ദളിത് പ്രാതിനിധ്യം കുറവെന്ന വിമര്‍ശനത്തില്‍ കഴമ്പില്ല; ഡോ. ഡോം, പിബിയിലെ ആദ്യ ദലിത് അംഗം
മധുര: സിപിഎം പിബിയിലെ ദളിത് പ്രാതിനിധ്യം കൂട്ടുകയല്ല, പാർട്ടി കോൺഗ്രസ്സിന്റെ അജണ്ട എന്ന് ഡോ.രാമചന്ദ്ര ഡോം. ഭരണഘടനയുടെ സ്ഥാനത്ത് മനുസ്മൃതിയെ പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങളെ ചെറുക്കുകയാണ് പ്രധാന ലക്ഷ്യമെന്നും സിപിഎം പിബിയിലെ ഏക ദളിത് അംഗം ആയ ഡോ.രാമചന്ദ്ര ഡോം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
6 പതിറ്റാണ്ടു പിന്നിട്ട സിപിഎമിന്റെ ചരിത്രത്തിൽ പിബിയിലെ ഏക ദളിത് മുഖമാണ് പശ്ചിമ ബംഗാളിൽ നിന്നുള്ള മുൻ ലോക്സഭാംഗം കൂടിയായ ഡോക്ടർ രാമചന്ദ്ര ഡോം. കണ്ണൂരിൽ 2022ൽ നടന്ന പാർട്ടി കോൺഗ്രസിൽ ആണ് ഇദ്ദേഹം പിബിയിലെത്തിയത്. ദളിത് പ്രാതിനിധ്യം വൈകിയതിന് പാർട്ടിക്കെതിരെ ഉയർന്ന വിമർശനങ്ങളിൽ കാര്യമില്ലെന്ന് കാര്യമില്ലെന്നാണ് ഡോം പറയുന്നത്. ദളിതരുടെ മാത്രമല്ല ന്യൂനപക്ഷങ്ങളുടെയും തൊഴിലാളി വർഗ്ഗത്തിന്റെയും കൂടി പ്രസ്ഥാനം ആണെന്നാണ് ഡോമിന്റെ നിലപാട്.
പ്രായ പരിധി നിബന്ധനയുടെ പേരിൽ പല മുതിർന്ന നേതാക്കളും പടിയിറങ്ങുബോൾ പിബിയിലെ ദളിത് പ്രാതിനിധ്യം കൂടുമോ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞത് അതല്ല ഇപ്പോൾ അജണ്ടയെന്നും ദളിത് വിഭാഗത്തിലുള്ളവരെ വിവിധ നേതൃതലങ്ങളിൽ എത്തിക്കുന്നുണ്ട്, ആ പ്രക്രിയ തുടരുമെന്നുമാണ്.
വർഗീയ മുതലാളിത്ത ശക്തികളെ ചെറുക്കുകയാണ് നിലവിൽ രാജ്യത്തിന്റെ പ്രധാന ആവശ്യം. ഭരണഘടനയുടെ സ്ഥാനത്ത് മനുസ്മൃതിയെ പ്രതിഷ്ഠക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് വളരെ അപകടകരമാണ് ഒന്നിച്ചു നിന്നാൽ വർഗീയ ശക്തികളെ കീഴ്പ്പെടുത്താൻ പറ്റുമെന്ന് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചെന്നും ഡോം കൂട്ടിച്ചേർത്തു.