കാനഡയില്‍ വച്ച് ഇന്ത്യക്കാരന് 6,000 രൂപ ടിപ്പ് നല്‍കി പാകിസ്ഥാന്‍കാരന്‍; വീഡിയോ വൈറല്‍

കാനഡയിലേക്ക് കുടിയേറിയ പാകിസ്ഥാന്‍ സ്വദേശിയായ ഹംസ, ഇന്ത്യന്‍ കുടിയേറ്റക്കാരനായ നവനീതിന് 100 കനേഡിയന്‍ ഡോളര്‍ (6,000 രൂപ) ടിപ്പ് നല്‍കിയപ്പോൾ. സമൂഹ മാധ്യമ ഉപയോക്താക്കൾ രണ്ട് തട്ടിലായി.  ചിലര്‍ ഹംസയുടെ പ്രവര്‍ത്തിയ പ്രശംസിച്ചപ്പോൾ മറ്റ് ചിലര്‍ നവനീതിനെ രൂക്ഷമായി ആക്രമിച്ചു.  ഇന്‍സ്റ്റാഗ്രാമില്‍ ‘വാട്ട്മോട്ടിവേറ്റഡ് യു’ എന്ന പേരിലുള്ള അക്കൌണ്ടിലൂടെ ഹംസ പങ്കുവച്ച രണ്ട് വീഡിയോകളാണ് സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം. കാനഡയില്‍ നേഴ്സിംഗ് ജോലി ചെയ്യുകയാണ് ഹംസ. 

ആദ്യ വിഡിയോയില്‍ തനിക്കുള്ള ഭക്ഷണ ഓർഡറുമായെത്തിയ നവനീത് എന്ന ഇന്ത്യന്‍ പ്രവാസിയെ ഹംസ അസീസ് പരിചയപ്പെടുത്തുന്നു. പക്ഷേ, താന്‍ ഓർഡർ ചെയ്തത് പിസ ആണെന്നും ഭക്ഷണം മാറിപ്പോയെന്നും ഹംസ പറയുമ്പോൾ ക്ഷമാപണം പറഞ്ഞ നവനീത് താന്‍ ഓർഡർ ചെയ്ത ഭക്ഷണം എടുത്ത് വരാമെന്നും ഒരു 15, 20 മിനിറ്റ് സമയം തരണമെന്നും പറയുന്നു. ഈ സമയം ആദ്യമായാണ് ഒരാൾ ഇത്തരത്തില്‍ സംസാരിക്കുന്നതെന്ന് പറഞ്ഞ് കൊണ്ട് ഹംസ, നവനീതിനെ പരിചയപ്പെടുകയും അദ്ദേഹത്തിന്‍റെ ആഗ്രഹമെന്തെന്നും ചോദിക്കുന്നു. ഇന്ത്യയിലെ പഞ്ചാബില്‍ നിന്നും കാനഡയിലെത്തിയ തനിക്ക് ഇവിടെ ഒരു ബാര്‍ബര്‍ ഷോപ്പ് തുടങ്ങനാണ് ആഗ്രഹമെന്ന് നവനീത്, ഹംസയെ അറിയിക്കുന്നു. ഈ സമയം ഹംസ, നവനീതിന് 100 കനേഡിയന്‍ ഡോളര്‍ സമ്മനിക്കുന്നതും വീഡിയോയില്‍ കാണാം. ഈ വീഡിയോ ഏതാണ്ട് രണ്ട് കോടിയിലേറെ പേര്‍ കണ്ടു കഴിഞ്ഞു. 

വീഡിയോ വൈറലായതിന് പിന്നാലെ ഹംസ തന്‍റെ രണ്ടാമത്തെ വീഡിയോയുമായി രംഗത്തെത്തി. അതില്‍ നവനീതിനെ പരിചയപ്പെട്ടതെങ്ങനെ എന്ന് ചുരുങ്ങിയ വാക്കുകളില്‍ വ്യക്തമാക്കിയ ഹംസ, വീഡിയോയുടെ ഒടുവില്‍ നവനീതിന്‍റെ ബാര്‍ബര്‍ ഷോപ്പില്‍ മുടി മുറിക്കാനിരിക്കുന്നത് കാണിച്ചു. ഇന്ത്യക്കാരനായി ഒരു പ്രവാസിയെ സഹായിക്കാനുള്ള ഹംസയുടെ വിശാല മനസിനെ നിരവധി പേര്‍ അഭിനന്ദിച്ചു. പരസ്പരം മറക്കാനും സ്നേഹിക്കാനും കഴിയുന്നവനാണ് മനുഷ്യനെന്ന് ചിലര്‍ കുറിപ്പെഴുതി.  എന്നാല്‍ മറ്റ് ചിലര്‍ നവനീത്, കാനഡിയിലേക്ക് കുടിയേറിയത് ബാര്‍ബര്‍ ഷോപ്പ് തുറക്കാനായിരുന്നോ അത് പഞ്ചാബില്‍ ചെയ്താല്‍ മതിയായിരുന്നല്ലോയെന്ന് കുറിച്ചു. 

 

By admin