വാഹന ഉടമകൾക്ക് ഷോക്ക്! ടോൾ ചാർജ്ജ് കൂട്ടി, കൂടുന്നത് ഇത്രയും
ദേശീയപാതാ അതോറിറ്റി രാജ്യവ്യാപകമായി ടോൾ നികുതി വർദ്ധിപ്പിച്ചു. ദേശീയ പാതകളിലും എക്‌സ്പ്രസ് വേകളിലും യാത്ര ചെയ്യുന്നത് ഇന്നുമുതൽ കൂടുതൽ ചെലവേറിയതായി മാറിയിരിക്കുന്നു. എൻഎച്ച്‌എഐ ടോൾ ഫീസ് നാല് മുതൽ അഞ്ച് ശതമാനം വരെയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഏപ്രിൽ 1 മുതൽ ഈ വർധന പ്രാബല്യത്തിൽ വന്നു. രാജ്യത്തുടനീളമുള്ള ദേശീയപാതകളിലെ വാഹനമോടിക്കുന്നവർക്കുള്ള പുതുക്കിയ ടോൾ നിരക്കുകൾ ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതായി റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ ഭേദഗതി കാരണം, ഡൽഹി-മീററ്റ് എക്‌സ്‌പ്രസ്‌വേ, ഈസ്റ്റേൺ പെരിഫറൽ എക്‌സ്‌പ്രസ്‌വേ, ഡൽഹി-ജയ്പൂർ ഹൈവേ തുടങ്ങിയ റൂട്ടുകളിലെ ടോൾ നിരക്കുകൾ ഉയരും.
രാജ്യത്തുടനീളമുള്ള ഹൈവേകളിലും എക്‌സ്പ്രസ് വേകളിലും എൻഎച്ച്‌എഐ ടോൾ നികുതി വർദ്ധിപ്പിച്ചു. മൊത്തവില സൂചിക (WPI) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പമാണ് ഈ മാറ്റത്തിന് കാരണം. എല്ലാ ദേശീയ പാതകൾക്കും എക്‌സ്പ്രസ് വേകൾക്കുമുള്ള പുതിയ ടോൾ നിരക്കുകൾ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കി.
രാജ്യത്ത് ഏകദേശം 855 ടോൾ പ്ലാസകൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. 2008-ലെ നാഷണൽ ഹൈവേ ഫീസ് (നിരക്കുകളും പിരിവും നിർണ്ണയിക്കൽ) നിയമങ്ങൾ പ്രകാരമാണ് ഇവിടെ നികുതി ചുമത്തുന്നത്. ഇതിൽ ഏകദേശം 675 ടോൾ പ്ലാസകൾ സർക്കാർ നിർമ്മിച്ചതാണ്. ബാക്കി 180 ടോൾ പ്ലാസകൾ സ്വകാര്യ കമ്പനികളുടേതാണ്. ഈ കമ്പനികളാണ് ഹൈവേകൾ നിർമ്മിക്കുന്ന ജോലി ചെയ്യുന്നത്.
ടോൾ ഫീസ് പരിഷ്‍കരിക്കുന്നത് ഒരു വാർഷിക പ്രക്രിയയാണ്. മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തിലെ മാറ്റങ്ങളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. എല്ലാ വർഷവും ഏപ്രിൽ 1 മുതൽ ഇത് നടപ്പിലാക്കുന്നു. പണപ്പെരുപ്പത്തിനനുസരിച്ച് ടോൾ നികുതി നിരക്കുകൾ എല്ലാ വർഷവും മാറുന്നു എന്നാണ് ഇതിനർത്ഥം.
ഇന്ത്യയിൽ ദിവസവും ആയിരക്കണക്കിന് ആളുകൾ കാറുകളിലോ മറ്റ് വാഹനങ്ങളിലോ യാത്ര ചെയ്യുന്നു. മെച്ചപ്പെട്ട റോഡ് സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് യാത്രികർ ദേശീയ പാതകളുടെയോ എക്സ്പ്രസ് വേകളുടെയോ സഹായം തേടുന്നു. ദൂരത്തിനനുസരിച്ച് ആണ് നിലവിൽ ആളുകളിൽ നിന്നും ടോൾ നികുതി പിരിക്കുന്നത്. ഈ പണം ഉപയോഗിച്ച് രാജ്യത്തുടനീളം മികച്ച റോഡ് അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു എന്നാണ് അധികൃതർ പറയുന്നത്.