ഇന്ത്യൻ കമ്പനിയും ഇലോൺ മസ്‍കും തമ്മിൽ നിയമപോരാട്ടം, സംഭവിക്കുന്നതെന്തെന്ന് ഇനി കണ്ടറിയണം!
യുഎസ് ഇവി നിർമ്മാതാക്കളായ ടെസ്‌ല ഇൻകോർപ്പറേറ്റഡും ഇന്ത്യൻ ബാറ്ററി നിർമ്മാതാക്കളായ ടെസ്‌ല പവറും തമ്മിൽ വ്യാപാരമുദ്ര ലംഘനത്തെച്ചൊല്ലി തർക്കം രൂക്ഷമാകുന്നു. അമേരിക്കൻ വ്യവസായിയും ലോകത്തിലെ ഏറ്റവും ധനികനുമായ ഇലോൺ മസ്‌കിന്റെ കമ്പനിയായ ടെസ്‌ല ഇൻകോർപ്പറേറ്റഡും ഗുരുഗ്രാം ആസ്ഥാനമായുള്ള ബാറ്ററി നിർമ്മാതാക്കളായ ടെസ്‌ല പവർ ഇന്ത്യയും തമ്മിലുള്ള വ്യാപാരമുദ്രയെച്ചൊല്ലിയുള്ള മധ്യസ്ഥ ചർച്ചകൾ പരാജയപ്പെട്ടു. തുടർന്ന്, യുഎസ് ഇലക്ട്രിക് വാഹന ഭീമനായ കമ്പനിയുടെ വ്യാപാരമുദ്ര ലംഘന തർക്കം ഏപ്രിൽ 15 ന് കേൾക്കാൻ അടുത്തിടെ ഡൽഹി ഹൈക്കോടതി തീരുമാനിച്ചു.
ഈ രണ്ട് കമ്പനികൾ തമ്മിലുള്ള വ്യാപാരമുദ്രയെച്ചൊല്ലിയുള്ള തർക്കം കഴിഞ്ഞ വർഷമാണ് ആരംഭിച്ചത്. ഗുരുഗ്രാം ആസ്ഥാനമായുള്ള ടെസ്‌ല പവർ ഇന്ത്യയ്‌ക്കെതിരെ കഴിഞ്ഞ വർഷം മെയ് 2 ന് ഡൽഹി ഹൈക്കോടതിയിൽ ടെസ്‌ല ഇൻകോർപ്പറേറ്റഡ് ഒരു വ്യാപാരമുദ്ര ലംഘന കേസ് ഫയൽ ചെയ്തിരുന്നു. എലോൺ മസ്‌കിന്റെ ഇലക്ട്രിക് വാഹന കമ്പനിയുമായി ബന്ധമുണ്ടെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ കമ്പനി ‘ടെസ്‌ല’ പേരും ലോഗോയും ഉപയോഗിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഇത്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ടെന്നും ഒരുപക്ഷേ അതിന്റെ പ്രശസ്തിക്ക് കോട്ടം വരുത്തുമെന്നും ആരോപിച്ചായിരുന്നു യുഎസ് കാർ നിർമ്മാതാവ് ഇന്ത്യൻ കമ്പനിക്കെതിരെ കേസ് ഫയൽ ചെയ്തത്. ടെസ്‌ല പവർ എന്ന പേരിൽ ഇലക്ട്രിക് സ്‌കൂട്ടറുകൾ വിറ്റതായും ആരോപണമുണ്ടായിരുന്നു.
അതിനുശേഷം, വ്യാപാരമുദ്ര ലംഘനം ആരോപിച്ചുള്ള തർക്കം മധ്യസ്ഥതയിലൂടെ പരിഹരിക്കാനും ഡൽഹി ഹൈക്കോടതിയുടെ മീഡിയേഷൻ ആൻഡ് കൺസിലിയേഷൻ സെന്ററിന് മുന്നിൽ ഹാജരാകാനും കോടതി ഇരു കക്ഷികളോടും ആവശ്യപ്പെട്ടു. എന്നാൽ ഈ ചർച്ചകൾ അവസാനിച്ചു. ഇപ്പോൾ ഇരു കക്ഷികളും ഏപ്രിൽ 15 ന് ഡൽഹി ഹൈക്കോടതിയിൽ ഹാജരാകും,
ഗുരുഗ്രാം ആസ്ഥാനമായുള്ള ടെസ്‌ല പവർ, ടെസ്‌ല എന്ന പേരിൽ ആകെ 699 ഇലക്ട്രിക് സ്‌കൂട്ടറുകൾ വിറ്റഴിച്ചതായി ആരോപണം ഉണ്ട്. എന്നാൽ കമ്പനിയുടെ പ്രധാന ബിസിനസ് ഓട്ടോമൊബൈലുകൾക്കും ഇൻവെർട്ടറുകൾക്കുമുള്ള ലെഡ്-ആസിഡ് ബാറ്ററികൾ നിർമ്മിക്കുക എന്നതാണെന്നും ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്നില്ല എന്നും കമ്പനി പറയുന്നു. ഇ-അശ്വ എന്ന മറ്റൊരു ഇലക്ട്രിക് വാഹന നിർമ്മാതാക്കളുമായി സഹകരിച്ചാണ് ഇലക്ട്രിക് സ്‍കൂട്ടർ വിറ്റതെന്നും കമ്പനി അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ടെസ്‌ല പവർ പറയുന്നു.
ഇരുകമ്പനികളും തമ്മിലുള്ള മധ്യസ്ഥ ചർച്ചകൾ പരാജയപ്പെട്ടതിനാൽ, ഡൽഹി കോടതി ഏപ്രിലിൽ കേസ് പരിഗണിക്കും. ഏപ്രിൽ 15 ന് സിംഗിൾ ജഡ്ജി ജസ്റ്റിസ് സൗരഭ് ബാനർജി കേസ് പരിഗണിക്കും, അതിനുശേഷം മാത്രമേ ഈ വിഷയത്തെക്കുറിച്ചുള്ള എന്തെങ്കിലും അപ്‌ഡേറ്റ് ലഭ്യമാകൂ.