തലസ്ഥാനത്തെ വിവിധ മേഖലകളിൽ പരിശോധന, പിടിച്ചെടുത്തത് പല കമ്പനികളുടെ 188 ഗ്യാസ് സിലിണ്ടറുകൾ, കര്‍ശന നടപടി തുടരും
തിരുവനന്തപുരം: തലസ്ഥാനത്തിന്‍റെ വിവിധ മേഖലകളിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി വിൽപ്പന നടത്തിയിരുന്ന ഗ്യാസ് സിലണ്ടറുകൾ പിടിച്ചെടുത്തു. പോത്തന്‍കോട്, പാവുക്കോണം, വാവറയമ്പലം, ബിഎസ്എന്‍എല്‍ എക്‌സ്‌ച്ചേഞ്ചിന് സമീപം എന്നിവിടങ്ങളിൽ അനധികൃത കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന 188 ഗ്യാസ് സിലിണ്ടറുകളാണ് സിവിൽ സപ്ലൈസ് വകുപ്പ് പിടിച്ചെടുത്തത്.
താലൂക്ക് സപ്ലൈ ഓഫീസര്‍ ബീന ഭദ്രന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പ്രദേശത്ത് അനധികൃതമായി ഗ്യാസ് സിലിണ്ടറുകള്‍ കച്ചവടം നടത്തുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പിടിച്ചെടുത്തവയില്‍ വിവിധ ഓയില്‍ കമ്പനികളുടെ ഗാര്‍ഹിക, വാണിജ്യ സിലിണ്ടറുകള്‍ ഉണ്ടായിരുന്നു.
ഇവ കൃത്യമായ സുരക്ഷാ സംവിധാനങ്ങള്‍ പാലിക്കാതെയും ലൈസന്‍സ് ഇല്ലാതെയുമാണ് സൂക്ഷിച്ചിരുന്നതെന്ന് കണ്ടെത്തി. പിടിച്ചെടുത്ത സിലിണ്ടറുകള്‍ ജില്ലാ കലക്ടറുടെ അന്തിമ ഉത്തരവു ലഭിക്കുന്നതുവരെ സൂക്ഷിക്കുന്നതിനായി സമീപത്തെ ഗ്യാസ് ഏജന്‍സിയില്‍ ഏല്‍പിച്ചു. വരും ദിവസങ്ങളില്‍ കര്‍ശനമായ പരിശോധന ഉണ്ടാകുമെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.