‘ഇതൊട്ടും പ്രതീക്ഷിച്ചില്ല, എല്ലാം അവർക്ക് അനുകൂലമാക്കി’; ലക്നൗ ക്യുറേറ്റർക്കെതിരെ തുറന്നടിച്ച് സഹീർ ഖാൻ

സ്വന്തം മൈതാനത്ത് പഞ്ചാബ് കിങ്സിനെതിരെ എട്ട് വിക്കറ്റ് തോല്‍വി വഴങ്ങിയതിന് പിന്നാലെ ഏകന സ്റ്റേഡിയത്തിലെ പിച്ച് ക്യുറേറ്റ‍ര്‍മാര്‍ക്കെതിരെ വിമ‍ര്‍ശനവുമായി ലക്നൗ സൂപ്പ‍ര്‍ ജയന്റ്സ് മെന്റ‍ര്‍ സഹീ‍ര്‍ ഖാൻ. ഹോം മത്സരങ്ങള്‍ മറ്റ് ടീമുകള്‍ എങ്ങനെയാണ് പ്രയോജനപ്പെടുത്തുന്നതെന്ന് നാം കണ്ടതാണ്. പക്ഷേ, ഇന്നത്തെ മത്സരം കണ്ടപ്പോള്‍ പിച്ചൊരുക്കിയത് പഞ്ചാബിന്റെ ക്യുറേറ്ററാണെന്ന് തോന്നിപ്പോയി, സഹീ‍‍ര്‍ പറഞ്ഞു.

ഇത്തരമൊരു സാഹചര്യം ആദ്യത്തേതും അവസാനത്തേതുമാണെന്ന് ഞാൻ കരുതുന്നു. കാരണം നിങ്ങള്‍ നിരാശപ്പെടുത്തുന്നത് ലക്നൗ ആരാധകരെക്കൂടിയാണ്. ആദ്യ ഹോം മത്സരം ടീം ജയിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധക‍ര്‍ എത്തിയതെന്നും സഹീ‍ര്‍ കൂട്ടിച്ചേ‍ര്‍ത്തു.

“ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്. തോല്‍വി ഞങ്ങള്‍ അംഗീകരിക്കുന്നു. ഹോം മത്സരങ്ങള്‍ പ്രയോജനപ്പെടുത്താൻ കഴിയാവുന്നതെല്ലാം ചെയ്യും. ആറ് ഹോം മത്സരങ്ങള്‍ക്കൂടി അവശേഷിക്കുന്നുണ്ട്. ഐപിഎല്ലിന് അനിവാര്യമായ നിമിഷങ്ങള്‍ ടീമിന്റെ പ്രകടനത്തില്‍ കാണാനായിട്ടുണ്ട്. അസാധാരണമായ ചിന്താശേഷിയും പോരാടാനുമുള്ള മനസുമാണ് ആവശ്യം,” സഹ‍ീര്‍ വ്യക്തമാക്കി.

പേസ് നിര പരുക്കിന്റെ പിടിയിലായതിനാല്‍ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചായിരിക്കാം ലക്നൗ പ്രതീക്ഷിച്ചത്. അതിനാല്‍ രണ്ട് പേസര്‍മാരെ മാത്രമായിരുന്നു പഞ്ചാബിനെതിരെ ലക്നൗ കളത്തിലിറക്കിയത്. മറുവശത്ത് പഞ്ചാബ് നാല് പേസര്‍മാരെ ഉപയോഗിച്ചു. അ‍ര്‍ഷദീപ് സിങ്, മാര്‍ക്കസ് സ്റ്റോയിനിസ്, ലോക്കി ഫെ‍ര്‍ഗൂസണ്‍,  മാര്‍ക്കൊ യാൻസണ്‍. നാല്‍വര്‍ സംഘം 13 ഓവറില്‍ 112 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകളും പിഴുതു.

സഹീറിനോട് സമാനമായ  പ്രതികരണമാണ് ലക്നൗ നായകൻ റിഷഭ് പന്തും നടത്തിയത്. മത്സരശേഷം വേഗതകുറഞ്ഞ പിച്ചായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്ന് പന്ത് വെളിപ്പെടുത്തി. വേഗതകുറഞ്ഞ വിക്കറ്റ് ലഭിക്കുക എന്നതായിരുന്നു ലക്ഷ്യം. ഹോം മത്സരമായതുകൊണ്ടുതന്നെ അങ്ങനെയാണ് കരുതിയതും. സ്ലൊ ബോളുകള്‍ക്ക് ആനുകൂല്യമുണ്ടായിരുന്നു, പക്ഷേ പ്രതീക്ഷിച്ച അത്രയും ലഭിച്ചില്ലെന്നും ലക്നൗ നായകൻ പറഞ്ഞു.

ആദ്യം ബാറ്റ് ചെയ്ത ലക്നൗ ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം 22 പന്തുകള്‍ ബാക്കി നില്‍ക്കെയായിരുന്നു പഞ്ചാബ് മറികടന്നത്.

By admin