പഴങ്ങളും പച്ചക്കറികളും നടാൻ മുറ്റമില്ലേ? ബാൽക്കണിയുണ്ടോ, മതി

വീട്ടിൽ പച്ചക്കറികളും പഴങ്ങളും ഒക്കെ നട്ടുവളർത്തണം എന്ന് ആ​ഗ്രഹിക്കുന്നവർ ഒരുപാടുണ്ടാവും. എന്നാൽ, വീട്ടിൽ ചിലപ്പോൾ അതിനുള്ള സ്ഥലമോ സൗകര്യങ്ങളോ ഉണ്ടാകണം എന്നില്ല അല്ലേ? എന്നാൽ, അങ്ങനെ മുറ്റമില്ല, പറമ്പില്ല എന്ന് കരുതി മാറിനിൽക്കണം എന്നില്ല. ബാൽക്കണിയിലും നമുക്ക് പഴങ്ങളും പച്ചക്കറികളും വളർത്തി എടുക്കാം. ബാൽക്കണിയിൽ പഴങ്ങളും പച്ചക്കറികളും വളർത്തുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം. 

ചെറിയ സ്ഥലങ്ങൾക്ക് അനുയോജ്യമായ പഴങ്ങളും പച്ചക്കറികളും തന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക എന്നതാണ് ഒന്നാമത്തേത്. അതായത്, അധികം വലിപ്പത്തിൽ വളരാത്ത ചെടികൾ നോക്കി തിരഞ്ഞെടുക്കണം. പാത്രത്തിൽ വളർത്താനുള്ളതാണ് എന്ന ബോധ്യത്തോടെ വേണം എന്തെല്ലാം നടണം എന്ന് തീരുമാനിക്കാൻ. 

പാത്രങ്ങൾ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം. വേരുകൾക്ക് പടരാൻ സാധിക്കുന്ന പാത്രങ്ങളാവണം. വെള്ളം കെട്ടിക്കിടക്കാതിരിക്കാനായി ദ്വാരങ്ങൾ ഉള്ള പാത്രങ്ങൾ വേണം തിരഞ്ഞെടുക്കാൻ. പ്ലാസ്റ്റിക്, സെറാമിക്, മരം കൊണ്ടുള്ളത് ഒക്കെ തിരഞ്ഞെടുക്കാം. ടെറാകോട്ട ഒഴിവാക്കുന്നതാണ് നല്ലത്. അതുപോലെ തൂക്കിയിടുന്ന തരത്തിലുള്ള ഹാങ്ങിങ് ബാസ്കറ്റുകളും ഇവ നടാനായി ഉപയോ​ഗിക്കാവുന്നതാണ്. 

ബാൽക്കണിയിൽ ആവശ്യത്തിന് സൂര്യപ്രകാശം കിട്ടുന്നില്ലേ എന്ന് ഉറപ്പാക്കണം. അതിന് അനുസരിച്ചുള്ള പഴങ്ങളും പച്ചക്കറികളും വേണം നടുന്നതിനായി തിരഞ്ഞെടുക്കാൻ. അതുപോലെ തന്നെയാണ് മണ്ണിന്റെയും വളത്തിന്റെയും കാര്യവും. നല്ല മണ്ണ് തിരഞ്ഞെടുക്കുക. കൃത്യമായ അളവിൽ പോട്ടിം​ഗ് മിശ്രിതവും തയ്യാറാക്കുക. അതുപോലെ വളവും നന്നാവാൻ ശ്രദ്ധിക്കണം. 

വെള്ളം ആവശ്യത്തിന് നൽകാൻ ശ്രദ്ധിക്കുക. കൂടുതൽ വെള്ളമാകാതെയും മണ്ണ് വരണ്ടു പോകാതെയും ശ്രദ്ധിക്കാം. അതുപോലെ കീടാക്രമണങ്ങൾ ഉണ്ടോ എന്ന് ശ്രദ്ധിക്കുകയും പ്രതിവിധി കാണുകയും വേണം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin