27 കോടി രൂപയുടെ താരം ഇതുവരെ എടുത്തത് 17 റണ്‍സ്; റിഷഭ് പന്ത് മൂന്നാമതും കുഞ്ഞന്‍ സ്കോറില്‍ പുറത്ത്
ലഖ്നൗ: ഐപിഎല്‍ പതിനെട്ടാം സീസണില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ് നായകന്‍ റിഷഭ് പന്ത് ബാറ്റിംഗില്‍ വീണ്ടും പരാജയം. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഫോമിലാവാതെ റിഷഭ് മടങ്ങി. പഞ്ചാബ് കിംഗ്സിനെതിരായ ഇന്നത്തെ മത്സരത്തില്‍ ഗ്ലെന്‍ മാക്സ്‌വെല്ലിന്‍റെ പന്തില്‍ യുസ്‌വേന്ദ്ര ചഹല്‍ പിടിച്ചായിരുന്നു റിഷഭ് പന്തിന്‍റെ മടക്കം. അഞ്ച് പന്തുകള്‍ ക്രീസില്‍ നിന്ന റിഷഭ് 2 റണ്ണേ നേടിയുള്ളൂ. ഈ സീസണിലെ മൂന്ന് മത്സരങ്ങളിലാകെ 17 റണ്‍സേ റിഷഭിനുള്ളൂ.
മെഗാ താരലേലത്തില്‍ 27 കോടി രൂപ മുടക്കിയാണ് ലഖ്നൗ സൂപ്പര്‍ ജയന്‍റ്‌സ് റിഷഭ് പന്തിനെ സ്വന്തമാക്കിയത്. ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ഒരു താരത്തിന് ലേലത്തില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയായിരുന്നു ഇത്. എന്നാല്‍ ഐപിഎല്‍ 2025ലെ ആദ്യ മൂന്ന് കളികളിലും റിഷഭ് പന്ത് ബാറ്റിംഗ് പരാജയമായി. ഡല്‍ഹി ക്യാപ്റ്റല്‍സിനെതിരെ സീസണിലെ ആദ്യ കളിയില്‍ ആറ് പന്തുകള്‍ ക്രീസില്‍ നിന്ന പന്ത് പൂജ്യത്തില്‍ മടങ്ങിയിരുന്നു. അന്ന് സ്പിന്നര്‍ കുല്‍ദീപ് യാദവിനായിരുന്നു വിക്കറ്റ്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ അടുത്ത മത്സരത്തില്‍ രണ്ടക്കം കണ്ടെങ്കിലും വ്യക്തിഗത സ്കോര്‍ 15 പന്തുകളില്‍ 15 റണ്‍സിലൊതുങ്ങി. മീഡിയം പേസര്‍ ഹര്‍ഷല്‍ പട്ടേലാണ് അന്ന് റിഷഭ് പന്തിനെ പുറത്താക്കിയത്. ഇതിന് പിന്നാലെയാണ് മൂന്നാം മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെതിരെയും റിഷഭ് കുഞ്ഞന്‍ സ്കോറില്‍ മടങ്ങിയത്.
ലഖ്നൗ സൂപ്പര്‍ ജയന്‍റ് ഇന്നിംഗ്‌സിലെ അഞ്ചാം ഓവറിലെ അഞ്ചാം പന്തില്‍ പഞ്ചാബ് കിംഗ്സ് സ്പിന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്‌വെല്ലിനെ ഷോര്‍ട് ഫൈന്‍ ലെഗിലൂടെ കളിക്കാനായിരുന്നു റിഷഭ് പന്തിന്‍റെ ശ്രമം. എന്നാല്‍ യുസ്‌വേന്ദ്ര ചാഹലിന്‍റെ അനായാസ ക്യാച്ചില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് നായകന്‍ മടങ്ങി. ഇതോടെ റിഷഭ് പന്തിന് ഐപിഎല്‍ പതിനെട്ടാം സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളും ബാറ്റിംഗ് പരാജയമായി. മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് കിംഗ്സ്, ലഖ്നൗവിനെ ബാറ്റിംഗിനയക്കുകയായിരുന്നു.
Read more: വീണ്ടും നിരാശപ്പെടുത്തി റിഷഭ് പന്ത്! പഞ്ചാബിനെതിരെ ലക്‌നൗവിന് തകര്‍ച്ച, മൂന്ന് വിക്കറ്റ് നഷ്ടം