17 കിലോ സ്വർണം എസ്ബിഐ ശാഖയിൽ നിന്ന് കവർന്ന കേസ്, 5 മാസത്തിന് ശേഷം പ്രതികൾ അറസ്റ്റിൽ, പ്രചോദനം മണി ഹീസ്റ്റ്

ബെം​ഗളൂരു: കർണാടകയിലെ ദാവൺ​ഗരെ ജില്ലയിലെ ന്യാമതി എസ്ബിഐ ശാഖയിൽ നിന്ന് 17 കിലോ സ്വർണം കവർന്ന മോഷ്ടാക്കളെ അഞ്ച് മാസത്തിന് ശേഷം അറസ്റ്റ് ചെയ്തു. മുഖ്യസൂത്രധാരനായ തമിഴ്‌നാട് മധുര സ്വദേശി വിജയ് കുമാർ അടക്കമുള്ള ആറ് പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. വിജയകുമാറിന് പുറമെ അജയ്കുമാർ, അവരുടെ ഭാര്യാ സഹോദരൻ പരമാനന്ദ, മൂന്ന് പ്രദേശ വാസികൾ എന്നിവരാണ് പിടിയിലായത്. വർഷങ്ങളായി ന്യാമതിയിൽ മധുരപലഹാര വ്യാപാരം നടത്തിവരികയായിരുന്നു ഇവർ. 

വായ്പ നിരസിച്ചതിനെ തുടർന്നാണ് വിജയകുമാർ മോഷണം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. 2024 ഒക്ടോബർ 26 ന് രാത്രിയിൽ ബാങ്ക് കൊള്ളയടിച്ച ശേഷം, മധുരയിലെ ഫാംഹൗസിൽ സ്വർണ്ണം കുഴിച്ചിടുകയായിരുന്നു. 17 കിലോ സ്വർണവും പൊലീസ് കണ്ടെടുത്തു. പ്രതികൾ ബാങ്ക് കവർച്ച ഡോക്യുമെന്ററികളും യൂട്യൂബ് വീഡിയോകളും കൂടാതെ ക്രൈം ഡ്രാമയായ ‘ മണി ഹീസ്റ്റ് ‘ 15 തവണ കണ്ടിട്ടുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തി. ബേക്കറി ബിസിനസിനായി വിജയ് മുമ്പ് ബ്രാഞ്ചിൽ 15 ലക്ഷം രൂപയുടെ വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു. എന്നാൽ കുറഞ്ഞ സിബിൽ സ്കോർ കാരണം അദ്ദേഹത്തിന്റെ അപേക്ഷ നിരസിക്കപ്പെട്ടു. തുടർന്ന് നിരാശനായ ഇയാൾ മോഷണം ആസൂത്രണം ചെയ്തുവെന്ന് ദാവൺ​ഗരെ ഐജി രവികാന്തെ ഗൗഡ പറഞ്ഞു. ആറ് മാസത്തെ ആസൂത്രണത്തിന് ശേഷമായിരുന്നു കവർച്ച. പ്രതികൾ ആരും മൊബൈൽ ഫോണുകൾ ഉപയോഗിച്ചിരുന്നില്ലെന്നതും അന്വേഷണത്തെ സങ്കീർണമാക്കി. 

സ്ട്രോങ്ങ് റൂം ലോക്കറുകളിലൊന്ന് ഗ്യാസ് കട്ടർ ഉപയോഗിച്ച് പൊട്ടിച്ച് അകത്ത് കടക്കാൻ വേണ്ടി ജനാലയിൽ നിന്ന് ഇരുമ്പ് ഗ്രിൽ നീക്കം ചെയ്തായിരുന്നു ലോക്കർ തുറന്ന് പണയം വച്ച സ്വർണ്ണം കവർന്നത്. കവർച്ചക്കായി ബാങ്കിന് രണ്ടുദിവസം തുടർച്ചയായി അവധി ലഭിച്ച ദിവസങ്ങളാണ് തെരഞ്ഞെടുത്തത്. ബാങ്കിന്റെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഡിവിആറും മോഷ്ടാക്കൾ കൊണ്ടുപോയി.  ഫോറൻസിക് വിശകലനത്തെ തടസ്സപ്പെടുത്തുന്നതിനായി കുറ്റകൃത്യം നടന്ന സ്ഥലത്ത് മുളകുപൊടി വിതറി. 

By admin