സിഗ്നലിൽ ആടിപ്പാടി ഡാൻസ് കളിച്ചത് ഭാര്യ, പൊലീസുകാരനായ ഭർത്താവിന് കിട്ടിയത് ‘എട്ടിന്‍റെ പണി’; സസ്പെൻഷൻ

ചണ്ഡീഗഡ്: സീബ്രാ ക്രോസിംഗിൽ ഭാര്യ നൃത്തം ചെയ്യുന്ന വീഡിയോ വൈറലായതിന് പിന്നാലെ സീനിയർ കോൺസ്റ്റബിളായ ഭർത്താവിന് സസ്പെൻഷൻ. സെക്ടർ 20 ഗുരുദ്വാര ചൗക്കിലെ സീബ്രാ ക്രോസിംഗിൽ ഭാര്യ ജ്യോതി നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് ചണ്ഡീഗഢ് പൊലീസിലെ സീനിയർ കോൺസ്റ്റബിളായ അജയ് കുണ്ടുവിനെയാണ് സസ്‌പെൻഡ് ചെയ്തത്. 

മാർച്ച് 20 ന് വൈകുന്നേരം 4:30 ഓടെയാണ് സംഭവം. ജ്യോതിയുടെ നൃത്തം ഗതാഗത തടസ്സമുണ്ടാക്കുകയും വിവാദത്തിന് കാരണമാവുകയും ചെയ്തു. സെക്ടർ 32 ലെ ക്ഷേത്രം സന്ദർശിച്ച ശേഷം ജ്യോതി, സഹോദരി പൂജയുടെ സഹായത്തോടെയാണ് നൃത്ത വീഡിയോ ചിത്രീകരിച്ചത്. ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നത് ശ്രദ്ധിക്കാതെ ജ്യോതി ഒരു ജനപ്രിയ ഹരിയാൻവി ഗാനത്തിന് നൃത്തം ചെയ്യുന്ന വീഡിയോയാണ് വൈറലായത്.

വീഡിയോ വൈറലായതിന് ശേഷം ഹെഡ് കോൺസ്റ്റബിൾ ജസ്ബീർ ചണ്ഡീഗഢിലെ സെക്ടർ 34 പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സെക്ടർ 20 ലെ ഗുരുദ്വാര ചൗക്കിലും സെക്ടർ 17 ലെ പൊലീസ് സ്റ്റേഷനിലും സ്ഥാപിച്ച ക്യാമറകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ എഎസ്ഐ ബൽജിത് സിംഗ് നേതൃത്വം നൽകുന്ന ഒരു സംഘം അവലോകനം ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഗതാഗതം തടസ്സപ്പെടുത്തുകയും പൊതു സുരക്ഷ അപകടത്തിലാക്കുകയും ചെയ്തതിന് സ്ത്രീകൾക്കെതിരെ ബിഎൻഎസ് 125, 292, 3(5) വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

വീഡിയോ അജയ് കുണ്ടുവിന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നാണ് അപ്‌ലോഡ് ചെയ്തിരുന്നത്. ഇതോടെയാണ് ഉദ്യോഗസ്ഥന് സസ്പെൻഷൻ ലഭിച്ചത്. ജ്യോതിക്കും പൂജയ്ക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. കോൺസ്റ്റബിൾ അജയ് കുണ്ടുവിനെ സസ്‌പെൻഡ് ചെയ്തതിൽ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാകുന്നത്. ഗതാഗത തടസ്സം ഉണ്ടാക്കിയത് ഭാര്യയായതിനാൽ, ഭാര്യയുടെ പ്രവൃത്തികൾക്ക് കോൺസ്റ്റബിൾ ഉത്തരവാദിയാകേണ്ടതില്ലെന്ന് പലരും വാദം ഉയർത്തുന്നുണ്ട്. 

‘എമ്പുരാനി’ൽ ഒടുവിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി; ‘ഇതിൽ എന്ത് വിവാദം, എല്ലാം ബിസിനസ്’

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

By admin