നേടിയത് 200 കോടി, എന്നിട്ടും എമ്പുരാൻ രണ്ടാമത് ! ഒന്നാമൻ ആ സൂപ്പർ താര ചിത്രം, ഇടം പിടിച്ച് ബാലയ്യയും
ഒരു കാലത്ത് മോളിവുഡിൽ അന്യമായിരുന്ന കോടി ക്ലബ്ബുകൾ ആദ്യമായി കൊണ്ടുവന്ന നടനാണ് മോഹൻലാൽ. പുലിമുരുകൻ എന്ന ചിത്രത്തിലൂടെ ആയിരുന്നു അത്. പിന്നീട് നിരവധി 50, 100 കോടി ക്ലബ്ബുകൾ അദ്ദേഹത്തിന്റേതായി മലയാള സിനിമയ്ക്ക് ലഭിച്ചു. നിലവിൽ ഇന്ത്യൻ സിനിമയിലെ തന്നെ റെക്കോർഡുകൾ തകർത്തൊരു മോഹൻലാൽ സിനിമയാണ് എമ്പുരാൻ. റിലീസ് ചെയ്ത ആദ്യദിനം 50 കോടി ക്ലബ്ബിലെത്തിയ ഈ ലൂസിഫർ ഫ്രാഞ്ചൈസി അഞ്ചാം നാൾ 200 കോടി ക്ലബ്ബിലും ഇടം നേടി.
ഈ നേട്ടങ്ങളെല്ലാം കൊയ്തെങ്കിലും 2025ൽ മികച്ച ഓപ്പണിംഗ് ലഭിച്ച ഇന്ത്യൻ സിനിമകളിൽ രണ്ടാം സ്ഥാനത്താണ് എമ്പുരാൻ. ഒന്നാം സ്ഥാനം സൗത്ത് ഇന്ത്യയിലെ സൂപ്പർ താര ചിത്രത്തിനാണ്. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം 82 കോടി ആദ്യദിനം നേടി ഗെയിം ചേയ്ഞ്ചർ ആണ് ഒന്നാമതുള്ളത്. രാം ചരൺ നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ഷങ്കർ ആയിരുന്നു. 67 കോടിയാണ് എമ്പുരാന്‍റെ കളക്ഷൻ. റിലീസിന് ഒരു ദിവസം മുൻപ് തന്നെ എമ്പുരാൻ 50 കോടി ക്ലബ്ബിൽ എത്തിയിരുന്നു. ലിസ്റ്റിൽ ആറാം സ്ഥാനത്ത് ബാലയ്യ ചിത്രം ധാക്കു മഹാരാജയാണ്. 42 കോടിയാണ് ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ.
2025ൽ മികച്ച ഓപ്പണിംഗ് നേടിയ ഇന്ത്യൻ സിനിമകൾ
1 ഗെയിം ചേയ്ഞ്ചർ – 82 കോടി
2 എമ്പുരാൻ – 67 കോടി
3 സിക്കന്ദർ – 54.72 കോടി
4 ഛാവ – 50 കോടി
5 വിഡാമുയർച്ചി – 49 കോടി
6 ധാക്കു മഹാരാജ – 42 കോടി
അതേസമയം, റീ എഡിറ്റിംഗ് കഴിഞ്ഞ എമ്പുരാൻ പതിപ്പ് ഇന്ന് മുതൽ തിയറ്ററുകളിൽ എത്തിയിട്ടുണ്ട്. വിവാദങ്ങൾക്ക് പിന്നാലെ 24 മാറ്റങ്ങളാണ് എമ്പുരാൻ ആദ്യ പതിപ്പിൽ വരുത്തിയത്. ഇതിന് പിന്നാലെ ബുക്കിങ്ങിൽ നേരിയ കുറവ് കാണുന്നുണ്ടെങ്കിലും റീ എഡിറ്റിംഗ് കാര്യമായ രീതിയിൽ ബാധിച്ചിട്ടില്ലെന്നാണ് തിയറ്റർ ഉടമകൾ പറയുന്നത്.