‘കൈവിട്ട്’ കളഞ്ഞ ടീം; ശ്രേയസ് നഷ്ടപ്പെട്ട കൊല്‍ക്കത്ത

വിശ്വാസമര്‍പ്പിച്ചവര്‍ നിരാശപ്പെടുത്തുന്നു, കൈവിട്ടവര്‍ തിളങ്ങുന്നു. സ്ഥാനം പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാനം. നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പുതിയ സീസണിന്റെ ആദ്യവാരം ഈ മൂന്ന് സെന്റൻസുകളില്‍ ചുരുക്കാം. കൊല്‍ക്കത്തയുടെ കണക്കുകൂട്ടലുകള്‍ അപ്പാടെ തെറ്റിയോ? ടൂര്‍ണമെന്റിന്റെ തുടക്കം നല്‍കുന്ന സൂചന അതാണ്.

കിരീടം ചൂടിച്ച നായകൻ ശ്രേയസ് അയ്യരിനെ കൊല്‍ക്കത്ത ഒപ്പം നിര്‍ത്താത്തിന്റെ ഞെട്ടല്‍ ആരാധകര്‍ക്ക് ഇന്നും മാറിയിട്ടില്ല. 26.75 കോടി രൂപയ്ക്ക് പഞ്ചാബിലേക്ക് ചേക്കേറിയ ശ്രേയസ് ആദ്യ മത്സരത്തില്‍ തന്നെ തന്റെ മൂല്യം ശരിവെച്ചു. മൂന്ന് റണ്‍സ് അകലെ സെഞ്ചുറിയുണ്ടായിട്ടും തനിക്ക് മുകളില്‍ ടീമിന്റെ പ്രകടനത്തിന് മുൻതൂക്കം നല്‍കി. സെല്‍ഫ്‌ലെസ് ക്യാപ്റ്റനെന്ന ഖ്യാതിയും നേടിയെടുത്തു. പഞ്ചാബിന്റെ ആദ്യ കിരീടമെന്ന മോഹം ഇന്ന് ശ്രേയസിന്റെ തോളിലാണ്.

ഫില്‍ സോള്‍ട്ട്. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയുടെ പവർപ്ലേയിലെ പ്രധാന അസ്ത്രമായിരുന്നു സോള്‍ട്ട്. 182 സ്ട്രൈക്ക് റേറ്റില്‍ 435 റണ്‍സായിരുന്നു സോള്‍ട്ടിന്റെ സംഭാവന. ഇത്തവണ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ജേഴ്‌സി അണിഞ്ഞപ്പോഴും കളിശൈലിയില്‍ മാറ്റമുണ്ടായിട്ടില്ല. രണ്ട് മത്സരങ്ങളില്‍ നിന്ന് ഇതിനോടകം 88 റണ്‍സ്. സോള്‍ട്ടിന്റെ ബാറ്റിന്റെ ചൂട് ഇത്തവണ ആദ്യമറിഞ്ഞതും കൊല്‍ക്കത്തയായിരുന്നു. 

മിച്ചല്‍ സ്റ്റാർക്ക് 17 വിക്കറ്റുകളായിരുന്നു കൊല്‍ക്കത്തയ്ക്കായി പോയ സീസണില്‍ നേടിയത്. കലാശപ്പോരില്‍ അഭിഷേക് ശര്‍മയെ ബൗള്‍ഡാക്കി സണ്‍‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പതനത്തിന് തുടക്കമിട്ടതും ഓസീസ് വെട്ടേരനായിരുന്നു. ഡല്‍ഹിയുടെ നീലക്കുപ്പായത്തില്‍ അതിലും വീര്യത്തിലാണ് സ്റ്റാര്‍ക്ക്. എട്ട് വിക്കറ്റുമായി പര്‍പ്പിള്‍ ക്യാപ് പോരില്‍ രണ്ടാം സ്ഥാനത്തുണ്ട്. ലീഗിലെ ഏറ്റവും എക്സ്പ്ലോസീവ് ബാറ്റിങ് നിരയായ ഹൈദാരാബാദിനെതിരെ അഞ്ച് വിക്കറ്റും നേടി.

2024ല്‍ കൊല്‍ക്കത്തയ്ക്കായി വിരലിലെണ്ണാവുന്ന മത്സരങ്ങള്‍ മാത്രം കളിച്ച നിതീഷ് റാണ ഇത്തവണ രാജസ്ഥാൻ റോയല്‍സിന്റെ വിശ്വസ്തനായി മാറിയിരിക്കുന്നു. ചെന്നൈ ബൗളര്‍മാരെ നിലപരിശാക്കി നേടിയത് 36 പന്തില്‍ 81 റണ്‍സായിരുന്നു. സുയാഷ് ശര്‍മയും മുജീബ് റഹ്മാനും മാത്രമാണ് അല്‍പ്പം പിന്നോട്ടുപോയിട്ടുള്ളത്.

മറുവശത്ത് റിങ്കു സിങ്, വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ൻ, ആന്ദ്ര റസല്‍, രമണ്‍ദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവരെ കൊല്‍ക്കത്ത നിലനിര്‍ത്തി. 23.75 കോടി രൂപ മുടക്കി വെങ്കിടേഷ് അയ്യരേയും മൂന്ന് കോടി നല്‍കി അംഗ്രിഷ് രഘുവൻശിയേയും തിരിച്ചുമെത്തിച്ചു. സാള്‍ട്ടിനും, ശ്രേയസിനും, സ്റ്റാര്‍ക്കിനും പകരമെത്തിയത് ക്വിന്റണ്‍ ഡി കോക്കും അജിങ്ക്യ രഹാനെയും സ്പെൻസര്‍ ജോണ്‍സണും. 

ഡി കോക്കും രഹാനെയും മാത്രമാണ് സീസണില്‍ കൊല്‍ക്കത്തയ്ക്കായി 50 കടന്നിട്ടുള്ളത്. പക്ഷേ ഇരുവരും സ്ഥിരത പുലര്‍ത്തുന്നില്ല. സ്പെൻസറിന് മൂന്ന് കളികളില്‍ നിന്ന് നേടാനായത് ഒരു വിക്കറ്റ് മാത്രം. എക്കണോമി പത്തിന് മുകളിലും.

റിങ്കു സിങ് മൂന്ന് കളികളില്‍ നിന്ന് നേടിയത് 29 റണ്‍സ്. റസല്‍ ഒൻപത് റണ്‍സും രണ്ട് വിക്കറ്റും. രമണ്‍ദീപ് 28 റണ്‍സ്. നരെയ്ൻ 44 റണ്‍സും ഒരു വിക്കറ്റും നേടി. മുംബൈക്കെതിരെ മൂന്ന് ഓവറില്‍ വഴങ്ങിയത് 32 റണ്‍സാണ്. കഴിഞ്ഞ സീസണില്‍ വിക്കറ്റ് ടേക്കിങ് ബൗളറായിരുന്ന ഹര്‍ഷിത് ഇത്തവണ നിരന്തരം ബൗണ്ടറി കടക്കുകയാണ്. മൂന്ന് കളികളില്‍ നിന്ന് 96 റണ്‍സാണ് വഴങ്ങിയത്, രണ്ട് വിക്കറ്റുകളും പേരിനൊപ്പം ചേര്‍ത്തു.

കഴിഞ്ഞ സീസണില്‍ 370 റണ്‍സെടുത്ത വെങ്കിടേഷിന്റെ ബാറ്റിന് ഇത്തവണ ഒൻപത് റണ്‍സ് മാത്രമാണ് സംഭാവന നല്‍കാനായത്. മൂല്യത്തിനൊത്ത പകിട്ട് വെങ്കിടേഷിനുണ്ടോയെന്ന ചോദ്യം ഉയര്‍ന്നുകഴിഞ്ഞു. വരുണ്‍ ചക്രവര്‍ത്തിയാണ് ആശ്വാസം. മൂന്ന് വിക്കറ്റുകളാണ് നേടിയിട്ടുള്ളതെങ്കിലും റണ്‍ വിട്ടുനല്‍കുന്നതിലെ വരുണിന്റെ കണിശത കൊല്‍ക്കത്തയ്ക്ക് തുണയാകുമെന്ന് കരുതാം. രഘുവംശിയും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിട്ടുണ്ട്.

പക്ഷേ, കൊല്‍ക്കത്തയുടെ തീരുമാനങ്ങളെല്ലാം മിസ് ഫയറായിരുന്നുവെന്നാണ് തെളിഞ്ഞിരിക്കുന്നത്. ഒന്ന് മുതല്‍ 11 വരെ നീളുന്ന എല്ലാവരും ഫോമും സ്ഥിരതയും വീണ്ടെടുക്കേണ്ട മറ്റൊരു ടീം ടൂര്‍ണമെന്റിലുണ്ടോയെന്ന് സംശയം നിലനില്‍ക്കുന്നു. താരലേലത്തിന് ശേഷം കിരീടം നിലനിര്‍ത്താനിറങ്ങിയ ചെന്നൈക്കും മുംബൈക്കും അതിന് സാധിക്കാതെ പോയിരുന്നു. ചരിത്രം ആവര്‍ത്തിക്കപ്പെടുമോയെന്നത് കാത്തിരുന്ന് കാണാം.

By admin