വാഷ്റൂമിൽ പോവാതെ അവരുടെ കാലുകൾ നീര് വന്നു, ഇനിയും മാറ്റങ്ങൾ വരാനുണ്ടെന്ന് മാല  പാർവതി 

ധീര വീര സൂരന്റെ സെറ്റിൽ ജൂനിയർ ആർട്ടിസ്റ്റുകൾ പ്രാഥമിക കാര്യങ്ങൾക്ക് വേണ്ടി ബുദ്ധിമുട്ടിയ കാര്യം ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ മാല പാർവതി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് തുറന്നു പറയുന്നു. 

‘പ്രധാന ലൊക്കേഷനായത് വലിയ വീടായിരുന്നു. ജൂനിയർ ആർട്ടിസ്റ്റുമാരായി വന്നവരെല്ലാം ആ വീട്ടിലെ ബാത്ത്റൂമായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ, ഒരു സമയമായപ്പോൾ അവർ ബാത്റൂം ലോക്ക് ചെയ്തു. മധുരയിൽ നിന്ന് തലേന്ന് തിരിച്ചു പുലർച്ചെ ലൊക്കേഷനിലേക്ക് എത്തിയവരായിരുന്നു. പ്രായമായ സ്ത്രീകളായിരുന്നു. അവർ അങ്ങ് വിഷമിക്കുന്നത് കണ്ടപ്പോഴാണ് ഞാൻ എന്ത് പറ്റിയെന്ന് തിരക്കിയപ്പോഴാണ് അറിയുന്നത് അവർക്ക് വാഷ് റൂമിൽ പോവാനാണെന്ന്. ഉച്ചയ്ക്ക് എങ്ങാനും പോയതായിരുന്നു. കാലൊക്കെ നീരു  വന്ന സ്ഥിതിയിലായിരുന്നു. ഞാൻ എന്റെ കാരവനിലെ വാഷ് റൂം  അവർക്ക് വേണ്ടി അനുവദിച്ചു. ഇതിപ്പോൾ, എനിക്ക് മനസിലായതുകൊണ്ടാണ് അവർക്ക് ഇങ്ങനെയൊരു സൗകര്യം ഒരുക്കി കൊടുക്കാൻ സാധിച്ചത്. അല്ലാതെ അവർ എന്റെ അടുത്ത്  വന്നിട്ട് ഇങ്ങനെയൊരു ബുദ്ധിമുട്ടു ഉണ്ടെന്ന് ഒരിക്കലും പറയില്ല. അതുപോലെ എന്റെ മാത്രം കാരവനായതുകൊണ്ടാണ് എനിക്ക് അവർക്ക് സൗകര്യം ഒരുക്കി കൊടുക്കാൻ കഴിഞ്ഞത്. ഷെയർ കാരവനായിരുന്നേൽ ഒപ്പമുള്ളയാൾക്ക് ഇഷ്ടപ്പെടണമെന്നില്ല. ഇപ്പോഴും പല സിനിമ സെറ്റുകളിലും സാധാരണ മനുഷ്യർക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റി കൊടുക്കുന്നതിൽ ഒരുപാട് മാറ്റങ്ങൾ വരാനുണ്ട്. കാരവൻ തന്നെ വേണമെന്നില്ല, ഞാൻ പുറത്തൊക്കെയുള്ള ഷൂട്ടിലൊക്കെയാണെങ്കിൽ അടുത്തുള്ള വീടുകളിൽ പോയി വാഷ് റൂമുകൾ ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ  അത് എല്ലാവർക്കും കഴിയാറില്ല. മാറ്റങ്ങൾ സംഭവിക്കണം.’ – മാല  പാർവതിയുടെ വാക്കുകൾ. 

ചിത്തയ്ക്ക് ശേഷം എസ് യു അരുൺ സംവിധാനം ചിയാൻ വിക്രം നായകനായ വീര ധീര സൂരനാണ് മാല പാർവതിയുടേതായി റിലീസിനെത്തിയ ചിത്രം. മാല  പാർവതിയെ കൂടാതെ മലയാളത്തിൽ നിന്ന് സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുന്നുണ്ട്. 

 

By admin