ഈദുല്‍ ഫിത്വര്‍ ആഘോഷ നിറവിൽ ഒമാൻ

മസ്കത്ത്: വ്രത ശുദ്ധിയുടെ മുപ്പത് രാപ്പകലുകള്‍ കഴിഞ്ഞ് ഒമാനില്‍ വിശ്വാസികള്‍ ഈദുല്‍ ഫിത്വര്‍ ആഘോഷിച്ചു. നിരാലംബര്‍ക്ക് ദാനം നല്‍കിയും തക്ബീര്‍ ധ്വനികള്‍ ഉരുവിട്ടുമാണ് രാജ്യത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും വിശ്വാസികൾ പെരുന്നാള്‍ നിസ്‌കാരത്തിനെത്തിയത്. ഒമാൻ സ്വദേശി സമൂഹത്തോടൊപ്പം മലയാളികളുള്‍പെടെയുള്ള പ്രവാസി സമൂഹവും ഭക്ത്യാദരങ്ങളോടെയാണ് ഈദ് ആഘോഷത്തില്‍ പങ്കുചേര്‍ന്നത്. അതിരാവിലെ തന്നെ സ്വദേശികളുടെ പെരുന്നാള്‍ നിസ്‌കാരങ്ങള്‍ കഴിഞ്ഞിരുന്നു. നിസ്‌കാരം കഴിഞ്ഞയുടന്‍ തക്ബീര്‍ ധ്വനികളാല്‍ അന്തരീക്ഷം മുഖരിതമായിരുന്നു. 

മസ്‌കത്ത് സുല്‍ത്താന്‍ ഖാബൂസ് ഗ്രാന്റ് മസ്ജിദിലായിരുന്നു ഒമാൻ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് പെരുന്നാള്‍ നിസ്‌കാരത്തില്‍ പങ്കെടുത്തത്. മന്ത്രിമാര്‍, അണ്ടര്‍ സെക്രട്ടറിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ മസ്‌കത്തിലും സലാലയിലും നടന്ന ഈദ് നിസ്‌കാരങ്ങളില്‍ പങ്കെടുത്തു. രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും സുല്‍ത്താന്‍ ഖാബൂസ് ഈദുല്‍ ഫിത്വര്‍ ആശംസകള്‍ നേര്‍ന്നു. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച്  577 തടവുകാര്‍ക്ക്  ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് പൊതുമാപ്പ് നൽകി വിട്ടയക്കുവാൻ ഉത്തരവ് ഇറക്കിയിട്ടുണ്ട്. വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന തടവുകാരാണ് മോചിപ്പിക്കപ്പെടുന്നത്. 

ഒമാൻ സ്വദേശികളുടെ നിസ്‌കാരാനന്തരം വിദേശികള്‍ പള്ളികളില്‍ പെരുന്നാള്‍ നിസ്‌കാരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. വിവിധ ഇടങ്ങളില്‍ ഈദ് മുസല്ലകളിലും ഈദ് ഗാഹുകളിലും ചെറിയ പെരുന്നാൾ നിസ്‌കാരങ്ങള്‍ നടന്നു. രണ്ട്  വാരാന്ത്യങ്ങളടക്കം ഒൻപതു ദിവസത്തെ വളരെ നീണ്ട അവധിയാണ് ഈപ്രാവശ്യം ഒമാനിൽ ചെറിയ പെരുന്നാളിന് ലഭിച്ചത്. അവധിക്കു  ശേഷം ഏപ്രിൽ ആറ്  ഞായറാഴ്ച്ച മുതൽ   സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾ പ്രവർത്തനങ്ങൾ ആരംഭിക്കും.

read more: കുവൈത്ത് നാറ്റോയുടെ തന്ത്രപരമായ സഖ്യകക്ഷിയാണെന്ന് ജാവിയർ കൊളോമിന

By admin