എമ്പുരാൻ സിനിമയ്ക്കെതിരെ വിവാദങ്ങൾ തുടർന്നുകൊണ്ടിരിക്കെ ഗുരുതര ആരോപണങ്ങളുമായി നടൻ വിവേക് ഗോപൻ. ഭാരതത്തിന്റെ ഭരണ യന്ത്രം തിരിക്കുന്നവരെ ഉൾപ്പെടെ തേജോവധം ചെയ്യുകയും ശാന്തമായി നിലനിന്നു പോകുന്ന ഈ രാഷ്ട്രത്തിന്റെ മാനസികാവസ്ഥയെ അസ്ഥിരപ്പെടുത്താനുമാണ് സിനിമയിലൂടെ ചരിത്രം ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാൻ ആകില്ലെന്നാണ് വിവേക് പറയുന്നത്. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു വിവേകിൻ്റെ പ്രതികരണം. ഇന്ത്യൻ പൗരൻ എന്ന നിലയിൽ മോഹൻലാൽ എന്ന വ്യക്തിത്വം പ്രകടിപ്പിച്ച ഖേദപ്രകടനം സത്യത്തിൽ ചെയ്യേണ്ടിയിരുന്നത് പൃഥ്വിരാജ് ആണെന്നും നടൻ പറയുന്നു.
‘‘ആദ്യദിനം തന്നെ ഒരു റിവ്യൂവിന്റെയും പിൻബലം ഇല്ലാതെ ഞാന എമ്പുരാൻ കണ്ടു. സിനിമയെ സിനിമയായി കാണണം, ഇത് ആവിഷ്കാര സ്വാതന്ത്ര്യം ആണ്. ചിത്രത്തിന്റെ ഉള്ളടക്കം നാടെങ്ങും ചർച്ചയാകുമ്പോൾ കേൾക്കുന്ന വാക്യമാണിത്. അതെ സിനിമയെ സിനിമയായി കാണണം. പക്ഷേ, സാങ്കൽപ്പിക കഥകൾ സിനിമയായി വരും പോലെയല്ല ചരിത്ര സംഭവങ്ങൾ എത്തുമ്പോൾ. സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഭഗത് സിങ് പങ്കെടുത്തിട്ടില്ല എന്ന് പറയുന്ന സിനിമ വന്നാൽ സാമാന്യബോധമുള്ള ജനതയ്ക്ക് അത് അംഗീകരിക്കാൻ കഴിയില്ല.
അതുപോലെ ഗോദ്ര ഇല്ലെങ്കിൽ ഗുജറാത്ത് ഇല്ല എന്നതും സത്യമായ കാര്യമാണ്. അല്ലെങ്കിൽ ഗോദ്ര സംഭവവും ഗുജറാത്ത് കലാപവും ഒന്നുപോലെ കാണിക്കാൻ ഈ മതേതര ജനാധിപത്യ ബോധമുള്ളവർ എന്ന് അവകാശപ്പെടുന്നവർ തയാറാകേണ്ടതല്ലേ? ഗോദ്രയെ മറന്ന് ഗുജറാത്ത് മാത്രം കാണിക്കുന്നത് അത് അത്ര നിഷ്കളങ്കമാണെന്ന് പറയാൻ പറ്റില്ല. ചരിത്രം അറിയാത്ത ആളാണ് പൃഥ്വിരാജ് എന്നും പറയാൻ കഴിയില്ല. ഈ സിനിമയിലെ വില്ലൻ കഥാപാത്രത്തിന് ബജ്രംഗി എന്ന പേര് നൽകിയതും യാദൃച്ഛികമായി കാണാൻ പറ്റില്ല.
ജിഹാദ് ടെറർ ഗ്രൂപ്പിൽ നിന്നു പരിശീലനം ലഭിച്ച ഒരാൾ രാജ്യസുരക്ഷയ്ക്ക് കാവലാളാകും എന്ന തരത്തിലുള്ള ഭീകരവാദത്തെ വെള്ളപൂശുന്ന ഭാഗം കൂടി ചിത്രീകരിച്ചിരിക്കുന്നു. ഇതിലൂടെ എന്ത് സന്ദേശമാണ് നൽകുന്നത്? ഈ ചിത്രം സെൻസറിങിന് വിധേയമായപ്പോൾ അതിനെ നീതിപൂർവം സെൻസർ ചെയ്യാതെ അപ്പ്രൂവ് ചെയ്ത സെൻസർ ബോർഡ് ഈ സമൂഹത്തോട് കാട്ടിയത് അനീതിയാണ്. കുറച്ചുകാലം സെൻസർ ബോർഡ് അംഗമായി പ്രവർത്തിച്ച വ്യക്തിയെന്ന നിലയിൽ സെൻസർ ബോർഡിനോടുള്ള പ്രതിഷേധം കൂടിയാണ് ഈ കുറിപ്പെന്നും വിവേക്ക് കൂട്ടിച്ചേർത്തു.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg