അമിത വേഗത്തില്‍ പാഞ്ഞുവന്ന ട്രക്ക് ബൈക്കില്‍ കയറിയിറങ്ങി, നവദമ്പതികള്‍ക്ക് ദാരുണാന്ത്യം

 

ലക്ക്നൗ: നവദമ്പതികള്‍ റോഡപകടത്തില്‍ കൊല്ലപ്പെട്ടു. അമിത വേഗത്തില്‍ എത്തിയ ട്രക്ക് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് മുകളിലൂടെ പാഞ്ഞ് കയറുകയായിരുന്നു. ഇരുവര്‍ക്കും സംഭവ സ്ഥലത്ത് വെച്ചുതന്നെ ജീവന്‍ നഷ്ടപ്പെട്ടു. ട്രക്ക് അമിത വേഗത്തിലായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഉത്തര്‍ പ്രദേശിലെ ഹല്‍ദാര്‍പൂരിലാണ് ചൊവ്വാഴ്ച വൈക്കുന്നേരം അഞ്ച് മണിയോടെ ദാരുണമായ സംഭവം നടന്നത്. 

പവന്‍ കുമാര്‍ സിങ് (29) ഭാര്യ റിങ്കി സിങ് എന്നീ നവദമ്പതിമാരാണ് കൊല്ലപ്പെട്ടത്. ഇവരുടെ വിവാഹം കഴിഞ്ഞ് വളരെ കുറച്ച് നാളുകളെ ആയിട്ടുള്ളൂ. വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് അപ്രതീക്ഷിതമായ അപകടം ഉണ്ടായത്. അപകടം നടന്നയുടന്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ ഇരുവരും മരിച്ചിരുന്നു. 
പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇരുവരേയും അടുത്തുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലേക്ക് മാറ്റി. പക്ഷേ ഗുരുതര പരിക്കിനെ തുടര്‍ന്ന് രണ്ടുപേരുടേയും ജീവന്‍ നഷ്ടപ്പെട്ടെന്ന് ഡോക്ടര്‍ പറഞ്ഞതായി ഹല്‍ദാപൂര്‍ എസ്എച്ച്ഒ ജഗ്ദീഷ് വിശ്വകര്‍മ്മ വ്യക്തമാക്കി. തുടര്‍ന്ന് ഇരുവരുടേയും ബന്ധുക്കളെ അറിയിച്ചതിന് ശേഷം മൃതശരീരങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയക്കുകയായിരുന്നു. 

മരിച്ച ദമ്പതിമാരുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ട്രക്ക് ഡ്രൈവര്‍ക്കെതിരെ കേസ് രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ സംഭവം നടന്നയുടന്‍ ഓടി രക്ഷപ്പെട്ട ഇയാളെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. സംഭവത്തിന് ശേഷം പ്രദേശത്തെ ട്രക്ക് ഡ്രൈവര്‍മാര്‍ക്കെതിരെ വലിയ രീതിയില്‍ പ്രതിഷേധം ഉണ്ടായിരുന്നു. ട്രക്ക് ഡ്രൈവര്‍മാരുടെ അമിത വേഗതയും ശ്രദ്ധയില്ലായ്മയും കാരണം ഉണ്ടാകുന്ന റോഡപകടത്തെ പറ്റി നാട്ടുകാര്‍ക്ക് പരാതിയുണ്ടെന്നും പൊലീസ് പറയുന്നു.

Read More: മകന്‍ സ്വത്ത് ആവശ്യപ്പെട്ടു, തരില്ലെന്ന് അച്ഛന്‍; എതിര്‍ത്തതോടെ മകനും മരുമകളും ചേര്‍ന്ന് അച്ഛനെ മര്‍ദിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin