മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത എമ്പുരാന്‍ ആണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലുമൊക്കെ സജീവ ചര്‍ച്ച. ആദ്യം ചിത്രത്തിന്‍റെ പ്രീ റിലീസ് ഹൈപ്പും പിന്നീട് കളക്ഷനും അതിന് പിന്നാലെ ഉള്ളടക്കത്തിനെതിരായ സംഘപരിവാര്‍ വിമര്‍ശനവും ചിത്രത്തെ വാര്‍ത്താ പ്രാധാന്യത്തോടെ നിര്‍ത്തി. ഒടുവില്‍ നിര്‍മ്മാതാക്കള്‍ സ്വമേധയാ റീ എഡിറ്റിംഗിന് സന്നദ്ധരാവുകയും ചെയ്തു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് വേറിട്ട ഒരു അഭിപ്രായ പ്രകടനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുതിര്‍ന്ന ഛായാഗ്രാഹകന്‍ സണ്ണി ജോസഫ്. ചിത്രം അന്തര്‍ദേശീയ നിലവാരം പുലര്‍ത്തുമ്പോള്‍ത്തന്നെ അത് പ്രൊമോട്ട് ചെയ്യുന്നത് വെറുപ്പിനെയാണെന്ന് സണ്ണി ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.
“ഇനിയൊരിക്കലും മലയാള സിനിമ ഞാന്‍ ഫോട്ടോഗ്രാഫ് ചെയ്തില്ലെങ്കിലും ഞാന്‍ സത്യം പറയും. സിനിമയുടെ മികവ് അനിഷേധ്യമായും പൃഥ്വിക്കും സുജിത്തിനും അവകാശപ്പെട്ടത്. മോഹന്‍ലാല്‍ എന്ന നടന്‍ ഇല്ലെങ്കില്‍ സിനിമ പതറും. സത്യം എന്തെന്നാല്‍ ഈ ചിത്രം പ്രചരിപ്പിക്കുന്നത് വെറുപ്പിനെയാണ്. അതിനോട് ഞാന്‍ വിയോജിക്കുന്നു. ഈ അഭിപ്രായത്തില്‍ ഞാന്‍ ഏകനായിരിക്കും”, സണ്ണി ജോസഫ് കുറിച്ചു. കമന്‍റ് ബോക്സില്‍ ഈ അഭിപ്രായത്തെ സണ്ണി ജോസഫ് ഇങ്ങനെ വിശദീകരിക്കുന്നു- “അന്തര്‍ദേശീയ നിലവാരത്തിലുള്ള ഒരു ചിത്രം നിര്‍മ്മിച്ചതിന് പൃഥ്വിയെയും സുജിത്തിനെയും മറ്റുള്ളവരെയും ഞാന്‍ അഭിനന്ദിക്കുന്നു. പക്ഷേ ഒരു ചിത്രം അതിന്‍റെ അണിയറക്കാരുടെ ബോധ്യത്തിനപ്പുറം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന കാര്യം എനിക്ക് നിങ്ങളുടെ ശ്രദ്ധയില്‍ പെടുന്നണമെന്ന് തോന്നി”, സണ്ണി ജോസഫ് കുറിച്ചു.
അതേസമയം ചിത്രം ബോക്സ് ഓഫീസില്‍ വലിയ കളക്ഷനാണ് നേടുന്നത്. ആദ്യ അഞ്ച് ദിവസം കൊണ്ട് 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു എമ്പുരാന്‍. മലയാളത്തിലെ രണ്ടാമത്തെ 200 കോടി ക്ലബ്ബ് ചിത്രമാണ് എമ്പുരാന്‍.
ALSO READ : ശ്രദ്ധേയ കഥാപാത്രമായി ഹരീഷ് പേരടി; ‘സമരസ’ പൂർത്തിയായി