ഗാസയില്‍ ആക്രമണം വ്യാപിപ്പിക്കും, കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കും; ഇസ്രയേല്‍ പ്രതിരോധ മന്ത്രി
ഗാസ: ഗാസയില്‍ ഇസ്രയേല്‍ സൈന്യം കരയാക്രമണം വ്യാപിപ്പിക്കാന്‍ പോവുകയാണെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് വ്യക്തമാക്കി. ഗാസയിലെ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചടക്കുന്നതിന് വേണ്ടിയാണ് ആക്രമണം വ്യാപിപ്പിക്കുന്നതെന്നാണ് കാറ്റ്സ് തന്‍റെ പ്രസ്താവനയില്‍ പറയുന്നത്. ഗാസ മുനമ്പിലെ ബഫര്‍ സോണ്‍ എന്ന് വിളിക്കപ്പെടുന്ന പ്രദേശത്തോടാണ് പിടിച്ചെടുക്കുന്ന കൂടുതല്‍ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ക്കുക.
ഈ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുമെന്നും യുദ്ധം അവസാനിപ്പിക്കാനുള്ള ഏകമാര്‍ഗം ഹമാസിനെ ഇല്ലാതാക്കുകയും ബന്ദികളെ മോചിപ്പിക്കുകയുമാണെന്നും കാറ്റ്സ് ഗാസയിലെ ജനങ്ങളോട് പറഞ്ഞു. എന്നാല്‍ എത്ര ഭൂമിയാണ് പിടിച്ചെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് കാറ്റ്സ് പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടില്ല. നിലവില്‍ ഇസ്രയേല്‍ ഗാസയില്‍ 31-ാം ദിവസവും ഉപരോധം തുടരുകയാണ്. യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ ഉപരോധമാണിത്. ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ 50,399 ആളുകള്‍ ഇതുവരെ കൊല്ലപ്പെട്ടതായും 114,583 പേര്‍ക്ക് പരിക്കേറ്റതായും ഗാസയിലെ ആരോഗ്യ മന്ത്രാലയം പറയുന്നു.