ്’, ‘വില്ലോ’, ‘ഹീറ്റ്’, ‘ദി സെയിന്റ്’ എന്നിവ അദ്ദേഹത്തിന്റെ സൂപ്പർഹിറ്റ് ചിത്രങ്ങളില്‍ പെടും.
1991-ൽ ഒലിവർ സ്റ്റോണിന്റെ ‘ദി ഡോർസ്’ എന്ന സിനിമയിൽ ഗായകൻ മോറിസൺ എന്ന റോള്‍ ഇദ്ദേഹത്തിന്‍റെ കരിയറിലെ തന്നെ മികച്ച വേഷമായാണ് കരുതപ്പെടുന്നത്. ഒരു വർഷത്തോളം ഇതിഹാസ ഗായകനെ അനുകരിച്ച ശേഷമാണ് വാൽ കിൽമർ ഈ വേഷം ചെയ്തത് എന്നാണ് അന്ന് പുറത്തുവന്ന അണിയറക്കഥ. 1995-ലെ ‘ബാറ്റ്മാൻ ഫോറെവർ’ എന്ന സിനിമയിൽ മൈക്കൽ കീറ്റണിന് പകരക്കാരനായി കിൽമർ ബാറ്റ്മാനായി എത്തി. എന്നാല്‍ ലെജന്‍ഡായ കോമിക് ഹീറോ വേഷത്തില്‍ വാലിന്‍റെ പ്രകടനം സമ്മിശ്ര അഭിപ്രായമാണ് ലഭിച്ചത്. പിന്നീട് 1997-ൽ പുറത്തിറങ്ങിയ ‘ബാറ്റ്മാൻ ആൻഡ് റോബിൻ’ എന്ന സിനിമയിൽ ജോർജ്ജ് ക്ലൂണിക്കായി ഈ വേഷം ഇദ്ദേഹം മാറി നല്‍കി.
കാൻസർ കാരണം നടന് സംസാര ശേഷി നഷ്ടപ്പെട്ടിരുന്നു. പക്ഷേ 2021-ൽ ടോം ക്രൂയിസിന്റെ ‘ടോപ്പ് ഗൺ: മാവെറിക്ക്’ എന്ന സിനിമയിലൂടെ ഇദ്ദേഹം തിരിച്ചെത്തുകയായിരുന്നു. ആ വർഷം അവസാനം, അദ്ദേഹത്തിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ഡോക്യുമെന്ററി ‘വാൽ’ പുറത്തിറങ്ങിയിരുന്നു.
ഹോളിവുഡ് മുതൽ ഡിസ്നി ലാൻഡ് വരെ; കാലിഫോർണിയൻ കാഴ്ചകൾ തേടിപ്പിടിച്ച ‘മലയാളി ഫ്രം ഇന്ത്യ’
സ്പൈഡർമാനായി ടോം ഹോളണ്ട് തിരിച്ചുവരവ്; പുതിയ പടത്തിന്‍റെ പേര് പ്രഖ്യാപിച്ചു