അറുത്തുമാറ്റി അറ്റം കെട്ടിയാലും രക്തം വറ്റി അടർന്നുപോകാത്ത ബന്ധം, അമ്മ!

അറുത്തുമാറ്റി അറ്റം കെട്ടിയാലും രക്തം വറ്റി അടർന്നുപോകാത്ത ബന്ധം, അമ്മ!

65 വയസ്സുവരെ അമ്മയ്ക്ക് അജ്ഞാതമായിരുന്ന ജീവിതത്തിലെ നൽക്കാഴ്ചകളെല്ലാം സമ്മാനിക്കണമെന്ന ആഗ്രഹത്തോടെ കഴിഞ്ഞ എട്ടുമാസവും അമ്മയെയും എന്റെ മക്കളെപോലെയാണ്  നോക്കിയത്. ഗ്രീഷ്മങ്ങളുടെ താഴ്‌വരയിൽ അകാലത്തിൽ വേരറ്റുവീണ മോഹതരുക്കളെ ഉണർത്താൻ ഒരു മകളുടെ ശ്രമം.

അറുത്തുമാറ്റി അറ്റം കെട്ടിയാലും രക്തം വറ്റി അടർന്നുപോകാത്ത ബന്ധം, അമ്മ!

ഓക് ലാൻഡ് ഇന്റർനാഷണൽ എയർപോർട്ടിന്റെ ഡിപ്പാർച്ചർ കൗണ്ടറിലേക്ക് നടന്നുകയറിയ അമ്മ തിരിഞ്ഞുനോക്കി കൈയുയർത്തി കാണിച്ചപ്പോൾ ചെക്കിൻ കൗണ്ടറിന്റെ തൂണിന്റെ മറവിൽ ആരും കാണാതെ ഞാൻ വിങ്ങിപ്പൊട്ടുകയായിരുന്നു. എയർപോർട്ടിലെ തണുപ്പിൽ വിറങ്ങലിച്ച് ജാക്കറ്റിനുള്ളിലേക്ക് ചുരുണ്ടുകൂടി അടുത്ത കവാടവും കഴിഞ്ഞ് അമ്മ കണ്ണിൽനിന്നും മറയുമ്പോൾ കണ്ണുനീർ കൊണ്ട് എന്റെ കാഴ്ചയും മറഞ്ഞിരുന്നു. ബദ്ധപ്പെട്ട് അമ്മ വലിച്ചുകൊണ്ടു നടന്ന ട്രോളിബാഗിന്റെ സ്ഥാനത്ത് വിരലിൽ തൂങ്ങി പുറകെ പോകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് വെറുതെ ആശിച്ചു.

കഴിഞ്ഞ അവധിക്ക് നാട്ടിൽനിന്നും മടങ്ങുമ്പോൾ ഒപ്പം കൂട്ടിയതാണ് അമ്മയെ. ഒരു വർഷത്തെ വിസയുണ്ടെങ്കിലും എട്ടുമാസമായപ്പോൾ തന്നെ തിരികെ പോകുകയാണ് – വരാനിരിക്കുന്ന തണുപ്പുകാലത്തെ അതിജീവിക്കാൻ ശേഷിയില്ലാതെ!

അമ്മയെ കൊണ്ടുപോയാക്കാൻ ലീവിന് വേണ്ടി ബുദ്ധിമുട്ടുമ്പോഴാണ് ശരത്തേട്ടന്റെ സുഹൃത്ത് ജോണിച്ചേട്ടനും കുടുംബവും നാട്ടിലേക്ക് പോകുന്നുണ്ടെന്ന് അറിഞ്ഞത്.  ജോണിച്ചേട്ടനെയും ജിസിച്ചേച്ചിയെയും പലതവണ കണ്ടിട്ടുള്ളതിനാൽ അമ്മയ്ക്കും നല്ല പരിചയമാണ്. അമ്മയ്ക്ക് അല്പം ഷുഗർ ഉള്ളതുകൊണ്ട് ഇടയ്ക്കിടെ ടോയ്ലറ്റിൽ പോകണം, വയറ് പൊരിഞ്ഞിരിക്കാൻ വയ്യ. ജിസിചേച്ചി ആകുമ്പോൾ അതെല്ലാം അറിഞ്ഞു ചെയ്തുകൊള്ളും. അതുകൊണ്ടുതന്നെ വലിയൊരു ആശ്വാസമായിരുന്നു.

തിരിച്ചു വീട്ടിലേക്ക് ഡ്രൈവ് ചെയ്യുമ്പോൾ ശരത്തേട്ടൻ എന്റെ സങ്കടം മാറ്റാൻ വേണ്ടി എന്തൊക്കെയോ തമാശകൾ പറയുന്നുണ്ടായിരുന്നു. പക്ഷേ, കുട്ടികൾ പോലും അതൊന്നും ശ്രദ്ധിക്കുന്നില്ലായിരുന്നു. എട്ടും പത്തും വയസ്സുള്ള രണ്ട് പെൺകുട്ടികളാണ്. അമ്മമ്മ പോയ വിഷമമാണോ അതോ എന്റെ സങ്കടം കണ്ടിട്ടാണോ രണ്ടുപേരും മൗനത്തിലായിരുന്നു.

രണ്ട്

‘എടീ, കുറച്ചു ദിവസങ്ങളായി അച്ഛന്റെ സ്ഥിതി അത്ര നന്നല്ല. ഇത്രയും നാളത്തെപ്പോലെ മെച്ചപ്പെടുന്ന മട്ടില്ല. നിനക്കൊന്ന് വരാൻ പറ്റുമോ?’  -വ്യസനത്തോടുള്ള  ചേച്ചിയുടെ മെസേജ് വന്നപ്പോഴാണ് എമർജൻസി ലീവെടുത്ത് രണ്ടാഴ്ചത്തേക്ക് നാട്ടിൽ പോയത്. സങ്കൽപ്പിച്ചതിനേക്കാൾ ഉള്ളുലയ്ക്കുന്നതായിരുന്നു വീട്ടിലെ അവസ്ഥ. കുറച്ചുവർഷങ്ങളായി ലിവർ സിറോസിസിനോട് അടിയറവ് പറഞ്ഞ് കിടപ്പുമുറിയും ഉമ്മറവുമായി അച്ഛന്റെ ജീവിതം ഒതുങ്ങിക്കൂടിയിട്ട്. കട്ടിലിൽ നിന്നും കസേരയിലേക്ക് എന്ന നിലയിൽ അത് ചുരുങ്ങിയിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ; അമ്മ അച്ഛന്റെ ജീവിതത്തിന്റെ ഭാഗമാകാൻ തുടങ്ങിയിട്ടും!

സൈന്യത്തിൽ നിന്ന് വിരമിച്ച് അതിനേക്കാൾ കാർക്കശ്യത്തോടെ വീട്ടിലെ മേജർ പദവി അലങ്കരിച്ചു, അച്ഛൻ. തന്റെ അസ്ഥിയിൽനിന്നു അസ്ഥിയും  മാംസത്തിൽനിന്നു മാംസവും സ്വീകരിച്ചവൾ എന്ന അധികാരത്തിലാണ് അച്ഛൻ അമ്മയോട് പെരുമാറുന്നത് കണ്ടിട്ടുള്ളൂ. അതിൽ സ്‌നേഹം ഉണ്ടായിരുന്നോ? മക്കളായ ഞങ്ങളെ സ്‌നേഹിച്ചിരുന്നോ? ഒരു പട്ടാളക്കാരന്റെ കണിശതയോടു കൂടിത്തന്നെ എല്ലാ ഉത്തരവാദിത്വങ്ങളും നിവർത്തിച്ചിരുന്നു. ഞങ്ങളുടെ വിദ്യാഭ്യാസവും വിവാഹവും വിവാഹാനന്തരചടങ്ങുകളും ഭംഗിയായി ചെയ്തുതന്നു. അമ്മയും ഏറ്റവും വിധേയത്വത്തോടെ ആ നിഴലുപറ്റി ഒരു അമ്മയുടെ കടമകളും നിറവേറ്റി. ആചാരം പോലെ, നാട്ടുനടപ്പു പോലെ കൈപ്പറ്റിയതെല്ലാം അവരുടെ ഔദാര്യമായിരുന്നു എന്ന് തിരിഞ്ഞുകിട്ടാൻ വിദേശവാസം വേണ്ടിവന്നു. സംസ്‌കാരങ്ങളുടെ അന്തരം മാനുഷികബന്ധങ്ങളുടെ മൂല്യത്തെ മനസ്സിലാക്കിത്തരുമ്പോൾ അമ്മയിലെ സ്ത്രീയെ ആദ്യമായി കാണാൻ ശ്രമിച്ചു. ‘ഞാൻ’ എന്ന് ഉറച്ച് സംസാരിക്കാത്ത ഒരു പാവം സ്ത്രീയെ! ദാമ്പത്യത്തിനും ജീവിതത്തിനും അമ്മയ്ക്ക് ഒറ്റ അർത്ഥമേ ഉണ്ടായിട്ടുള്ളൂ – ഭർത്താവ്!

വിശ്വം ജയിച്ച് തളർന്നുറങ്ങുന്ന യാഗാശ്വം കട്ടിലിന്റെ ഒരു കോണിൽ ഭിത്തിയോട് ചേർന്നുകിടക്കുന്ന കാഴ്ച കണ്ടുനിൽക്കാവുന്നതിൽ അധികമായിരുന്നു. മുട്ട പൊട്ടിച്ചൊഴിച്ച പോലെ കണ്ണുകൾ, നീര് വെച്ച് മെത്തിയെ ശരീരം, വയറ് വലിയൊരു ബലൂൺ, ശരീരമാകെ മാന്തി ചോര കിനിയുന്ന പാടുകൾ, ഇനിയും ചൊറിഞ്ഞു മുറിക്കാതിരിക്കാൻ രണ്ട് കൈകളിലും തുണി ചുറ്റിക്കെട്ടിയിരിക്കുന്നു. ആ കാഴ്ചയെക്കാൾ അവിശ്വസനീയമായി തോന്നിയത് അമ്മയുടെ നിർവികാരതയാണ്. അരക്കല്ലു പോലെ നടു തേഞ്ഞുവളഞ്ഞ്, തോളെല്ലും വാരിയെല്ലുകളും ഉയർന്ന്,  കല്ലുസോഡക്കുപ്പിപോലെ കവിളുകൾ ഒട്ടി, കൃഷ്ണമണിയിൽ മാത്രം മങ്ങിയ പ്രകാശമൊളിപ്പിച്ചുവെച്ച ഒരു പ്രാകൃതരൂപം. ഉടുത്തിരിക്കുന്ന സാരിക്ക് നീളം വച്ച്, വാലറ്റം അലസമായി നിലത്തിഴയുന്നു.

അച്ഛൻ എന്നും ഒരു പോരാളിയായിരുന്നു. കൂട്ടുകുടുംബത്തിലെ പരാധീനതകളോടു പോരാടാൻ പട്ടാളത്തിലേക്ക്. അതിർത്തിയിൽ ശത്രുക്കളോടും ഒടുവിൽ സ്വന്തം അനാരോഗ്യത്തോടും വീര്യത്തോടെ പോരാടിയ അച്ഛൻ അമ്മയോടുള്ള സമീപനത്തിലും സംസാരത്തിലും ക്വാട്ട കൃത്യമായി പാലിച്ചിരുന്നു. എന്നാൽ അമ്മയായിരുന്നു അതിനേക്കാൾ ധീരയായ പോരാളി എന്ന് മനസ്സിലാക്കാൻ വിധിയുമായി ഒരു കൂടിക്കാഴ്ച തന്നെ വേണ്ടിവന്നു. അച്ഛന്റെ ഓരോ മൂളലിന്റെയും മുരങ്ങലിന്റെയും അർത്ഥവും ആവശ്യവും അറിഞ്ഞ് അമ്മ താങ്ങി എഴുന്നേൽപ്പിക്കുന്നു, കട്ടിലിൽ ചാരി ഇരുത്തുന്നു, കഞ്ഞി കോരിക്കൊടുക്കുന്നു, നനഞ്ഞ ഉടുമുണ്ടും വിരിപ്പുകളും മാറ്റുന്നു. മനസ്സുകൾ തമ്മിലുള്ള നിശ്ശബ്ദ വിനിമയങ്ങൾക്കിടയിൽ സംവേദനം ചെയ്യപ്പെട്ട ഇഷ്ടാനിഷ്ടങ്ങൾ! അമ്മയെക്കാൾ ഇരട്ടിയുള്ള അച്ഛന്റെ ശരീരം താങ്ങാൻ അമ്മക്ക് എങ്ങനെയാണ് കഴിയുന്നത്? ഒരു യന്ത്രമനുഷ്യനെപ്പോലെ!

45 വർഷം ദൈർഘ്യമുണ്ടായിരുന്ന അച്ഛൻ എന്ന കാലത്തിന് അമ്മയുടെ ജീവിതത്തിൽ തിരശ്ശീല വീണു. അമ്മയുടെ മറുപാതിയായിരുന്നില്ല; അച്ഛൻ തന്നെയായിരുന്നു അമ്മ. അങ്ങനെയുള്ള ഒരാളുടെ വിയോഗം എന്തുമാത്രം ശൂന്യതയാണ് മറ്റൊരാളുടെ ജീവിതത്തിൽ ഉണ്ടാക്കുക? ആ ശൂന്യതയ്ക്ക് എന്ത് അളവും ആകൃതിയും ആയിരിക്കും? അതിന് അച്ഛന്റെ രൂപവും ഭാവവും ആണെങ്കിൽ ഇപ്പോൾ അമ്മ എന്നത് വെറും പൊള്ളയായ ശരീരമല്ലേ!

വേർപാടിന്റെ  കൂർത്തമുള്ളുകളുടെ ദംശനമേറ്റു നീറിയ അമ്മയെ ചേച്ചി കൂടെ കൂട്ടി. രണ്ടുവർഷമായി അമ്മ ചേച്ചിയോടൊപ്പമായിരുന്നു.

മൂന്ന്

‘അമ്മ ഞങ്ങളുടെ കൂടെ ന്യൂസിലൻഡിന് വരുന്നുണ്ടോ?’
‘വരാം.’

പ്രതീക്ഷിച്ചതുപോലെയുള്ള യാതൊരു എതിർപ്പും ഉണ്ടായില്ലെങ്കിലും ആ ശബ്ദം പൊള്ളയായിരുന്നു.

65 വയസ്സുവരെ അമ്മയ്ക്ക് അജ്ഞാതമായിരുന്ന ജീവിതത്തിലെ നൽക്കാഴ്ചകളെല്ലാം സമ്മാനിക്കണമെന്ന ആഗ്രഹത്തോടെ കഴിഞ്ഞ എട്ടുമാസവും അമ്മയെയും എന്റെ മക്കളെപോലെയാണ്  നോക്കിയത്. ഗ്രീഷ്മങ്ങളുടെ താഴ്‌വരയിൽ അകാലത്തിൽ വേരറ്റുവീണ മോഹതരുക്കളെ ഉണർത്താൻ ഒരു മകളുടെ ശ്രമം. പക്ഷേ കഞ്ഞി മുക്കിയുടുക്കുന്ന വോയിൽസാരിക്കും, ഉപ്പേരി പൊടിച്ചിട്ട പൊടിയരിക്കഞ്ഞിക്കും അടുക്കളപ്പടിക്കുള്ളിലെ ഇത്തിരി വട്ടത്തിനും അപ്പുറത്തുള്ള ലോകം അമ്മയിൽ ഒരു കൗതുകവും ജനിപ്പിച്ചില്ല.അങ്ങനെ ഉള്ളൊരാൾക്ക് നേര്യമംഗലവും ഓക് ലാൻഡും തമ്മിൽ എന്തു വ്യത്യാസം!

മടക്കത്തിനു ബാഗുകൾ അടുക്കുമ്പോൾ ഇളയവൾ ചോദിച്ചു: ‘അമ്മമ്മ പോയിട്ട് തിരിച്ചുവരുമോ?’

നിസ്സംഗതയുടെ ഉത്തുംഗഭാവത്തിൽ നിന്നിറങ്ങി വന്ന ഒരു നിശ്വാസത്തിന്റെ തപം എന്റെ ഹൃദയത്തിലാണു ചെന്നു തൊട്ടത്.

എയർപോർട്ടിൽ നിന്നും തിരിച്ച് വീട്ടിലെത്തിയപ്പോൾ ഒരു ശൂന്യത എന്നെ പിന്തുടരുന്നുണ്ടായിരുന്നു. അതിന് കേവലം ഒരാളുടെ ആകൃതിയും വലുപ്പവും ആയിരുന്നില്ല;  ഈ ലോകം മുഴുവൻ പെട്ടെന്ന് ശൂന്യമായതുപോലെ!

കൊച്ചി എയർപോർട്ടിൽ എത്തുമ്പോൾ എന്നെ വിളിക്കണമെന്ന് ചേച്ചിയെ ചട്ടം കെട്ടിയിരുന്നു. പിറ്റേന്ന് വെളുപ്പിന് പാതി വെന്ത ഉറക്കവുമായി ചേച്ചിയുടെ വീഡിയോകോളിൽ അമ്മയുടെ ചിരിച്ച മുഖം കണ്ടു.

ജിസി ചേച്ചിയുടെ കയ്യിൽ അപ്പോഴും അമ്മയുടെ ചുളിഞ്ഞ വിരലുകൾ വരിഞ്ഞുമുറുകിയിരുന്നു. അത്രയേറെ ഭാവദീപ്തമായ ഒരു ചിരി അമ്മയുടെ മുഖത്ത് അന്നോളം കണ്ട ഓർമ്മയില്ല. അമ്മയുടെ കവിളിലെയും തോളിലെയും എല്ലുകളെ മൂടാനുള്ള ശ്രമങ്ങൾ വിജയിച്ചില്ലെങ്കിലും ആ മനസ്സിന്റെ ഊഷര ഭൂമിയിലെ വിള്ളലുകളിൽ ആർദ്രതയുടെ നനവിറ്റിക്കാൻ എനിക്ക് കഴിഞ്ഞിരിക്കുന്നു.

സ്‌നേഹത്തിന്റെ, വാത്സല്യത്തിന്റെ, കരുണയുടെ, നന്ദിയുടെ പറയാവചനങ്ങളുടെ മാതൃഭാവം ബഹുവർണ്ണത്തിലുള്ള ഇതളുകളായി ഉതിർന്നുവീണു എന്റെ കാൽച്ചുവടിനെ നനയിക്കുന്നതായി  തോന്നി. ആ തണുപ്പ് പെരുവിരലിൽ നിന്നും ഉയർന്ന് ഉടലാകെ കുളിർത്തപ്പോൾ ഞാൻ മൗനത്തോളം പോന്ന ഒച്ചയിൽ വിളിച്ചു പോയി – അമ്മേ….!

അറുത്തുമാറ്റി അറ്റം കെട്ടിയാലും രക്തം വറ്റി അടർന്നുപോകാത്ത ഈ ബന്ധമാണ് എന്റെ ജീവിതത്തിലെ സ്ത്രീപുണ്യം!

എന്റെ ജീവിതത്തിലെ സ്ത്രീ വായനക്കാരെഴുതിയ കുറിപ്പുകൾ വായിക്കാം

By admin