യുഎസ്സിലെ വൻശമ്പളമുള്ള ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വരുന്നു, തീരുമാനം തെറ്റാണോ? ചോദ്യവുമായി യുവാവ്
ആളുകൾ ജോലിയെ കുറിച്ചും രാജ്യം മാറുന്നതിനെ കുറിച്ചും ഒക്കെയുള്ള തങ്ങളുടെ ആശങ്കകൾ പങ്കുവയ്ക്കുന്ന പ്രധാനപ്പെട്ട സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമാണ് റെഡ്ഡിറ്റ്. നിരവധിപ്പേരാണ് ഇവിടെ ആശങ്കകൾ പങ്കുവയ്ക്കുന്നതും സംശയം ചോദിക്കുന്നതും. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.
39 -കാരനായ യുവാവ് പറയുന്നത് വലിയ ശമ്പളം കിട്ടുന്ന യുഎസ്സിലെ തന്റെ ജോലി ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് തിരികെ വരുന്നതിനെ കുറിച്ച് ആലോചിക്കുകയാണ് താൻ എന്നാണ്. 13 വർഷമായി താൻ യുഎസിൽ താമസിക്കുന്നുണ്ട് എന്നും വിദേശിയായ യുവതിയെയാണ് വിവാഹം കഴിച്ചതെന്നും മൂന്ന് കുട്ടികളുടെ പിതാവാണെന്നും ഇയാളുടെ പോസ്റ്റിൽ പറയുന്നു. ഇന്ത്യയിൽ ചെറിയ വരുമാനം കൊണ്ട് തന്നെ നന്നായി ജീവിക്കാനാകുമെന്ന തോന്നലിലാണ് യുഎസ്സിൽ നിന്നും ഇന്ത്യയിലേക്ക് തിരികെ വരുന്നതിനെ കുറിച്ച് ഇയാൾ ആലോചിക്കുന്നത്.
ബെംഗളൂരുവിൽ ഒരു സെമി റിട്ടയേർഡ് ജീവിതമാണ് ഇയാൾ ആഗ്രഹിക്കുന്നത്. പൂനെയും ഹൈദ്രാബാദും തന്റെ പരിഗണനയിലുണ്ട് എന്നും ഇയാൾ പറയുന്നു. താൻ ഒരുപാട് ജോലി ചെയ്തുവെന്നും ജീവിതം ഇനി ഒന്ന് പതുക്കെ ജീവിക്കണമെന്നുമാണ് ഇയാൾ പോസ്റ്റിൽ പറയുന്നത്. അടുത്ത കുറച്ച് വർഷങ്ങൾ കുട്ടികളെ കാര്യമായി ശ്രദ്ധിക്കണമെന്ന് കരുതുന്നുവെന്നും പോസ്റ്റിൽ പറയുന്നു.
തനിക്ക് ചില സൈഡ് ജോലികളൊക്കെ ഉണ്ടെന്നും ഇന്ത്യയിൽ ജീവിക്കാൻ അതിൽ നിന്നുള്ള വരുമാനം മതി എന്നുമാണ് ഇദ്ദേഹത്തിന്റെ വിശ്വാസം. യുഎസ്സിലെ വലിയ ശമ്പളം കിട്ടുന്ന ജോലി ഉപേക്ഷിക്കുന്നതിൽ വിഷമം ഉണ്ട്. പക്ഷേ, താൻ വളരെ വേഗത്തിൽ ക്ഷീണിതനായിക്കൊണ്ടിരിക്കുകയാണ്. അതിനാലാണ് ആ ജോലിയും ജീവിതവും ഉപേക്ഷിക്കാൻ തീരുമാനിച്ചത് എന്നും പോസ്റ്റിൽ പറയുന്നു.
അതേസമയം, തന്റെ ഭാര്യ വെളുത്ത വർഗക്കാരിയാണ്. കുട്ടികളും വെളുത്തിട്ടാണ്. അവരെ ഈ സമൂഹത്തിന് ഉൾക്കൊള്ളാൻ പ്രയാസം തോന്നുമോ തുടങ്ങിയ ആശങ്കകളും യുവാവിനുണ്ട്. ഉപദേശം തേടിയാണ് യുവാവ് പോസ്റ്റിട്ടിരിക്കുന്നത്.
Relocating to India from US after 13 yrs
byu/Majestic-Landscape61 inindia
നിരവധിപ്പേർ പോസ്റ്റിന് കമന്റുകൾ നൽകിയിട്ടുണ്ട്. മിക്കവരും പറഞ്ഞത് ഒന്നുകൂടി ആലോചിച്ചിട്ട് തീരുമാനം എടുത്താൽ മതി എന്നാണ്. ഇന്ത്യയിലെ അടിസ്ഥാനസൗകര്യങ്ങളും മറ്റും ഭാര്യയ്ക്കും കുട്ടികൾക്കും ചിലപ്പോൾ അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നതാകണം എന്നില്ല എന്നും പലരും അഭിപ്രായപ്പെട്ടു.