ഐപിഎല്‍: ഗില്‍ മടങ്ങി, ഗുജറാത്തിനെ പിടിച്ചുകെട്ടി ആര്‍സിബി; പവര്‍ പ്ലേയില്‍ ഭേദപ്പെട്ട തുടക്കം
ബെംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചഴ്സ് ബെംഗളൂരുവിനെതിരെ 170 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഗുജറാത്ത് ടൈറ്റന്‍സിന് ഭേദപ്പെട്ട തുടക്കം പവര്‍ പ്ലേ പിന്നിടുമ്പോള്‍ ഗുജറാത്ത് ഏഴോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സെന്ന നിലയിലാണ്. 26 റണ്‍സോടെ സായ് സുദര്‍ശനും ഒമ്പത് റണ്‍സുമായി ജോസ് ബട്‌ലറും ക്രീസില്‍. 14 പന്തില്‍ 14 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്‍റെ വിക്കറ്റാണ് ഗുജറാത്തിന് നഷ്ടമായത്. ഭുവനേശ്വര്‍ കുമാറിനാണ് വിക്കറ്റ്.
170 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഗുജറാത്തിനെ വരിഞ്ഞുകെട്ടിയാണ് ജോഷ് ഹേസല്‍വുഡും ഭുവനേശ്വര്‍ കുമാറും തുടങ്ങിയത്. ഭുവിയെറിഞ്ഞ ആദ്യ ഓവറില്‍ അഞ്ചും ഹേസല്‍വുഡിന്‍റെ രണ്ടാം ഓവറില്‍ ആറ് റണ്‍സും നേടാനെ ഗുജറാത്തിനായുള്ളു. ഭുവി മൂന്നാം ഓവറില്‍ നാലു റണ്‍സ് മാത്രം വഴങ്ങി ഗുജറാത്തിന്‍റെ കുതിപ്പ് തടഞ്ഞു. എന്നാല്‍ ഹേസല്‍വുഡിനെതിരെ നാലാം ഓവറില്‍ സിക്സും ഫോറും നേടി സായ് സുദര്‍ശൻ കെട്ട് പൊട്ടിച്ചു. ഭുവനേശ്വര്‍ കുമാറിനെതിരെ അഞ്ചാം ഓവറില്‍ സിക്സര്‍ പറത്തിയ ഗില്ലിന് പക്ഷെ അധികം ആയുസുണ്ടായില്ല. അടുത്ത പന്തില്‍ വീണ്ടും വമ്പനടിക്ക് ശ്രമിച്ച ഗില്ലിനെ ലിയാം ലിവിംഗ്സ്റ്റണ്‍ ഓടിപ്പിടിച്ചു. പവര്‍ പ്ലേയിലെ അവസാന ഓവര്‍ എറിഞ്ഞ യാഷ് ദയാലിനെതിരെ ഒരു ബൗണ്ടറി മാത്രമാണ് ഗുജറാത്തിന് നേടാനായത്.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി തുടക്കത്തില്‍ തകര്‍ന്നടിഞ്ഞെങ്കിലും ലിയാം ജിതേഷ് ശര്‍മയുടെയും ലിവിംഗ്സ്റ്റണിന്‍റെയും ടിം ഡേവിഡിന്‍റെയും ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സടിച്ചു. 40 പന്തില്‍ 54 റൺസടിച്ച ലിവിംഗ്സ്റ്റണാണ് ആര്‍സിബിയുടെ ടോപ് സ്കോറര്‍. ജിതേഷ് ശര്‍മ 33ഉം ടിം ഡേവിഡ് 18 പന്തില്‍ 32 ഉം റണ്‍സെടുത്തപ്പോള്‍ വിരാട് കോലി ഏഴും ഫില്‍ സാള്‍ട്ട് 14ഉം റണ്‍സെടുത്ത് പുറത്തായി. ഗുജറാത്തിനായി മുഹമ്മസ് സിറാജ് മൂന്നും സായ് കിഷോർ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.