വഖഫ് നിയമ ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍, എതിർക്കുമെന്ന് പ്രതിപക്ഷം, മനസ്സുതുറക്കാതെ ജെഡിയു, ടിഡിപി
ദില്ലി: വഖഫ് നിയമ ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. നാളെ ഉച്ചയ്ക്ക് 12 മണിക്കാണ് ബിൽ അവതരിപ്പിക്കുക. പിന്നാലെ എട്ട് മണിക്കൂർ ചർച്ച നടക്കും. അതേസമയം, കാര്യോപദേശക സമിതി യോഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. എല്ലാ എം.പിമാർക്കും വിപ്പ് നൽകുമെന്ന് ഭരണപക്ഷം അറിയിച്ചു. മധുരയിൽ പാർട്ടി കോൺഗ്രസ് നടക്കുന്നതിനാവൽ വഖഫ് ബിൽ ചർച്ചയിൽ സിപിഎം എംപിമാർ പങ്കെടുക്കില്ല.
ജെപിസിയിലൂടെ കടന്ന് ഭരണപക്ഷ എംപിമാരുടെ നിര്‍ദ്ദേശങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയ വഖഫ് നിയമഭേദഗതി ബില്ലാണ് പാര്‍ലമെന്‍റിലേക്ക് എത്തുന്നത്. ചര്‍ച്ചക്ക് ശേഷം ബിൽ പാസാക്കും. പ്രതിപക്ഷം എതിർത്താലും ബിൽ പാസാക്കാനുള്ള അംഗസംഖ്യയുള്ളതിനാല്‍ സര്‍ക്കാരിന് ആശങ്കയില്ല. ബിൽ ന്യൂനപക്ഷ വിരുദ്ധമാണെന്ന പ്രചാരണം കേന്ദ്രം തള്ളി. കെസിബിസിയും സിബിസിഐയുമൊക്കെ ബില്ലിനെ പിന്തുണച്ച് രംഗത്തെത്തിയത് കേന്ദ്രത്തിന് ആശ്വാസം നൽകുന്നതാണ്. അതേസമയം, എന്‍ഡിഎയിലെ പ്രധാന ഘടകക്ഷികളായ ജെഡിയുവും,ടിഡിപിയും രസ്യമായി നിലപാടറിയിച്ചിട്ടില്ല. ബില്ല് പാര്‍ലമെന്‍റിലെത്തുമ്പോള്‍ നിലപാട് വ്യക്തമാക്കുമെന്നാണ് ജെഡിയു നേതൃത്വം പറയുന്നത്.
വഖഫ് ബില്ലിനെ എതിര്‍ക്കുക തന്നെ ചെയ്യുമെന്നാണ് അര്‍ത്ഥശങ്കയിടയില്ലാത്ത വിധം കോണ്‍ഗ്രസിന്‍റെ വടക്കേ ഇന്ത്യയിലെ എംപിമാര്‍ വ്യക്തമാക്കുന്നത്. പ്രതിപക്ഷ നിര്‍ദ്ദേശങ്ങള്‍ പാടെ തള്ളിയാണ് ജെപിസി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ബില്ലിനനകൂലമായി വോട്ട് ചെയ്യണമെന്ന സിബിസി ആവശ്യത്തോടെ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ പരസ്യമായി പ്രതികരിച്ചിട്ടില്ല. കൂടിയാലോചനകള്‍ക്ക് ശേഷം മാത്രം ഇനി പ്രതികരണമെന്നാണ് ലീഗ് എംപിമാരുടെയും നിലപാട്.
വഖഫ് സ്വത്തിൽ അവകാശം ഉന്നയിക്കാൻ രേഖ നിർബന്ധമാക്കുമെന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. സ്ത്രീകളെയും അമുസ്ലീമുകളെയും ബോർഡിൽ ഉൾപ്പെടുത്താനും ബില്ല് നിർദേശിക്കുന്നു. ട്രൈബ്യൂണൽ വിധിയിൽ ആക്ഷേപമുള്ളവർക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും ബില്ല് നിഷ്കർഷിക്കുന്നു.
5 വർഷം ഇസ്ലാം മതം പിന്തുടർന്നവർക്കേ വഖഫ് നൽകാനാവൂ എന്ന വ്യവസ്ഥയും ബില്ലിലുണ്ട്. വഖഫ് ബൈ യൂസർ വ്യവസ്ഥക്ക് പകരം, വഖഫ് ഡീഡ് എന്ന വ്യവസ്ഥ നിർബന്ധമാക്കി. വഖഫ് സംബന്ധിച്ച ട്രൈബ്യൂണൽ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാമെന്നും സംസ്ഥാന സർക്കാർ നിയോഗിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥൻ തർക്കങ്ങളിൽ തീർപ്പ് കൽപ്പിക്കുമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ജില്ലാ കളക്ടർ എന്ന വ്യവസ്ഥ എടുത്ത് മാറ്റി. വഖഫ് പട്ടിക വിജ്ഞാപനം ചെയ്താൽ 90 ദിവസത്തിനകം വഖഫ് പോർട്ടലിലും, ഡാറ്റാബേസിലും അപ്ലോഡ് ചെയ്യണം. രജിസ്റ്റർ ചെയ്യാത്ത വഖഫ് സ്വത്തുക്കൾ സർക്കാരിനേറ്റെടുക്കാമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്.