സമീപകാല മലയാള സിനിമയില്‍ എമ്പുരാനോളം പ്രീ റിലീസ് ഹൈപ്പ് ലഭിച്ച മറ്റൊരു ചിത്രമില്ല. വന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗം എന്നതായിരുന്നു ഈ ഹൈപ്പിന് പ്രധാന കാരണം. മലയാളത്തില്‍ ഇതുവരെ ഇറങ്ങിയവയില്‍ ഏറ്റവും വലിയ ബജറ്റിലും കാന്‍വാസിലും എത്തുന്ന ചിത്രമെന്നതും ഈ പ്രേക്ഷക പ്രതീക്ഷയ്ക്ക് കാരണമായിരുന്നു. ട്രിലജി ആയെത്തുന്ന ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗത്തിന്‍റെ പേര് എന്തായിരിക്കും എന്ന ആകാംക്ഷയിലായിരുന്നു എമ്പുരാന്‍ റിലീസിന് മുന്‍പ് ആരാധകര്‍. ഇപ്പോഴിതാ അവര്‍ ഉദ്ദേശിച്ച പേര് തന്നെയാണോ മൂന്നാം ഭാഗത്തിന് വരുന്നത് എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ ദീപക് ദേവ്.
ലൂസിഫറിന്‍റെ എന്‍ഡ് ക്രെഡിറ്റ്സിനൊപ്പം വരുന്ന, ഉഷ ഉതുപ്പ് പാടിയ പാട്ടിലാണ് രണ്ടാം ഭാഗമായ എമ്പുരാന്‍റെ പേര് അണിയറക്കാര്‍ ആദ്യമായി വെളിപ്പെടുത്തിയത്. അതുപോലെ എമ്പുരാന്‍റെ അവസാനവും ഉഷ ഉതുപ്പ് ആലപിച്ച ഗാനമുണ്ട്. അതില്‍ ഒരു വാക്കും പ്രാധാന്യത്തോടെ കടന്നുവരുന്നുണ്ട്. അസ്രയേല്‍ എന്നതാണ് അത്. മൂന്നാം ഭാഗത്തിന്‍റെ പേരായി സിനിമാപ്രേമികള്‍ മനസിലാക്കിയിരിക്കുന്നതും അതാണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒരു അണിയറ പ്രവര്‍ത്തകനില്‍ നിന്നും ആദ്യമായി അതിന് കണ്‍ഫര്‍മേഷന്‍ ലഭിച്ചിരിക്കുകയാണ്.
ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ദീപക് ദേവിന് നേരെ ഈ ചോദ്യം എത്തിയത്. അസ്രയേല്‍ എന്നാണോ മൂന്നാം ഭാഗത്തിന്‍റെ പേര് എന്ന ചോദ്യത്തിന് ദീപക് ദേവിന്‍റെ മറുപടി ഇങ്ങനെ- “അങ്ങനെയാണ് പ്രതീക്ഷ. അതെ. ഈ ഫ്രാഞ്ചൈസിന്‍റെ ഭാഗമായി വന്നു വീണ ചില തുടര്‍ച്ചകളാണ് അത്. ലൂസിഫര്‍ ചെയ്യുമ്പോള്‍ അങ്ങനെയൊന്നും വിചാരിച്ചിരുന്നില്ല. ലൂസിഫര്‍ ചെയ്യുമ്പോള്‍ പൃഥ്വി പറഞ്ഞത് വളരെ ആധികാരികതയുള്ള ഒരു ശബ്ദം വേണമെന്നായിരുന്നു. ആ ശബ്ദത്തില്‍ ഒരു കാര്യം പറഞ്ഞാല്‍ കേള്‍ക്കെടാ എന്നൊരു സംഭവം ഉണ്ടാവണം. അവരുടെ ശബ്ദത്തില്‍ എമ്പുരാനേ എന്ന് വിളിച്ചുകഴിഞ്ഞാല്‍ എന്താണ് എമ്പുരാന്‍ എന്ന് എല്ലാവരും ചോദിക്കണം. അത് ഞാനും ചോദിച്ചു. അപ്പോഴാണ് പൃഥ്വി പറഞ്ഞത് അത് അടുത്ത പടത്തിന്‍റെ പേരാണെന്ന്. ഇത്തവണയും പൃഥ്വി ചോദിച്ചു അടുത്ത പടത്തിന്‍റെ പേര് ദീദിയെക്കൊണ്ട് തന്നെ അനൗണ്‍സ് ചെയ്യിപ്പിക്കട്ടെ എന്ന്. അതും ഒരു പ്രഖ്യാപനമായി മാറി”, ദീപക് ദേവ് പറഞ്ഞവസാനിപ്പിക്കുന്നു.
ALSO READ : ശ്രദ്ധേയ കഥാപാത്രമായി ഹരീഷ് പേരടി; ‘സമരസ’ പൂർത്തിയായി