ഒറ്റയ്ക്കും കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവുമൊക്കെ ഒരുപാട് യാത്രകൾ ചെയ്യുന്ന താരമാണ് സിനിമാ, സീരിയൽ താരം ഗായത്രി അരുൺ. തന്റെ യാത്രാ വിശഷേങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയും താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോളിതാ കസിൻസിനൊപ്പമുള്ള യാത്രാനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. മൂന്നാറിലെ സ്റ്റേലിയൻ എസ്റ്റേറ്റ് എന്ന റിസോർട്ടിലാണ് ഇവർ അവധിക്കാലം ആഘോഷമാക്കിയത്. ”കുട്ടിക്കാലത്തെ വികൃതികളിൽ നിന്നും യാത്രകളിലേക്ക്”, എന്ന അടിക്കുറിപ്പോടെയാണ് ഇൻസ്റ്റഗ്രാമിൽ ഗായത്രി അരുൺ വീഡിയോ പങ്കുവെച്ചത്. ഗായത്രിയുടെ കസിൻസിനൊപ്പം സഹോദരനും ഈ യാത്രയിൽ ഒപ്പമുണ്ടായിരുന്നു.
”ചിരി, ഫൺ, മറക്കാനാകാത്ത നിമിഷങ്ങൾ…. ഒരുമിച്ച് വളർന്നവരോടൊപ്പം യാത്ര ചെയ്യുക എന്നത് മറക്കാനാകാത്ത ഒരു അനുഭവമാണ്”, എന്നാണ് യാത്രയുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഗായത്രി കുറിച്ചത്. ഗായത്രിക്കൊപ്പം പത്തോളം പേരെയാണ് ചിത്രങ്ങളിൽ കാണുന്നത്.
സിനിമാ സീരിയൽ അഭിനയത്തോടൊപ്പം അവതരണവും പുസ്തകമെഴുത്തും വ്ലോഗിങ്ങും ബിസിനസുമെല്ലാം ഒരുമിച്ച് കൊണ്ടുപോകുന്ന താരമാണ് ഗായത്രി അരുൺ. ‘അച്ചപ്പം കഥകൾ’ എന്ന ആദ്യപുസ്തകത്തിനു പിന്നാലെ ഗായത്രിയുടെ രണ്ടാമത്തെ പുസ്തകം അടുത്തിടെ കോഴിക്കോടു വെച്ചു നടന്ന കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ വെച്ച് പ്രകാശനം ചെയ്യപ്പെട്ടിരുന്നു.. ‘യാത്രയ്ക്കപ്പുറം’ എന്നാണ് ഗായത്രിയുടെ പുതിയ പുസ്‍തകത്തിന്റെ പേര്. കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും ഒറ്റക്കും ഗായത്രി നടത്തിയ യാത്രാ ഓർമകളിലൂടെയുള്ള ഒരു സഞ്ചാരമാണ് ‘യാത്രയ്ക്കപ്പുറം’. ഡിസി ബുക്ക്സ് ആണ് പുസ്‍തകത്തിന്റെ പ്രസാധകർ.
അഭിനയത്തിനും എഴുത്തിനും പുറമേ, അവതാരക എന്ന നിലയിലും ഗായത്രി ഇതിനകം പ്രശസ്തി നേടിയിട്ടുണ്ട്. സ്വന്തമായി ഒരു നെയിൽ ആർട്ട് സ്റ്റുഡിയോയും താരം അടുത്തിടെ ആരംഭിച്ചിരുന്നു. സ്വന്തം നാടായ ചേർത്തലയിൽ തന്നെയാണ് സ്റ്റുഡിയോയുടെ പ്രവർത്തനം. ബിസിനസ് ഒരിക്കലും തനിക്ക് വഴങ്ങില്ല എന്നു കരുതിയിരുന്നതാണെന്നും വളരെ പെട്ടെന്നെടുത്ത ഒരു തീരുമാനമായിരുന്നു പുതിയ സംരംഭത്തിന് പിന്നിലെന്നും ഗായത്രി പറഞ്ഞിരുന്നു.
Read More: വ്ളോഗിംഗ് എളുപ്പമുള്ള പണിയല്ല’; വരുമാനം ചോദിക്കുന്നത് ഇഷ്ടമല്ല ആലീസ് ക്രിസ്റ്റി