യുഎഇയിൽ പ്രവാസികൾക്ക് വധശിക്ഷ, വിധി ഇസ്രായേൽ പൗരനെ കൊലപ്പെടുത്തിയ സംഭവത്തിൽ

അബുദാബി: മോൾഡോവൻ – ഇസ്രായേൽ പൗരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്ക് വധശിക്ഷ. ഫെഡറൽ കോടതിയുടേതാണ് വിധി. പ്രതിപ്പട്ടികയിലെ ആദ്യ മൂന്നു പേർക്കാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. നാലാം പ്രതിക്ക് ജീവപര്യന്തം തടവിനും വിധിച്ചിട്ടുണ്ട്. തടവ് കഴിഞ്ഞാൽ ഇയാളെ നാടുകടത്താനും ഉത്തരവിലുണ്ട്. കൊലപാതകത്തിലെ തീവ്രവാദ സ്വഭാവം കണക്കിലെടുത്താണ് കോടതി ഏകകണ്ഠമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.  

പ്രതികൾ ഉസ്ബൈക് പൗരന്മാരാണ്. കഴിഞ്ഞ വർഷം നവംബർ 21നാണ് ഇസ്രായേൽ പൗരനായ സ്വി കോ​ഗനെ തട്ടിക്കൊണ്ടുപോയത്. പരമ്പരാ​ഗത ജൂത വിഭാഹത്തിന്റെ പ്രതിനിധിയായിരുന്നു സ്വി കോ​ഗൻ. 28കാരനായ ഇയാൾ അബുദാബിയിൽ ഭാര്യയോടൊപ്പമായിരുന്നു താമസം. ഇയാളെ കാണാനില്ല എന്ന കുടുംബത്തിന്റെ പരാതിയെ തുടർന്ന് അന്വേഷണം നടത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. പരാതി ലഭിച്ച അതേ ദിവസം തന്നെ പ്രതികളെ കണ്ടെത്തി. കൊലപാതകം നടത്തിയ ശേഷം പ്രതികൾ തുർക്കിയിലേക്ക് കടന്നു കളഞ്ഞിരുന്നു. ഒടുവിൽ തുർക്കിഷ് പോലീസിന്റെ സഹായത്തോടെ നടത്തിയ രഹസ്യാന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്.   

അറ്റോർണി ജനറൽ ഡോ.ഹമദ് സെയ്ഫ് അൽ ഷംസിയുടെ നിർദേശ പ്രകാരം അതിവേ​ഗ കോടതിയാണ് കേസ് കേട്ടത്. സ്വി കോ​ഗനെ പിന്തുടർന്ന് തട്ടിക്കൊണ്ടു പോവുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നെന്ന് പ്രതികൾ സമ്മതിച്ചു. കൂടാതെ, ഫോറൻസിക്, പോസ്റ്റുമോർട്ടം റിപ്പോർട്ട്, കൊലപാതകത്തിന് ഉപയോ​ഗിച്ച ഉപകരണങ്ങൾ, ദൃക്സാക്ഷികളുടെ മൊഴി എന്നിവയുടെയും അടിസ്ഥാനത്തിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. സ്വി കോ​ഗന്റെ തിരോധാനം ഇസ്രായേൽ പ്രധാന മന്ത്രിയുടെ ഓഫീസ് ആണ് ആദ്യം അറിയിച്ചത്. ശേഷം രാജ്യത്തെ പൗരന്മാർക്കോ താമസക്കാർക്കോ സന്ദർശകർക്കോ ലഭിക്കേണ്ട സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും വരുത്തില്ലെന്ന് യുഎഇ ഊന്നിപ്പറ‍ഞ്ഞു. തീവ്രവാദത്തോട് ഒരു തരത്തിലും രാജ്യം സന്ധി ചെയ്യില്ല എന്നതിന്റെ തെളിവാണ് ഇത്തരമൊരു കോടതിവിധിയെന്ന് അറ്റോർണി ജനറൽ അറിയിച്ചു. 

read more: സൗദിയിൽ നിന്ന് ഹജ്ജ് തീർഥാടനം: ‘നുസ്ക് ’വഴി ഹജ്ജ് പാക്കേജുകൾ പ്രഖ്യാപിച്ചു

By admin