ഇനി മെല്ലെപ്പോക്ക് ഇല്ല, യാത്രക്കാർക്ക് കോളടിച്ചു; കേരളത്തിൽ ട്രെയിനുകൾക്ക് വേഗത കൂടും

കൊച്ചി: ട്രെയിൻ യാത്രക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. കേരളത്തിലെ ട്രെയിനുകൾക്ക് വേഗത കൂടും. എറണാകുളം – ഷൊര്‍ണൂര്‍ റൂട്ടിൽ ആധുനിക സിഗ്നലിംഗ് സംവിധാനം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തി അവസാന ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. ഈ റൂട്ടിലുള്ള റെയിൽവേ ട്രാക്കിലെ വളവുകൾ നിവര്‍ത്തുക കൂടി ചെയ്യുന്നതോടെ ട്രെയിനുകൾക്ക് നിലവിലുള്ളതിനേക്കാൾ വേഗത കൈവരിക്കാൻ സാധിക്കും. 

മണിക്കൂറിൽ 160 കിലോമീറ്റര്‍ വരെ വേഗതയിൽ ഓടാൻ കഴിയുന്ന വന്ദേ ഭാരത് ട്രെയിനുകൾ ഉൾപ്പെടെ ഈ റീച്ചിൽ 80 കിലോമീറ്റര്‍ വരെ, അതായത് പകുതി വേഗതയിലാണ് സര്‍വീസ് നടത്തുന്നത്. ഒട്ടേറെ വളവുകളുള്ള എറണാകുളം – ഷൊര്‍ണൂര്‍ പാതയിൽ ട്രെയിനുകൾക്ക് 80 കിലോമീറ്ററിനപ്പുറത്തേയ്ക്ക് വേഗമെടുക്കാൻ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. പുതിയ സിഗ്നലിംഗ് സംവിധാനം സ്ഥാപിക്കുകയും ഈ റീച്ചിലെ വളവുകൾ നിവര്‍ത്തുകയും ചെയ്യുന്നതോടെ ഈ റൂട്ടിലും ട്രെയിനുകളുടെ വേഗത കൂട്ടാൻ സാധിക്കും. മാത്രമല്ല, എറണാകുളം – ഷൊര്‍ണൂര്‍ റൂട്ടിലെ മൂന്നാം പാതയുടെ ഡിപിആര്‍ തയ്യാറായി കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. മണിക്കൂറിൽ 160 കിലോമീറ്റര്‍ വരെ വേഗത്തിൽ ട്രെയിൻ ഓടിക്കാൻ സാധിക്കുന്ന മൂന്നാം പാതയാണ് പദ്ധതിയിലുള്ളത്. ഇതുവഴി യാത്രക്കാര്‍ക്ക് സമയം ലാഭിക്കുകയും ചെയ്യാം. 

പുതിയ സിഗ്നലിംഗ് സംവിധാനം വരുന്നതോടെ എറണാകുളം – ഷൊർണൂർ റൂട്ടിൽ കൂടുതൽ ട്രെയിനുകൾക്ക് സര്‍വീസ് നടത്താൻ സാധിക്കും എന്നതാണ് മറ്റൊരു പ്രധാന സവിശേഷത. ഒരു ട്രെയിൻ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് 8 കിലോമീറ്റര്‍ ദൂരം പിന്നിടുമ്പോഴാണ് അടുത്ത ട്രെയിൻ ഇതുവഴി കടത്തിവിടുകയുള്ളൂ. പുതിയ സിഗ്നലിംഗ് സംവിധാന പ്രകാരം ഒരു ട്രെയിൻ പുറപ്പെട്ട് 2 കിലോമീറ്റര്‍ പിന്നിട്ടാൽ അടുത്ത ട്രെയിനിനെ കടത്തി വിടാൻ സാധിക്കും. ഈ സമയ ലാഭം ഉപയോഗിച്ച് കൂടുതൽ ട്രെയിനുകൾ ഓടിക്കാനും സാധിക്കും. 

READ MORE:  ശാന്തതയും സാഹസികതയും ഒരുപോലെ ചേരുന്നയിടം; പുത്തൻ ഹിഡൻ സ്പോട്ട്, പോകാം ചരൽക്കുന്നിലേയ്ക്ക്

By admin