റീ എഡിറ്റഡ് ‘എമ്പുരാൻ’ എത്തി; ലൈസന്‍സ് ലഭിച്ചാല്‍ നാളെ രാവിലെ മുതല്‍ പ്രദര്‍ശനം

മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍റെ റീ എഡിറ്റഡ് പതിപ്പ് തിയറ്ററുകളില്‍ എത്തി. പുതുക്കിയ പതിപ്പിന്‍റെ ഡൗണ്‍ലോഡിംഗ് ആരംഭിച്ചു. ലൈസന്‍സ് ലഭിച്ചാല്‍ നാളെ രാവിലെ മുതല്‍ ഈ പതിപ്പിന്‍റെ പ്രദര്‍ശനം ആരംഭിക്കും. ഡൗൺലോഡിംഗ് പ്രശനം നേരിടുന്ന തിയറ്ററുകളിൽ സിനിമ നേരിട്ട് എത്തിക്കുന്നുമുണ്ട് അണിയറക്കാര്‍. 

റിലീസ് ദിനം മുതല്‍ അസാധാരണ കാര്യങ്ങള്‍ക്കാണ് മലയാളത്തിലെ ഏറ്റവും വലിയ ചിത്രം സാക്ഷ്യം വഹിക്കുന്നത്. സമീപകാല മലയാള സിനിമയില്‍ ഏറ്റവും വലിയ ബജറ്റിലും കാന്‍വാസിലും എത്തിയ ചിത്രത്തിന് വമ്പന്‍ പ്രീ റിലീസ് ഹൈപ്പും ലഭിച്ചിരുന്നു. അഡ്വാന്‍സ് ബുക്കിംഗിലൂടെത്തന്നെ റെക്കോര്‍ഡ് ഇട്ട ചിത്രത്തിന് ആദ്യ പ്രദര്‍ശനങ്ങള്‍ക്ക് ശേഷം സമ്മിശ്ര പ്രതികരണങ്ങളാണ് ഭൂരിഭാഗം പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. എന്നാല്‍ കളക്ഷനില്‍ ചിത്രം മുന്നേറാന്‍ തുടങ്ങി. സംഘപരിവാര്‍ അനുകൂല ഹാന്‍ഡിലുകളില്‍ ചിത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ പിന്നാലെ എത്തി. സംഘപരിവാര്‍ നേതാക്കളും ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസറുമൊക്കെ ചിത്രത്തിനെതിരെ രംഗത്തെത്തി. വിമര്‍ശനം രൂക്ഷമായതിന് പിന്നാലെ നിര്‍മ്മാതാക്കള്‍ ചിത്രം റീ സെന്‍സര്‍ ചെയ്യാന്‍ സ്വമേധയാ തീരുമാനിക്കുകയായിരുന്നു.

24 കട്ടുകളാണ് ചിത്രത്തില്‍ പുതുതായി വരുത്തിയിരിക്കുന്നത്. എന്നാല്‍ ദൈര്‍ഘ്യം കുറയുന്നത് വെറും 2 മിനിറ്റ് 8 സെക്കന്‍ഡ് മാത്രം ആയിരിക്കും. അതേസമയം മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കളക്ഷനാണ് എമ്പുരാന്‍ ഇതിനകം സ്വന്തമാക്കിയിരിക്കുന്നത്. മലയാളത്തിലെ രണ്ടാമത്തെ 200 കോടി ക്ലബ്ബ് ചിത്രവുമാണ് ഇത്. വന്‍ വിജയം നേടിയ, പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായിരുന്ന ലൂസിഫറിന്‍റെ സീക്വല്‍ ആണ് എമ്പുരാന്‍. ചിത്രത്തിന്‍റെ മൂന്നാം ഭാഗം എന്തായാലും പുറത്തെത്തുമെന്ന് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞിരുന്നു.

ALSO READ : ശ്രദ്ധേയ കഥാപാത്രമായി ഹരീഷ് പേരടി; ‘സമരസ’ പൂർത്തിയായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin