പഞ്ചസാര വിലക്കയറ്റം തടയാന്‍ നടപടി; സ്റ്റോക്ക് പരിധി ലംഘിച്ചാല്‍ കടുത്തനടപടിയെന്ന് കേന്ദ്രം

ഞ്ചസാര വില വര്‍ധന തടയാനുള്ള ശക്തമായ നടപടികളുമായി കേന്ദ്രം. പ്രതിമാസം കൈവശം വയ്ക്കാവുന്ന പഞ്ചസാര സ്റ്റോക്ക് പരിധി ലംഘിക്കുന്ന പഞ്ചസാര മില്ലുകള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ-ഉപഭോക്തൃ കാര്യ മന്ത്രാലയം വ്യക്തമാക്കി. പൂഴ്ത്തിവയ്പ്പ് തടയുന്നതിനും വില വര്‍ദ്ധനവ് നിയന്ത്രിക്കുന്നതിനുമായാണ് വെളുത്തതോ ശുദ്ധീകരിച്ചതോ ആയ പഞ്ചസാരയുടെ പ്രതിമാസ സ്റ്റോക്ക് പരിധി മന്ത്രാലയം നി്ശ്ചയിച്ചിരിക്കുന്നത്. ഏപ്രിലില്‍, കൈവശം വയ്ക്കാവുന്ന പഞ്ചസാര സ്റ്റോക്ക് പരിധി 23.5 ലക്ഷം ടണ്ണായാണ് നിശ്ചയിച്ചിരിക്കുന്നത്. മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ചില വ്യവസായ ഗ്രൂപ്പുകളും പഞ്ചസാര മില്ലുകളും സ്റ്റോക്ക് പരിധി ആവര്‍ത്തിച്ച് ലംഘിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രാലയം പറഞ്ഞു. ഈ സാഹചര്യത്തിലാണ്  പുതിയ കര്‍ശനവുമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ മന്ത്രാലയം തീരുമാനിച്ചത്.

പഞ്ചസാര സ്റ്റോക്ക് പരിധി ആദ്യതവണ ലംഘിക്കുന്നവര്‍ക്ക് വില്‍ക്കുന്ന അധിക പഞ്ചസാരയുടെ 100 ശതമാനം തുടര്‍ന്നുള്ള മാസത്തെ റിലീസ് ക്വാട്ടയില്‍ നിന്ന് കുറയ്ക്കും. തുടര്‍ന്നുള്ള ലംഘനങ്ങള്‍ക്ക് ക്രമേണ ശിക്ഷ വര്‍ധിക്കും. രണ്ടാമത്തേതിന് 115 ശതമാനം, മൂന്നാമത്തേതിന് 130 ശതമാനം, നാലാമത്തെ ലംഘനത്തിന് 150 ശതമാനം എന്നിങ്ങനെയാണ് ക്വോട്ട കുറയ്ക്കുക. ഒരു പഞ്ചസാര സീസണില്‍ ഒന്നിലധികം ലംഘനങ്ങള്‍ നടത്തുന്ന മില്ലുകളെ അധിക റിലീസുകളില്‍ നിന്നും സര്‍ക്കാര്‍ പദ്ധതി ആനുകൂല്യങ്ങളില്‍ നിന്നും അയോഗ്യരാക്കും.

മൂന്നാം തവണ മുതല്‍, ഒരു പഞ്ചസാര സീസണില്‍ രണ്ടുതവണയില്‍ കൂടുതല്‍ സ്റ്റോക്ക് കൈവശം വയ്ക്കുന്നതിനുള്ള പരിധി ലംഘിക്കുന്ന പഞ്ചസാര മില്ലുകള്‍ക്ക് കയറ്റുമതി ക്വാട്ട ഉള്‍പ്പെടെ ഏതെങ്കിലും പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കില്ലെന്ന് കേന്ദ്ര ഭക്ഷ്യ-ഉപഭോക്തൃ കാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, പഞ്ചസാര വിപണിയില്‍ സ്ഥിരമായ വിതരണവും വില സ്ഥിരതയും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

By admin