ഗൂഗിൾ പിക്സൽ 10 പ്രോ ഫോൾഡ് റെൻഡറുകൾ ചോർന്നു; ഫോണ്‍ ഓഗസ്റ്റിൽ ലോഞ്ച് ചെയ്തേക്കും

കാലിഫോര്‍ണിയ: വളരെക്കാലമായി ചർച്ച ചെയ്യപ്പെടുന്ന ഗൂഗിൾ പിക്സൽ 10 പ്രോ ഫോൾഡ് ഈ വർഷം ലോഞ്ച് ചെയ്യാൻ പോകുന്നു. ഫോണുമായി ബന്ധപ്പെട്ട നിരവധി റിപ്പോർട്ടുകൾ മുമ്പ് പുറത്തുവന്നിരുന്നു. ഇപ്പോൾ പിക്സൽ 10 പ്രോ ഫോൾഡിന്‍റെ റെൻഡറുകൾ ഓൺലൈനിൽ വൈറലാകുകയാണ്. ഗൂഗിൾ പിക്സൽ 10 പ്രോ ഫോൾഡ് റെൻഡറിനേയും ലോഞ്ച് ടൈംലൈനിനേയും കുറിച്ച് വിശദമായി അറിയാം.

ഫോണിന്‍റെ പുതിയ റെൻഡറുകൾ ആൻഡ്രോയ്‌ഡ് ഹെഡ്‌ലൈൻസാണ് ഓൺലൈനിൽ പങ്കിട്ടത്. ഇത് ഗൂഗിളിന്‍റെ അടുത്ത മടക്കാവുന്ന സ്മാർട്ട്‌ഫോണിനെക്കുറിച്ച് ഒരു ആദ്യ കാഴ്ച നൽകുന്നു. ചിത്രങ്ങൾ കാണിക്കുന്നത് കഴിഞ്ഞ വർഷത്തെ പിക്‌സൽ 9 പ്രോ ഫോൾഡിൽ നിന്ന് ഡിസൈനിൽ വലിയ മാറ്റമൊന്നും ഉണ്ടാകില്ല എന്നാണ്. ക്യാമറ മൊഡ്യൂളുകൾ ഏകദേശം ഒരേ വലുപ്പത്തിലുള്ളതായി കാണപ്പെടുന്നതിനാൽ, ഗൂഗിൾ അതേ സെൻസറുകൾ ഉപയോഗിച്ചേക്കാമെന്ന അഭ്യൂഹത്തിനും കാരണമാകുന്നു. റാങ്കോ എന്ന രഹസ്യനാമമുള്ള പിക്സൽ 10 പ്രോ ഫോൾഡിൽ, ടിഎസ്എംസി നിർമ്മിക്കുന്ന ഗൂഗിളിന്‍റെ അടുത്ത തലമുറ ടെൻസർ ജി5 ചിപ്‌സെറ്റ് ഉണ്ടായിരിക്കാം. 16 ജിബി റാമും 256 ജിബി, 512 ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളും ഉൾപ്പെടുന്ന ഫോണിന്‍റെ സവിശേഷതകളിൽ വലിയ മാറ്റമൊന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല.

പുറത്തുവന്ന ചിത്രങ്ങൾ പിക്സൽ 10 പ്രോ ഫോൾഡ് അതിന്‍റെ മുൻ മോഡലിന് സമാനമായി കാണപ്പെടുന്നു. എങ്കിലും ഈ ഡിവൈസ് മുമ്പത്തേതിനേക്കാൾ അല്‍പം കനംകുറഞ്ഞതായിരിക്കാനുള്ള സാധ്യതയുണ്ട്. അതേസമയം ഹോണര്‍ മാജിക് വി3 അല്ലെങ്കിൽ ഒപ്പോ ഫൈന്‍ഡ് എന്‍5 പോലുള്ള അൾട്രാ-നേർത്ത ഫോൾഡബിളുകളുമായി മത്സരിക്കാൻ ഇതിന് കഴിയുമോ എന്ന് പറയാൻ പ്രയാസമാണ്. പിക്സൽ 10 പ്രോ ഫോൾഡിന് ഏകദേശം 155.2 x 150.4 x 5.3mm വലിപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷത്തെ മോഡലിൽ നിന്ന് ഇത് അൽപ്പം വ്യത്യസ്തമായി കാണപ്പെടുന്നെങ്കിലും മാറ്റങ്ങൾ വളരെ കുറവാണ്. ഫോണിന്‍റെ മൊത്തത്തിലുള്ള വലുപ്പം ഏതാണ്ട് അതേപടി തുടരാൻ സാധ്യതയുണ്ട്.

ഓഗസ്റ്റിൽ നടക്കുന്ന മെയ്ഡ് ബൈ ഗൂഗിൾ ഇവന്‍റിൽ പിക്സൽ 10 ലൈനപ്പിന്‍റെ ബാക്കി മോഡലുകള്‍ക്കൊപ്പം ഗൂഗിൾ പിക്സൽ 10 പ്രോ ഫോൾഡ് അവതരിപ്പിച്ചേക്കാം. ഒരുപക്ഷേ പിക്സൽ 9 സീരീസിൽ ഗൂഗിൾ ചെയ്തതുപോലെ, പിക്സൽ 10, പിക്സൽ 10 പ്രോ, പിക്സൽ 10 പ്രോ എക്സ്എൽ, പിക്സൽ 10 പ്രോ ഫോൾഡ് എന്നിവ ഒരുമിച്ച് ലോഞ്ച് ചെയ്തേക്കും എന്നും റിപ്പോർട്ടുകൾ പറയുന്നു.

ഗൂഗിൾ പുതിയ പിക്സൽ 10 പ്രോ ഫോൾഡിന്‍റെ വില കുറയ്ക്കാൻ തയ്യാറെടുക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. ഈ നീക്കം കമ്പനിക്ക് വളരെയധികം ഗുണം ചെയ്യും. കാരണം മിക്ക സ്മാർട്ട്‌ഫോൺ കമ്പനികളും ഈ വർഷം വിലയിൽ മാറ്റം വരുത്തുകയോ വില വർധിപ്പിക്കുകയോ ചെയ്യുന്നില്ല. കൃത്യമായ വില ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഈ വിലക്കുറവ് പ്രീമിയം ഡിവൈസുകൾ വാങ്ങുന്നവർക്ക് പിക്സൽ 10 പ്രോ ഫോൾഡ് ഒരു മികച്ച ഓപ്ഷനാക്കി മാറ്റിയേക്കാം.

NB: വാര്‍ത്തയില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം സാങ്കല്‍പികം

Read more: ടെക്ക് ലോകത്തെ അമ്പരപ്പിക്കാൻ മോട്ടോ എഡ്ജ് 60 ഫ്യൂഷൻ ഇന്ന് ഇന്ത്യയിൽ അവതരിക്കും; സവിശേഷതകളും വിലയും അറിയാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin