വെള്ളം മാത്രം കുടിച്ചുകൊണ്ട് ഒരുമാസം, മാനസികമായും ശാരീരികമായും ആത്മീയമായും തളര്‍ന്നു, ചിത്രങ്ങളുമായി യൂട്യൂബർ

പലതരത്തിലുള്ള ഡയറ്റുകളും ഇന്ന് ആളുകൾ പിന്തുടരാറുണ്ട്. അതിൽ ചിലതെല്ലാം കൃത്യമായ ധാരണയോട് കൂടി ആണെങ്കിൽ മറ്റ് ചിലത് അങ്ങനെയാകണം എന്നില്ല. എന്തായാലും, അതുപോലെ ഒരു യുവാവ് വെള്ളം മാത്രം കുടിച്ചുകൊണ്ടുള്ള തന്റെ ഡയറ്റിനെ കുറിച്ചാണ് ഇപ്പോൾ‌ സോഷ്യൽ മീഡിയയിൽ പറയുന്നത്. 

റമദാൻ വ്രതത്തിനിടെ ഒരു മാസത്തേക്ക് താൻ വെള്ളം മാത്രം ഉപയോഗിച്ചുള്ള ഡയറ്റാണ് പിന്തുടർന്നതെന്നും അത് തന്റെ ശരീരത്തെ മാറ്റി എന്നുമാണ് ഈ യൂട്യൂബർ പറയുന്നത്. നോമ്പുകാലത്ത് വെള്ളം, ഇലക്ട്രോലൈറ്റുകൾ, കട്ടൻ കാപ്പി എന്നിവ മാത്രമാണ് താൻ കഴിച്ചത് എന്നും ഫൗസി ട്യൂബ് എന്നറിയപ്പെടുന്ന യൂസഫ് സാലിഹ് എറകത്ത് പറയുന്നു. 

മാർച്ച് 2 -നാണ് ഇയാൾ തന്റെ ഫോളോവേഴ്സിനോട് താൻ വെള്ളം മാത്രം കുടിക്കാൻ തീരുമാനിച്ചിരിക്കുന്നു എന്നതിനെക്കുറിച്ച് പറഞ്ഞത്. അടുത്ത 30 ദിവസത്തേക്ക്, താൻ ഒരു ക്യാബിനിലായിരിക്കുമെന്നും വെള്ളം മാത്രമേ കഴിക്കൂ എന്നുമാണ് ഇയാൾ പറഞ്ഞത്. സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ താൻ സാധാരണയായി റമദാൻ വ്രതം എടുക്കുമെന്നും ശേഷം നോമ്പ് തുറക്കാൻ വെള്ളം, കട്ടൻ കാപ്പി, ഇലക്ട്രോലൈറ്റുകൾ എന്നിവ മാത്രമേ കഴിക്കൂ എന്നും യൂസഫ് പറഞ്ഞു. 

പിന്നീട് നിരന്തരം തന്റെ ഡയറ്റിനെ കുറിച്ചും ദിവസങ്ങളെ കുറിച്ചും ഉള്ള അപ്ഡേറ്റുകളും യുവാവ് ഫോളോവേഴ്സിന് നൽകുന്നുണ്ടായിരുന്നു. ഒടുവിൽ 30 -ാം ദിവസം യുവാവ് പറഞ്ഞത്, നിങ്ങൾ എവിടെയാണ് ആരംഭിച്ചതെന്ന് തിരിഞ്ഞുനോക്കുമ്പോൾ മാത്രമാണ് നിങ്ങൾ എത്രത്തോളം എത്തിയെന്ന് നിങ്ങൾക്ക് മനസ്സിലാവുക എന്നാണ്. പറയാൻ ഒരുപാട് കാര്യങ്ങളുണ്ട് – പക്ഷേ വാക്കുകൾക്ക് വിവരിക്കാനാവാത്തത്രയും താൻ ശാരീരികമായും മാനസികമായും ആത്മീയമായും തളർന്നിരിക്കുന്നു എന്നും ഇയാൾ പറഞ്ഞു. 

ഒപ്പം തന്റെ നേരത്തെയുള്ളതും ഇപ്പോഴത്തേതുമായ ചിത്രങ്ങളും യുവാവ് പോസ്റ്റ് ചെയ്തു. ഒരു മാസമായപ്പോഴേക്കും ഇയാളുടെ ശരീരഭാരം ഒരുപാട് കുറഞ്ഞതായി കാണാം. എന്നാൽ, അതേസമയം തന്നെ നിരവധിപ്പേരാണ് ഇത്തരം ഡയറ്റിന്റെ അപകടങ്ങളെ കുറിച്ച് കമന്റുകൾ നൽകിയിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin