മൊണാലിസയ്ക്ക് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത സംവിധായകൻ പീഡനക്കേസിൽ അറസ്റ്റിൽ
ദില്ലി: 28 കാരിയെ പീഡിപ്പിക്കുകയും ഗർഭഛിദ്രം നടത്തുകയും ചെയ്തുവെന്ന ആരോപണത്തിൽ സംവിധായകൻ സനോജ് മിശ്ര അറസ്റ്റിൽ. ദില്ലി പൊലീസാണ് സംവിധായകനെ ഞായറാഴ്ച അറസ്റ്റ് ചെയ്തത്. മഹാകുംഭമേളയ്ക്കിടെ വൈറലായ മൊണാലിസയ്ക്ക് സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം നൽകിയ സംവിധായകനാണ് പീഡനക്കേസിൽ അറസ്റ്റിലായിരിക്കുന്നത്.
മാർച്ച് 6നാണ് മധ്യ ദില്ലിയിലെ നബി കരീം പൊലീസ് സ്റ്റേഷനിലാണ് 28കാരി സംവിധായകനെതിരെ പരാതി ഫയൽ ചെയ്തത്. പീഡനം, നിർബന്ധിച്ച് ഗർഭഛിദ്രം ചെയ്യിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ആരോപണങ്ങളാണ് 45കാരനായ സംവിധായകനെതിരെയുള്ളത്. കഴിഞ്ഞ നാല് വർഷമായി സംവിധായകനുമായി ലിവിംഗ് ഇൻ ബന്ധത്തിലായിരുന്നെന്നും മൂന്ന് തവണ നിർബന്ധിച്ച് ഗർഭഛിദ്രത്തിന് വിധേയയാക്കിയെന്നുമാണ് പരാതിക്കാരി ആരോപിച്ചിട്ടുള്ളത്.
ഫെബ്രുവരി 18ന് വിവാഹ വാഗ്ദാനം നൽകിയ ശേഷം ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നും പരാതിക്കാരി ആരോപിക്കുന്നു. പിന്നീട് വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്തിരിഞ്ഞതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. മുസാഫർനഗറിൽ എത്തിച്ചാണ് യുവതിയെ ഗർഭഛിദ്രത്തിന് വിധേയമാക്കിയതിന്റെ രേഖകളടക്കമാണ് പരാതി. കേസിൽ സംവിധായകന്റെ മുൻകൂർ ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി തള്ളിയിരുന്നു. വിവാഹിതനായ സംവിധായകന്റെ കുടുംബം മുംബൈയിലാണ് താമസമെന്നും പൊലീസ് വിശദമാക്കുന്നത്.