മധുര: സിപിഎമ്മിൽ നേതൃത്വ പ്രതിസന്ധി ഇല്ലെന്ന് പിബി അംഗം എം എ ബേബി. താൻ നേതൃസ്ഥാനം ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് തന്റെയും പാർട്ടിയുടെയും ശത്രുക്കൾ ആണെന്നും എം എ ബേബി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പാർട്ടി കൂട്ടായ നേതൃത്വത്തിൽ മുന്നോട്ട് പോകും. തുടർച്ച ഉറപ്പാക്കുകയും പുതുനിരയെ നേതൃത്വത്തിലേക്ക് കൊണ്ട് വരികയും ചെയ്യുമെന്ന് എം എ ബേബി കൂട്ടിച്ചേർത്തു.
പാർട്ടി കോൺഗ്രസിന് നാളെ തുടക്കം
എം എ ബേബി സിപിഎം ജനറൽ സെക്രട്ടറി ആകാനുള്ള സാധ്യതയേറുമ്പോൾ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് മധുരയിൽ നാളെ തുടക്കമാകും. മഹാരാഷ്ട്രയിൽ നിന്നുള്ള അശോക് ദാവലെയുടെ പേരും പാർട്ടി പരിഗണനയിലുണ്ട്. പി ബിയിലേക്ക് കേരളത്തിൽ നിന്ന് കൂടുതൽ പേര് വേണ്ട എന്നാണ് തീരുമാനമെങ്കിലും വനിത പ്രാധിനിധ്യം കൂട്ടാൻ തീരുമാനിച്ചാൽ കെ കെ ശൈലജ എത്തിയേക്കും. അതേസമയം സിപിഎമ്മിന് വനിതാ ജനറൽ സെക്രട്ടറി ഉണ്ടാകുമെന്ന പ്രചാരണം തള്ളിയ ബൃന്ദ കാരാട്ട് പൊളിറ്റ് ബ്യൂറോയിൽ നിന്ന് ഒഴിയുമെന്നും വ്യക്തമാക്കി.