തീരുവയില്‍ തീരുമാനമാകുന്നതിന് ഇനി മണിക്കൂറുകള്‍ മാത്രം; ആകാംക്ഷയോടെ രാജ്യത്തെ 6 മേഖലകള്‍
ലിബറേഷന്‍ ഡേ.., തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് താരിഫ് ചുമത്തുന്ന അതേ നിരക്കില്‍ ആ രാജ്യങ്ങള്‍ക്കും താരിഫ് ഏര്‍പ്പെടുത്തുമെന്ന് ട്രംപ് പറഞ്ഞ ദിവസം. ആ നിര്‍ണായകമായ പ്രഖ്യാപനത്തിന് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. യുഎസില്‍ നിന്നുള്ള ഇറക്കുമതിക്ക് ഏറ്റവും കൂടുതല്‍ താരിഫ് ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് എന്നതിനാല്‍ ട്രംപിന്‍റെ പ്രഖ്യാപനം ഇന്ത്യക്ക് ഏറെ പ്രധാനമാണ്. ശരാശരി 9.5 ശതമാനം ആണ് യുഎസിന് ഇന്ത്യ ഏര്‍പ്പെടുത്തിയിരിക്കുന്ന താരിഫ്. ഫാര്‍മ, ഡയണ്ട്സ്, ആഭരങ്ങള്‍, ഓട്ടോമൊബൈല്‍, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ യുഎസിലേക്ക് കയറ്റി അയ്ക്കുന്നത്. ഇവയ്ക്കെല്ലാം താരിഫ് ചുമത്തിയാല്‍ ഇന്ത്യക്ക് പ്രതിവര്‍ഷം 7 ബില്യണ്‍ ഡോളര്‍ അഥവാ 60000 കോടി രൂപയുടെ നഷ്ടം ഉണ്ടാകും. യുഎസില്‍ നിന്നും ഇറക്കുമതി ചെയ്യുന്നതിന്‍റെ ഏതാണ്ട് ഇരട്ടിയോളം ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ യുഎസിലേക്ക് കയറ്റി അയ്ക്കുന്നുണ്ട്..തീരുവ പ്രഖ്യാപിച്ചാല്‍ ഇന്ത്യയിലെ ഏതെല്ലാം മേഖലകളാണ് ബാധിക്കപ്പെടുക എന്ന് പരിശോധിക്കാം.
1. രത്നങ്ങളും ആഭരണങ്ങളും
അമേരിക്കയിലേക്ക് രത്ന ആഭരണങ്ങള്‍ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. യുഎസില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യണമെങ്കില്‍ 20 ശതമാനം തീരുവ നല്‍കണം. അമേരിക്കയാകട്ടെ ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് നിലവില്‍ 5.5-7% തീരുവ മാത്രമേ ഈടാക്കുന്നുള്ളൂ. ഇന്ത്യ കട്ട് ആന്‍ഡ് പോളിഷ് ചെയ്ത വജ്രങ്ങള്‍ക്ക് 5% നികുതി ചുമത്തുന്നു, അതേസമയം യുഎസ് ഇതിന് തീരുവ ഈടാക്കുന്നില്ല. ഇന്ത്യ അമേരിക്കയ്ക്ക് ഏര്‍പ്പെടുത്തുന്ന തീരുവയ്ക്ക് സമാനമായി അമേരിക്ക ഇന്ത്യന്‍ ഇറക്കുമതിക്കുമേലും തീരുവ ചുമത്തുകയാണെങ്കില്‍ രത്ന ആഭരണ കയറ്റുമതിക്ക് 5% മുതല്‍ 20% വരെ തീരുവ ചുമത്താന്‍ സാധ്യതയുണ്ട്, ഇത് ലക്ഷക്കണക്കിന് തൊഴിലാളികള്‍ ജോലി ചെയ്യുന്ന മേഖലയ്ക്ക് തിരിച്ചടിയാകും. 2023-2024 സാമ്പത്തിക വര്‍ഷത്തില്‍, ഇന്ത്യ ആഗോളതലത്തില്‍ 32.85 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള രത്ന-ആഭരണങ്ങള്‍ കയറ്റുമതി ചെയ്തു, ഇതില്‍ അമേരിക്കയിലേക്കാണ് 30.28% കയറ്റുമതിയും നടന്നത്. ഏതാണ്ട് 86,000 കോടി രൂപ മൂല്യം വരുന്നതാണ് ഈ രത്ന ആഭരണങ്ങള്‍ .
2. ഓട്ടോമൊബൈല്‍ മേഖല
ഓട്ടോ ഇറക്കുമതിക്ക് 25 ശതമാനം താരിഫ് നേരത്തെ തന്നെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. മേരിക്കയിലേക്ക് കയറ്റി അയക്കുന്ന വാഹനങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്താനുള്ള പ്രസിഡണ്ട് ട്രംപിന്‍റെ തീരുമാനം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തിരിച്ചടിയായത് ടാറ്റാ മോട്ടോഴ്സിനാണ്. ഇന്ത്യയില്‍ നിന്ന് ടാറ്റ നേരിട്ട് അമേരിക്കയിലേക്ക് വാഹനങ്ങള്‍ കയറ്റി അയക്കുന്നില്ലെങ്കിലും ടാറ്റയുടെ അനുബന്ധ കമ്പനിയായ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്‍റെ പ്രധാന വിപണിയാണ് അമേരിക്ക. കമ്പനിയുടെ ആകെ വില്‍പനയുടെ 22 ശതമാനവും അമേരിക്കയില്‍ നിന്നാണ്. ഏയ്ഷര്‍ മോട്ടോര്‍സ് അവരുടെ ഇരുചക്രവാഹനമായ റോയല്‍ എന്‍ഫീല്‍ഡ് അമേരിക്കയിലേക്ക് കയറ്റി അയക്കുന്നുണ്ട്. വാഹന നിര്‍മ്മാണ ഘടകങ്ങള്‍ അമേരിക്കയിലേക്ക് കയറ്റി അയക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ക്കും തീരുമാനം തിരിച്ചടിയായിട്ടുണ്ട്. സോന ബി എല്‍ ഡബ്ലിയു പ്രിസിഷന്‍ ഫോര്‍ജിംഗ്സിന് 66% വരുമാനവും അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നുമാണ്. സംവര്‍ദ്ധന മദേഴ്സണ്‍് ഇന്‍റര്‍നാഷണല്‍ ലിമിറ്റഡ് ടെസ്ല, ഫോര്‍ഡ് എന്നീ പ്രധാനപ്പെട്ട വാഹന നിര്‍മ്മാണ കമ്പനികള്‍ക്ക് അനുബന്ധ ഘടകങ്ങള്‍ കയറ്റി അയക്കുന്ന സ്ഥാപനമാണ്
3. ഫാര്‍മസ്യൂട്ടിക്കല്‍സ്
ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്ത് അമേരിക്കയിലേക്ക് ആവശ്യമായ ആകെ ജനറിക് മരുന്നുകളുടെ 40 ശതമാനവും ഇന്ത്യയാണ് വിതരണം ചെയ്യുന്നത്. 2023-24 കാലയളവില്‍ ഇന്ത്യ 8.7 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള മരുന്നുകളും ഫാര്‍മസ്യൂട്ടിക്കലുകളും യുഎസിലേക്ക് കയറ്റി അയച്ചിരുന്നു . അധിക തീരുവ ഏര്‍പ്പെടുത്തിയാല്‍ അത് ഗ്ലാന്‍ഡ് ഫാര്‍മ, അരബിന്ദോ, സൈഡസ് ലൈഫ്, ലുപിന്‍, സിപ്ല, സണ്‍ ഫാര്‍മ, ടോറന്‍റ് ഫാര്‍മ എന്നീ കമ്പനികളെ ബാധിക്കും. നിലവില്‍, ഇന്ത്യയില്‍ നിന്നുള്ള ഫാര്‍മ ഇറക്കുമതിക്ക് യുഎസ് ഒരു താരിഫും ചുമത്തുന്നില്ല, അതേസമയം യുഎസ് ഫാര്‍മ ഇറക്കുമതിക്ക് ഇന്ത്യയ്ക്ക് 10 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
4. ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍ മെഷിനറി
ഇന്ത്യയുടെ ഇലക്ട്രോണിക്സ് മേഖല, പ്രത്യേകിച്ച് സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിക്ക് തീരുവ തിരിച്ചടിയാകും. താരിഫ് വര്‍ദ്ധന 1.2 ശതമാനം മുതല്‍ 10.8 ശതമാനം വരെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ യുഎസിലേക്കുള്ള ഇലക്ട്രോണിക്സ് കയറ്റുമതിയുടെ 50 ശതമാനത്തിലധികവും ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്ന ആപ്പിള്‍ ഐഫോണുകളാണ്. തീരുവ വര്‍ദ്ധന ഇവയുടെ വില കൂടുന്നതിനിടയാക്കും.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യ 115 ബില്യണ്‍ ഡോളറിന്‍റെ ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ ആണ് നിര്‍മ്മിച്ചത്. ഇതില്‍ 52 ബില്യണ്‍ ഉല്‍പ്പന്നങ്ങളും മൊബൈല്‍ ഫോണ്‍ ആണ്.
5. ടെക്, ഐടി മേഖല
യുഎസില്‍ സാന്നിധ്യമുള്ള രാജ്യത്തെ പ്രമുഖ ഐടി കമ്പനികള്‍ക്ക് ഏറെ നിര്‍ണായകമാണ് ട്രംപിന്‍റെ താരിഫ് പ്രഖ്യാപനം. ഇന്‍ഫോസിസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), പെര്‍സിസ്റ്റന്‍റ് സിസ്റ്റംസ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന ഐടി സ്ഥാപനങ്ങളാണ് അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്നത്. ഇവയുടെ ഓഹരികളില്‍ 5 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. താരിഫുകള്‍ പ്രതീക്ഷിച്ചതിലും കുറവാണെങ്കില്‍, ഇവയുടെ ഓഹരി മൂല്യം തിരിച്ചുകയറിയേക്കും.
6.തുണിത്തരങ്ങള്‍
ഇന്ത്യയുടെ തുണിത്തരങ്ങളുടെ കയറ്റുമതിയുടെ 28 ശതമാനവും യുഎസിലേക്കാണ്. 2024 സാമ്പത്തിക വര്‍ഷത്തില്‍ 9.6 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള വസ്ത്രങ്ങളാണ് ഇന്ത്യയില്‍ നിന്നും കയറ്റി അയച്ചത്. ട്രംപ് താരിഫുകള്‍ ഏര്‍പ്പെടുത്തിയാല്‍ അത് ഈ മേഖലയെ ബാധിക്കാന്‍ സാധ്യതയുണ്ട്.