ഊട്ടിയിൽ വൻ പ്രതിഷേധം, ഇ-പാസ് വേണ്ടെന്ന് വ്യാപാരികൾ; നീലഗിരിയില്‍ കടയടപ്പ് സമരം
സുല്‍ത്താന്‍ബത്തേരി: മലപ്പുറം ജില്ലയില്‍ നിന്ന് അടക്കം നീലഗിരി ജില്ലയിലേക്ക് വിനോദ സഞ്ചാരികളും മറ്റുമായി എത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ ഇ-പാസ് സംവിധാനത്തിനെതിരെ വ്യാപാരികളുടെ പ്രതിഷേധം. 24 മണിക്കൂര്‍ കടകള്‍ അടച്ചിട്ടുള്ള സമരം നീലഗിരി ജില്ലയില്‍ പുരോഗമിക്കുകയാണ്. ഈ-പാസ് പിന്‍വലിക്കുകയെന്നതടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തമിഴ്നാട് വ്യാപാരി സംഘമാണ് ഇന്ന് രാവിലെ ആറ് മണി മുതല്‍ വ്യാഴാഴ്ച രാവിലെ ആറ് മണി വരെ നീലഗിരിയില്‍ 24 മണിക്കൂര്‍ കടയടപ്പ് സമരം നടത്തുന്നത്.
ജില്ലയിലെ ഊട്ടി, കൂനൂര്‍, കോത്തഗിരി, കുന്ത, ഗൂഡല്ലൂര്‍, പന്തല്ലൂര്‍ ഉള്‍പ്പെടെ ആറ് താലൂക്കുകളിലെ മുഴുവന്‍ കടകളും അടഞ്ഞുകിടക്കുകയാണ്. വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് താരതമ്യേന കുറവാണെങ്കിലും നിര്‍ബന്ധപൂര്‍വ്വം തടയുന്നില്ല. സെക്ഷന്‍ 17 ഭൂമി പ്രശ്‌നം പരിഹരിക്കുക, പട്ടയം, വൈദ്യുതി എന്നിവ നല്‍കുക, ഊട്ടി ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ പ്രവേശന പാര്‍ക്കിംഗ് ഫീസുകള്‍ കുറക്കുക, മസിനഗുഡി മരവക്കണ്ടി ഡാമില്‍ ബോട്ട് സര്‍വീസ് തുടങ്ങുക, തേയിലക്ക് ന്യായമായ വില നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കൂടി സമരക്കാര്‍ ഉന്നയിക്കുന്നുണ്ട്.
READ MORE: ഇനി മെല്ലെപ്പോക്ക് ഇല്ല, യാത്രക്കാർക്ക് കോളടിച്ചു; കേരളത്തിൽ ട്രെയിനുകൾക്ക് വേഗത കൂടും