ബഹിരാകാശ യാത്ര നേത്രാരോ​ഗ്യത്തെ ബാധിക്കുമോ, സൗദി അറേബ്യയുടെ ഫലക് ഗവേഷണ റോക്കറ്റ് വിക്ഷേപണം വിജയകരം

ഫ്ലോറിഡ: സൗദി അറേബ്യയുടെ ഫലക് ​ഗവേഷണ റോക്കറ്റ് വിക്ഷേപണം വിജയകരം. ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ചൊവ്വാഴ്ച പുലർച്ചെ 1.46നായിരുന്നു വിക്ഷേപണം. സ്പേസ് എക്സിന്റെ ഫാൽക്കൺ 9 എന്ന റോക്കറ്റ് ഉപയോ​ഗിച്ചാണ് വിക്ഷേപണം പൂർത്തിയാക്കിയിരിക്കുന്നത്. ബഹിരാകാശ വൈദ്യശാസ്ത്രം വികസിപ്പിക്കുന്നത് ലക്ഷ്യമിട്ടുകൊണ്ട് രൂപകൽപ്പന ചെയ്ത റോക്കറ്റിന്റെ വിക്ഷേപണം വിജയകരമായെന്ന് മുഹമ്മദ് ബിൻ സൽമാൻ ചാരിറ്റബിൾ ഫൗണ്ടേഷന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഫലക് സ്പേസ് സയൻസ് ആൻഡ് റിസർച്ചാണ് അറിയിച്ചത്. 

അറബ് നേതൃത്വത്തിലുള്ള ആദ്യ ബഹിരാകാശ ​ഗവേഷണ ദൗത്യമാണിത്. ബഹിരാകാശ യാത്രികർക്കുള്ള നേത്ര ആരോഗ്യ പ്രോട്ടോക്കോളുകൾ പുനർനിർവചിക്കുക എന്നതാണ് ദൗത്യത്തിന്റെ ലക്ഷ്യം. മൈക്രോഗ്രാവിറ്റി കണ്ണിന്റെ മൈക്രോബയോമിനെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് കണ്ടെത്തുന്നതും മൈക്രോഗ്രാവിറ്റിയുടെ ഫലമായി ഉണ്ടാകാവുന്ന ജനിതക, പ്രോട്ടീൻ മാറ്റങ്ങൾ പരിശോധിക്കുന്നതും ലക്ഷ്യത്തിൽ ഉൾപ്പെടുന്നു. ബഹിരാകാശത്ത് അണുബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്ന ബയോഫിലിമുകൾ സൂക്ഷ്മാണുക്കൾ എങ്ങനെ രൂപപ്പെടുത്തുന്നുവെന്നതും ഈ ദൗത്യത്തിന്റെ പഠന മേഖലയിൽ ഉൾപ്പെടുന്നതാണ്.   

ഫ്രാം 2 എന്ന് പേരിട്ടിരിക്കുന്ന പ്രത്യേക ദൗത്യത്തിന്റെ ഭാ​ഗമാണ് ഫലക്. ഈ ദൗത്യത്തിൽ വ്യത്യസ്തമായ പശ്ചാത്തലങ്ങളിൽ നിന്നുള്ള നാല് ബഹിരാകാശ യാത്രികരാണുള്ളത്. മിഷൻ കമാൻഡറും ക്രിപ്‌റ്റോ സംരംഭകനുമായ ചോൺ വാങ്, നോർവീജിയൻ സിനിമ സംവിധായകൻ ജാനിക് മിക്കൽസെൻ, ഓസ്‌ട്രേലിയൻ ധ്രുവ പര്യവേക്ഷകൻ എറിക് ഫിലിപ്‌സ്, ജർമ്മൻ റോബോട്ടിക്‌സ് ഗവേഷക റാബിയ റൂഗ് എന്നിവരാണ് ഫ്രാം 2ന്റെ ഭാ​ഗമാകുക. മൂന്നു മുതൽ അഞ്ച് ദിവസം വരെ നീണ്ടുനിൽക്കുന്ന ഈ ദൗത്യത്തിൽ 20ലധികം ശാസ്ത്രീയ പരീക്ഷണങ്ങളായിരിക്കും സംഘം നടത്തുന്നത്. ബഹിരാകാശത്തെ ആദ്യ എക്സ്-റേ ഫോട്ടോഗ്രാഫി, മൈക്രോഗ്രാവിറ്റിയിലെ കൂൺ കൃഷി എന്നിവ ഈ പരീക്ഷണങ്ങളിൽ ഉൾപ്പെടുന്നതാണ്.  

ബഹിരാകാശ മേഖലയിലും അനുബന്ധ സാങ്കേതികവിദ്യകളിലും വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും ഗുണപരമായ പുരോഗതി കൈവരിക്കുന്നതിന് ഈ പദ്ധതി സഹായകമാകുമെന്ന് ഫലക്കിന്റെ സിഇഒ ഡോ. അയ്യൂബ് അൽ സുബേഹി പറഞ്ഞു. ബഹിരാകാശ യാത്ര മനുഷ്യന്റെ നേത്രാരോ​ഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് മനസ്സിലാക്കാനുള്ള ആ​ഗോള ശ്രമങ്ങളുടെ ഭാ​ഗമായാണ് ഫലക് ​ഗവേഷണ ദൗത്യം. 

read more: മദീന വിമാനത്താവളത്തിൽ പുതിയ ലോഞ്ച് ഉദ്ഘാടനം ചെയ്തു

By admin