‘അവരുടെ പോരാട്ടം ഞങ്ങളുടേത് കൂടി, ആശാ പ്രവർത്തകർ കേരളത്തിന്‍റെ ആരോഗ്യമേഖലയുടെ നട്ടെല്ല്’; പിന്തുണച്ച് പ്രിയങ്ക

ദില്ലി: കേരളത്തിൽ സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് പിന്തുണയുമായി വയനാട് എംപി പ്രിയങ്ക ഗാന്ധി. ആശാ പ്രവർത്തകർ കേരളത്തിന്‍റെ ആരോഗ്യമേഖലയുടെ നട്ടെല്ലാണ് . അവർ ഉയർത്തിപ്പിടിച്ച സംവിധാനം അവരെ ഉപേക്ഷിച്ചു. ആശാ പ്രവർത്തകരുടെ പോരാട്ടം ഞങ്ങളുടെത് കൂടിയാണ്. ആശ വർക്കർമാരുടെ നിസ്വാർത്ഥ സേവനത്തെ ബഹുമാനിച്ചുകൊണ്ട് അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും പ്രിയങ്ക എക്സിൽ കുറിച്ചു. 

അതേസമയം, വേതന വര്‍ധന ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശവർക്കർമാരുമായി സർക്കാർ നാളെ വീണ്ടും ചർച്ച നടത്തും.  നാളെ വൈകിട്ട് മൂന്ന് മണിക്ക് എൻ എച്ച് എം ഓഫീസിൽ വെച്ചാണ് ചർച്ച. മുഴുവൻ സംഘടനകളുമായും ആരോഗ്യമന്ത്രി ചർച്ച നടത്തും. സമരക്കാർക്കൊപ്പം തൊഴിലാളി സംഘടനകളായ സിഐടിയു-ഐഎൻടിയുസി നേതാക്കളെയും ചർച്ചക്ക് വിളിച്ചിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് സംസ്ഥാന സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച നടത്തുന്നത്. ഓണറേറിയം കൂട്ടുന്നത് അടക്കമുള്ള ആവശ്യങ്ങളിൽ അനുകൂല തീരുമാനമെടുത്ത് ഉത്തരവിറക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് ആശാമാരുടെ നിലപാട്. 

രാപ്പകൽ സമരം 52 ദിവസം പിന്നിടുമ്പോൾ ആശമാരെ മൂന്നാം വട്ട ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് വീണ ജോർജ് ആശമാരുമായി വീണ്ടും ചർച്ച നടത്തുന്നത്. നേരത്തെ രണ്ട് വട്ടം സമരക്കാരുമായി മന്ത്രി നടത്തിയ ചർച്ച പരാജയമായിരുന്നു. എൻഎച്ച്എം ഡയറക്ടറുമായും രണ്ട് തവണ ചർച്ച നടന്നിരുന്നു. സർക്കാരിന്റെ കയ്യിൽ പണമില്ലെന്നും സമരക്കാർ വിട്ടുവീഴ്ച ചെയ്യണമെന്നുമായിരുന്നു നാല് ചർച്ചകളിലും സർക്കാർ നിലപാട്. നാളത്തെ ചർച്ചയിൽ സർക്കാർ വഴങ്ങുമെന്നാണ് സമരക്കാരുടെ പ്രതീക്ഷ. ഹോണറേറിയം കൂട്ടുന്നതിലും വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുന്നതിലും അടക്കം സമരക്കാർ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല.

By admin