സർവ്വത്ര ട്രംപ്-മസ്ക് വിമർശനം! യുഎസ് സെനറ്റിലെ പ്രസംഗം 18 മണിക്കൂർ പിന്നിട്ടു; ചരിത്രം കുറിക്കുമോ കോറി ബുക്കർ

ന്യൂയോർക്ക്: അമേരിക്കൻ സെനറ്റിൽ പുതുചരിത്രമെഴുതുമോ ന്യൂ ജേഴ്‌സിയിൽ നിന്നുള്ള സെനറ്റർ കോറി ബുക്കർ. ഡോണൾഡ് ട്രംപ് ഭരണകൂടത്തിനെതിരായി അദ്ദേഹം സെനറ്റിൽ പ്രസംഗിക്കാൻ തുടങ്ങിയിട്ട് മുക്കാൽ ദിവസം പിന്നിട്ടിരിക്കുയാണ്. തുടർച്ചയായി പതിനെട്ട് മണിക്കൂറിലധികം നീണ്ട കോറി ബുക്കറിന്‍റെ പ്രസംഗം ഇപ്പോഴും തുടരുകയാണ്. ട്രംപ് ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരെ ആഞ്ഞടിച്ചാണ് യുഎസ് സെനറ്റിൽ ന്യൂ ജേഴ്‌സിയുടെ സെനറ്റർ കോറി ബുക്കർ ചരിത്രത്തിലെ രണ്ടാമത്തെ റെക്കോർഡ് പ്രസംഗം തുടരുന്നത്. തിങ്കളാഴ്ച രാത്രി ഏഴ് മണിക്ക് തുടങ്ങിയ പ്രസംഗം ഇനിയും അവസാനിച്ചിട്ടില്ല.

ഏറ്റവും ദൈർഘ്യമേറിയ വ്യക്തിഗത പ്രസംഗത്തിനുള്ള റെക്കോർഡ് സൗത്ത് കരോലിന സെനറ്റർ സ്ട്രോം തർമണ്ടിന്‍റെ (സ്ട്രോം തേർമണ്ട്) പേരിലാണ്. 1957 ലെ പൗരാവകാശ നിയമത്തിനെതിരെ പ്രതിഷേധിച്ച് തർമണ്ട് 24 മണിക്കൂറും 18 മിനിറ്റും പ്രസംഗിച്ചാണ് ചരിത്രം സൃഷ്ടിച്ചത്.

അതേസമയം പ്രസിഡന്റ് ട്രംപിനെയും ഡോജിന് നേതൃത്വം നൽകുന്ന ശതകോടീശ്വരൻ എലോൺ മസ്‌കിനെയും ലക്ഷ്യം വച്ചുള്ളതാണ് കോറി ബുക്കറുടെ പ്രസംഗം. ട്രംപിന്‍റെ നയങ്ങൾ ‘നിയമവാഴ്ച, ഭരണഘടന, അമേരിക്കൻ ജനതയുടെ ആവശ്യങ്ങൾ എന്നിവയോടുള്ള തികഞ്ഞ അവഗണന’ കാണിക്കുന്നുവെന്നതടക്കമുള്ള വിമർശനങ്ങളാണ് കോറി ബുക്കർ നടത്തിയത്. പ്രസംഗം 24 മണിക്കൂർ പിന്നിട്ട് ചരിത്രം തിരുത്തുമോ എന്നതാണ് ഇനി കണ്ടറിയാനുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin