ജസ്പ്രീത് ബുമ്ര എപ്പോള്‍ മുംബൈ ഇന്ത്യന്‍സിനായി കളത്തിലിറങ്ങും; പരിക്കേറ്റ മറ്റുള്ളവരുടെയും അപ്‌ഡേറ്റ് പുറത്ത്

ബെംഗളൂരു: ഐപിഎല്‍ പതിനെട്ടാം സീസണിന്‍റെ തുടക്കത്തില്‍ മുംബൈ ഇന്ത്യന്‍സിനേറ്റ ഏറ്റവും വലിയ തിരിച്ചടി സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയുടെ പരിക്കാണ്. ബുമ്രക്ക് സീസണില്‍ ഇതുവരെ മൈതാനത്തിറങ്ങാനായിട്ടില്ല. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ പരിശീലനത്തിലുള്ള ബുമ്ര എപ്പോള്‍ മുംബൈ ഇന്ത്യന്‍സ് സ്ക്വാഡിനൊപ്പം ചേരും? ഏറ്റവും പുതിയ അപ്‌ഡേറ്റാണ് എന്താണെന്ന് പരിശോധിക്കാം. 

പരിക്കില്‍ നിന്ന് പൂര്‍ണമായും ജസ്പ്രീത് ബുമ്ര മോചിതനായിട്ടില്ല എന്നാണ് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. പൂര്‍ണ തോതില്‍ ബുമ്ര ഇതുവരെ ബൗളിംഗ് പുനരാരംഭിച്ചിട്ടില്ല. നിലവിലെ ബെംഗളൂരുവിലെ സെന്‍റര്‍ ഓഫ് എക്സലന്‍സിലാണ് ജസ്പ്രീത് ബുമ്ര ചികിത്സയും പരിശീലനവും നടത്തിവരുന്നത്. പ്രതീക്ഷിച്ചതിനേക്കാള്‍ ഗുരുതരമായ പരിക്ക് സംഭവിച്ചതാണ് ബുമ്രയുടെ തിരിച്ചുവരവ് വൈകാന്‍ കാരണം. മുംബൈ ഇന്ത്യന്‍സിന്‍റെ അടുത്ത മത്സരങ്ങളിലൊന്നും ബുമ്ര ഒരുപക്ഷേ സെലക്ഷന് ലഭ്യമായിരിക്കില്ല. പൂര്‍ണ ഫിറ്റ്നസ് സംബന്ധിച്ച് ബുമ്രക്ക് ബിസിസിഐയുടെ ക്ലിയറന്‍സ് ഉടനടി ലഭിക്കാനിടയില്ല. ഐപിഎല്‍ 2025 സീസണിന് ശേഷം ഇംഗ്ലണ്ടിനെതിരെ ടീം ഇന്ത്യക്ക് അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര വരാനുള്ളതിനാലും ബിസിസിഐ ജസ്പ്രീത് ബുമ്രയുടെ കാര്യത്തില്‍ അത്രയേറെ ജാഗ്രതയാണ് പുലര്‍ത്തുന്നത്. 

ജസ്പ്രീത് ബുമ്രക്ക് പുറമെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ മായങ്ക് യാദവും ആകാശ് ദീപും പരിക്കില്‍ നിന്നുള്ള തിരിച്ചുവരവിന്‍റെ പാതയിലാണ്. ആകാശ് ദീപിന്‍റെ മടങ്ങിവരവ് ഒരാഴ്ച കൂടി വൈകും. ഏപ്രില്‍ 10-ഓടെ ആകാശിന്‍റെ മടങ്ങിവരവുണ്ടാകും എന്നാണ് പ്രതീക്ഷ. അതേസമയം മായങ്ക് യാദവും ഫിറ്റ്നസ് ക്ലിയറന്‍സ് ലഭിച്ച് മടങ്ങിവരാനുള്ള ശ്രമത്തിലാണ്. മായങ്ക് യാദവും ആകാശ് ദീപും ഇല്ലാത്തത് ലഖ്നൗവിന് പേസ് ബൗളിംഗില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. 

Read more: ഒന്ന് എഴുതാൻ പഠിപ്പിച്ചതാ, ഫൈൻ എഴുതി നൽകി ബിസിസിഐ; നോട്ട്ബുക്ക് സെലിബ്രേഷനില്‍ ദിഗ്‌വേഷ് രാത്തിക്ക് ശിക്ഷ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin